ഇരിട്ടി നഗരത്തിലെ ട്രിപ്പിൾ ലോക്ക് ഡൗൺ: വിവാദമായപ്പോൾ വിശദീകരണവുമായി നഗരസഭാ ചെയർമാൻ
ഇരിട്ടി: ഇരിട്ടി നഗര പ്രദേശം വീണ്ടും ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചതിൽ വിവിധ കോണുകളിൽ പ്രതിഷേധമുയരവേ വിശദീകരണവുമായി ഇരിട്ടി നഗരസഭാ ചെയർമാൻ രംഗത്തെത്തി. ഇരിട്ടിയിൽ കൊവിഡ് വൈറസ് രോഗ സമൂഹ വ്യാപനമുണ്ടായെന്ന രീതിയിൽ ചിലർ ചിത്രീകരിക്കുന്നത് വാസ്തവ വിരുദ്ധമാണെന്നും ഗൾഫിൽ നിന്നുമെത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുൻകരുതൽ മാത്രമാണ് വീണ്ടും ലോക് ഡൗൺ നടപ്പാക്കുക വഴി സ്വീകരിച്ചതെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും നഗരസഭാ ചെയർമാൻ പി.പി അശോകൻ അറിയിച്ചു.
എന്നാൽ ഇരിട്ടിയില്‍ കോവിഡ് സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടെങ്കില്‍ അതേക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കയകറ്റാൻ അധികൃതർ തയാറാകണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് തോമസ് വര്‍ഗീസ് ആവശ്യപ്പെട്ടു. ''അല്ലാതെ അപ്രതീക്ഷിതമായി ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച് ബസ്സ്റ്റാൻഡും വ്യാപാരസ്ഥാപനങ്ങളും അടച്ചിടുകയല്ല വേണ്ടത്. അയ്യന്‍കുന്ന് പഞ്ചായത്തിലെ എടപ്പുഴയിലും ഇത്തരത്തില്‍ കോവിഡ് രോഗത്തിന്റെ പേരിൽ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച് നാലു വാർഡുകളിലെ ജനത്തെ ദുരിതത്തിലാക്കി''.
''ഒടുവില്‍ രോഗമുണ്ടെന്നു പറഞ്ഞ ആദിവാസി സ്ത്രീക്ക് രോഗമില്ലെന്നു മാത്രമല്ല ലാബ് റിപ്പോര്‍ട്ടിലെ പിഴവാണ് ഇത്തരത്തില്‍ സംഭവിക്കാനിടയായതെന്ന ആരോപണവുമുണ്ടായി. രോഗി ആശുപത്രി വിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും അയ്യന്‍കുന്ന് പഞ്ചായത്ത് ഹോട്ട് സ്പോട്ടില്‍നിന്ന് വിമുക്തമാക്കാന്‍ നടപടിയുണ്ടായിട്ടില്ല. ഇത്തരം തലതിരിഞ്ഞ നടപടി കാരണം ജനം കടുത്ത ദുരിതത്തിലാണ്. പയഞ്ചേരിമുക്കില്‍ വിദേശത്തുനിന്നെത്തിയയാൾക്ക് ഒരാഴ്ച മുൻപാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ സുരക്ഷാ ക്രമീകരണങ്ങളൊരുക്കുന്നതിനായി കഴിഞ്ഞ ദിവസം ഇരിട്ടി ടൗൺ ഹോട്ട് സ്പോട്ടാക്കിയത് എന്തിനെന്ന് അധികൃതര്‍ വിശദീകരിക്കണം'' എന്നും തോമസ് വർഗീസ് ആവശ്യപ്പെട്ടു.

ഉളിക്കല്‍, കൂട്ടുപുഴ, കീഴ്പള്ളി, കരിക്കോട്ടക്കരി, പേരാവൂര്‍ മേഖലയിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തി ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നും തോമസ് വര്‍ഗീസ് ആവശ്യപ്പെട്ടു. ഇരിട്ടി നഗരം ഉള്‍പ്പെടുന്ന നഗരസഭയിലെ ഒന്‍പതാം വാര്‍ഡ് ഹോട്ട് സ്പോട്ടാക്കി സമ്പൂര്‍ണ്ണ ലോക്ക് ഡൗണിനിടയാക്കിയ സംഭവത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ അധികൃതര്‍ തയാറാകണമെന്ന് ബിജെപി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
എന്നാൽ പ്രവാസിയുമായുള്ള സമ്പര്‍ക്കം മൂലം കൊവിഡ് വൈറസ് രോഗവ്യാപനമുണ്ടായി എന്ന സംശയത്തെ തുടര്‍ന്നാണ് ഇരിട്ടി നഗരത്തെ ഹോട്ട്‌സ്പോട്ടായി പ്രഖ്യാപിച്ചതെന്ന് പൊലിസ് അറിയിച്ചു. അപ്രതീക്ഷിതമായി ഇരിട്ടി നഗരസഭയിലെ ഒന്‍മ്പതാം വാര്‍ഡായ ഇരിട്ടി നഗരം പൂര്‍ണ്ണമായും അടച്ചിട്ടത് വ്യാപാരികളെയും ജനങ്ങളെയും ദുരിതത്തിലാക്കിയിരിക്കുകയാണ്.
കഴിഞ്ഞയാഴ്ച്ച ഗള്‍ഫില്‍ നിന്നെത്തി കോവിഡ് സ്ഥീരീകരിച്ച പയഞ്ചേരിമുക്ക് സ്വദേശി 38കാരനില്‍ നിന്നും സമ്പര്‍ക്കം വഴി രോഗവ്യാപനമുണ്ടായി എന്ന സംശയത്തെ തുടര്‍ന്നാണ് ടൗണ്‍ ഉള്‍പ്പെടുന്ന വാര്‍ഡ് പൂര്‍ണ്ണമായും അടച്ചിടാന്‍ ഉത്തരവായത്. ഇയാള്‍ക്ക് സമ്പര്‍ക്കം ഇല്ലെന്നായിരുന്നു രോഗം സ്ഥീരീകരിച്ചപ്പോള്‍ ആരോഗ്യവകുപ്പില്‍ നിന്നുമുണ്ടായ വിശദീകരണം. എന്നാല്‍ ഇയാളുടെ കുടുംബത്തിലെ മറ്റു ചിലര്‍ക്കും സമ്പര്‍ക്കം വഴി രോഗ ലക്ഷണം കണ്ടതിനെ തുടര്‍ന്നാണ് നഗരം പൂര്‍ണ്ണമായും അടച്ചിടാന്‍ തീരുമാനിച്ചത്. നഗരസഭാ ചെര്‍മാന്‍ പി.പി അശോകന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മോണിറ്ററിംങ്ങ് സമിതി യോഗത്തിലാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് പരിഗണിച്ച് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചത്.












Click it and Unblock the Notifications