മദ്യപിച്ച് ലക്കുകെട്ട് റെയില്‍വെ ട്രാക്കിലൂടെ കാര്‍ ഓടിച്ചു; മധ്യവയസ്‌കന്‍ അറസ്റ്റില്‍
കണ്ണൂര്‍: മദ്യപിച്ച് ലക്കുകെട്ടു റെയില്‍വെ ട്രാക്കിലൂടെ കാറോടിച്ച മധ്യവയസ്‌കനെതിരെ അറസ്റ്റു ചെയ്തു. കണ്ണൂര്‍ സിറ്റി പൊലിസാണ് റെയില്‍വെ സുരക്ഷാപ്രകാരം ഇയാളെ അറസ്റ്റു ചെയ്തത്. അഞ്ചരക്കണ്ടി കുഴിമ്പിലോട് മെട്ട സ്വദേശിയായ ജയകൃഷ്ണനാണ് (49) അറസ്റ്റിലായത്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ജൂലൈ 19 ന് രാത്രി പതിനൊന്നരയ്ക്കാണ് സംഭവം.
കണ്ണൂര്‍ സിറ്റി ഭാഗത്തു നിന്നും കാറില്‍ വരികയായിരുന്ന ജയകൃഷ്ണന്‍ താഴെചൊവ്വ തെഴുക്കില്‍ പീടിക റെയില്‍വെ ഗേറ്റിലെത്തിയപ്പോള്‍ റോഡാണെന്ന് കരുതി പാളത്തിലേക്ക് വണ്ടി ഓടിക്കുകയായിരുന്നു. ഇതുകണ്ട റെയില്‍വെഗേറ്റ് മാന്‍ കാര്‍ നിര്‍ത്തുന്നതിനായി ആവശ്യപ്പെട്ടു ഉറക്കെ വിളിച്ചു കൊണ്ടു പിന്നാലെ ഓടിയെങ്കിലും കാര്‍ മുന്‍പോട്ടു തന്നെപായുകയായിരുന്നു.

15 മീറ്റര്‍ യാത്ര ചെയ്ത ശേഷം വണ്ടി ട്രാക്കില്‍ കുടുങ്ങുകയായിരുന്നു. ആളുകള്‍ കൂടിയതോടെ വണ്ടി വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാന്‍ യാത്രക്കാരന്‍ ശ്രമിക്കുകയും എന്നാല്‍ വണ്ടി അനങ്ങാതെ ട്രാക്കില്‍ തന്നെ നില്‍ക്കുകയായിരുന്നു. ഈ സമയം ട്രെയിന്‍ കടന്നു പോകേണ്ടതിനാല്‍ പരിഭ്രാന്തിയുടെ നിമിഷങ്ങളാണുണ്ടായത്. റെയില്‍വെ ഗേറ്റ്മാന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സിറ്റി പൊലിസും സ്ഥലത്തെത്തി.
കാര്‍ തുറന്ന് ജയകൃഷ്ണനെ പുറത്തുകൊണ്ടുവരാന്‍ കഴിയാത്തതിനെ തുടര്‍ന്ന് റെയില്‍ വേ ഗേറ്റ് കീപ്പറും യാത്രക്കാരും പൊലിസും ചേര്‍ന്ന് വാഹനം ട്രാക്കിന് പുറത്തേക്ക് തള്ളി മാറ്റുകയായിരുന്നു. ഇതിനു ശേഷമാണ് ജയകൃഷ്ണനെ പുറത്തിറക്കിയത്. കാര്‍ ഡോര്‍ ലോക്കായതിനാല്‍ ഇയാള്‍ വാഹനത്തിന്റെ അകത്തു കുടുങ്ങി പോവുകയായിരുന്നു. മദ്യത്തിന്റെ ലഹരിയില്‍ വലിയ അപകടമുണ്ടാകേണ്ടിയിരുന്ന സംഭവത്തില്‍ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. റെയില്‍വെ പാലക്കാട് ഡിവിഷന്‍ അധികൃതര്‍ സംഭവത്തെകുറിച്ചു അന്വേഷണമാരംഭിച്ചിട്ടുണ്ട്. വന്‍സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കണ്ണൂര്‍ നഗരത്തില്‍ നിന്നും ജില്ലാ ആശുപത്രി വഴി സിറ്റി മരക്കാര്‍ കണ്ടി റോഡാണ് സ്പിന്നിങ് മില്ലിന് സമീപത്തുകൂടി താഴെ ചൊവ്വയില്‍ വന്നുചേരുന്നത്.
നൂറുകണക്കിന് വാഹനങ്ങള്‍ സാധാരണയായി ഇതിലൂടെ കടന്നുപോകുന്നതിനാല്‍ വന്‍ ഗതാഗതകുരുക്കും അനുഭവപ്പെടാറുണ്ട്. മദ്യപിച്ചുളള ഡ്രൈവിംഗായതിനാല്‍ പൊലിസ് പരിശോധനയില്‍ നിന്നും രക്ഷപ്പെടുന്നതിനാണ് ഇയാള്‍ ഇതുവഴി വന്നതെന്നാണ് പൊലിസ് നല്‍കുന്ന പ്രാഥമിക വിവരം. തലനാരിഴയ്ക്കാണ് വന്‍ ദുരന്തമൊഴിവായതെന്ന് പ്രദേശവാസികളും ദൃക്സാക്ഷികളും പറഞ്ഞു.












Click it and Unblock the Notifications