ജയില്‍ചാട്ടം ഗുരുതര സുരക്ഷാവീഴ്ച്ച; ജയില്‍സൂപ്രണ്ടിനോട് വകുപ്പ് തല റിപ്പോര്‍ട്ട് തേടി
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മയക്കുമരുന്ന് കേസിലെ പ്രതി തടവുചാടി രക്ഷപ്പെട്ട സംഭവത്തില്‍ ജയില്‍വകുപ്പ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടി. കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിനോട് ജയില്‍ എഡിജിപിയാണ് സംഭവത്തിലെ സുരക്ഷാവീഴ്ചയെ കുറിച്ചു റിപ്പോര്‍ട്ട് തേടിയത്. സംഭവത്തില്‍ ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതേ തുടര്‍ന്നാണ് ജയില്‍ വകുപ്പ് എഡിജിപി അടിയന്തിര റിപ്പോര്‍ട്ട് തേടിയത്.
എടക്കാട് പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ ചാല കോയ്യോട് സ്വദേശിയായ ഹര്‍ഷാദിന്റെത് ആസൂത്രിത ജയില്‍ചാട്ടമാണെന്നാണ് കണ്ണൂര്‍ ടൗണ്‍ പൊലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. ജയില്‍ കവാടത്തിലെ ഗാന്ധി പ്രതിമയ്ക്കു സമീപമുളള പടവുകളില്‍ നിന്നും എല്ലാ ദിവസവും രാവിലെ പത്രക്കെട്ട് എടുത്തിരുന്നത് ഹര്‍ഷാദായിരുന്നു. ജയില്‍ വെല്‍ഫെയര്‍ ഓഫീസിലായിരുന്നു നല്ല നടപ്പുകാരനായ ഇയാള്‍ ജോലി ചെയ്തിരുന്നത്.

ജയില്‍ ലൈബ്രറിയുടെ ചുമതലക്കാരില്‍ ഒരാളും ഇയാളായിരുന്നു. അതുകൊണ്ടു തന്നെ ജയിലിന്റെ പുറത്ത് കവാടത്തിലും ക്യാന്റീനിലും പോകാനുളള സ്വാതന്ത്ര്യം ചിലപ്പോഴെക്കെ ഇയാള്‍ക്ക് ലഭിച്ചിരുന്നു. ഇത് ദുരുപയോഗം ചെയ്താണ് ഇയാള്‍ ജയില്‍ ചാട്ടത്തിനുളള ആസൂത്രണം നടത്തിയത്. ഞായറാഴ്ച്ച പുലര്‍ച്ചെ ആറരയോടെ പത്രക്കെട്ട് എടുക്കുന്നതിനായി പുറത്തു പോയ ഇയാള്‍ നിമിഷനേരം കൊണ്ടു നേരത്തെ പറഞ്ഞതു പ്രകാരം റോഡരികില്‍ സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിട്ട കൂട്ടാളിയുടെ ബൈക്കില്‍ കയറി കടന്നുകളയുകയായിരുന്നു.
കണ്ണൂര്‍ ഭാഗത്തേക്കാണ് ഇയാള്‍ പോയതെന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നടത്തിവരുന്ന പെട്രോള്‍ പമ്പിലെ സി.സി.ടി.വി ക്യാമറദൃശ്യങ്ങളില്‍ നിന്നും പൊലിസിന് വ്യക്തമായിട്ടുണ്ട്. തളാപ്പ് എ.കെ.ജി ആശുപത്രിക്ക് മുന്‍പില്‍ സ്ഥാപിച്ച ക്യാമറയിലും ഇയാളും കൂട്ടാളിയും അതിവേഗം കടന്നു പോകുന്ന ദൃശ്യങ്ങള്‍ വ്യക്തമായിട്ടുണ്ട്. ഹര്‍ഷാദ് ജയില്‍ചാടിയെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായപ്പോള്‍ തന്നെ നിമിഷങ്ങള്‍ക്കുളളില്‍ തന്നെ ഇയാള്‍ കണ്ണൂര്‍ നഗരത്തില്‍ നിന്നുംചീറിപാഞ്ഞു പോയതായി പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കാതിരിക്കാന്‍ തലശേരി, ന്യൂമാഹി പൊലിസ് സ്‌റ്റേഷനുകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കണ്ണവം പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ എം ഡി എം എ കടത്തുന്നതിനിടെയാണ് പൊലിസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. വടകര നാര്‍ക്കോട്ടിക്ക് കോടതി ശിക്ഷിച്ചതു പ്രകാരം 2023-സെപ്തംബര്‍ മുതല്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ് ഹര്‍ഷാദ്. ഇതിനിടെയിലാണ് ജയിലില്‍ നല്ലനടപ്പുകാരനായി അഭിനയിച്ച ഇയാള്‍ തരം കിട്ടിയപ്പോള്‍ ആസൂത്രിതമായ ഗൂഡാലോചന നടത്തി ജയില്‍ ചാടിയത്. ഹര്‍ഷാദ് ജയിലില്‍ നിന്നും അവസാനായി ഫോണ്‍ ചെയ്തത് ആര്‍ക്കാണെന്ന കാര്യം പൊലിസ് അന്വേഷിക്കിുന്നുണ്ട്. കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ പി. എ ബിനു മോഹന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്.












Click it and Unblock the Notifications