ക്ഷേത്രോത്സവത്തില്‍ ജയരാജന്റെ ചിത്രമുള്ള കലശം; വിമര്‍ശിച്ച് സിപിഎം, 'വിശ്വാസം രാഷ്ട്രീയവല്‍ക്കരിക്കേണ്ട'
ഇടവേളക്ക് ശേഷമാണ് പി ജയരാജന്റെ വ്യക്തിപൂജ സിപിഎമ്മില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുന്നത്. ഇതിന് മുന്‍പും ജയരാജന്‍ സിപിഎം സംസ്ഥാന സമിതിയില്‍ അടക്കം വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്

കണ്ണൂര്‍: ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലശത്തില്‍ സി പി എം നേതാവ് ജയരാജന്റേയും ചിത്രം ഉള്‍പ്പെടുത്തിയതില്‍ വിമര്‍ശനവുമായി സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കലശങ്ങള്‍, ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള ഘോഷയാത്രകള്‍ തുടങ്ങിയവ എല്ലാം തന്നെ രാഷ്ട്രീയ ചിഹ്നങ്ങളോ രാഷ്ട്രീയ നേതാക്കളുടെ അടയാളങ്ങളോ ഇല്ലാതെയാണ് പോകേണ്ടത് എന്ന് എം വി ജയരാജന്‍ പറഞ്ഞു.
വിശ്വാസം രാഷ്ട്രീയ വല്‍ക്കരിക്കാന്‍ പാടില്ല എന്നും എം വി ജയരാജന്‍ ചൂണ്ടിക്കാട്ടി. വിശ്വാസം വിശ്വാസമാണ് എന്നും രാഷ്ട്രീയം രാഷ്ട്രീയമാണ് എന്നും എം വി ജയരാജന്‍ പറഞ്ഞു. രാഷ്ട്രീയം വിശ്വാസത്തേയും വിശ്വാസത്തിന്റെ ഭാഗമായി വര്‍ഗീയ സംഘടനകള്‍ രാഷ്ട്രീയത്തേയും ഉപയോഗപ്പെടുത്താന്‍ പാടില്ല എന്നതാണ് തങ്ങളുടെ സമീപനം എന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
കതിരൂരിലെ കുറുംബകാവ് താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായാണ് പി ജയരാജന്റെ ചിത്രവും കലശത്തിന്റെ ഭാഗമായി സി പി എം അനുഭാവികളായ ചിലര്‍ വഹിച്ചത്. ചെഗുവേരയുടെയും ഫോട്ടോ ഇതിനൊപ്പമുണ്ടായിരുന്നു. ഇതിന് എതിരെയാണ് എം വി ജയരാജന്‍ രംഗത്തെത്തിയിരിക്കുന്നത്. സിപിഎം അനുഭാവികളായ പ്രവര്‍ത്തകരായിരുന്നു കലശം വരവിന് നേതൃത്വം കൊടുത്തത്.

തെയ്യത്തിന്റെയും പാര്‍ട്ടി ചിഹ്നത്തിന്റെയും ഒപ്പമായിരുന്നു ജയരാജന്റെ ചിത്രവും ഉണ്ടായിരുന്നത്. ഒരു ഇടവേളക്ക് ശേഷമാണ് വ്യക്തിപൂജ വിവാദവുമായി ബന്ധപ്പെട്ട് സിപിഎമ്മിന് അകത്ത് കണ്ണൂരില്‍ വീണ്ടും ഒരു വിവാദം ഉടലെടുക്കുന്നത്. ഇതിന് മുന്‍പും പി ജയരാജനെ മഹത്വവല്‍ക്കരിക്കുന്ന നടപടികള്‍ കണ്ണൂരിലെ സി പി എം പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായിരുന്നു.
ഇതിന് എതിരെ സി പി എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ജയരാജനെ വാഴ്ത്തിക്കൊണ്ടുള്ള പോസ്റ്റുകളും വീഡിയോകളും ഗാനങ്ങളും പ്രചരിച്ചതും നേരത്തെ വിവാദമായിരുന്നു. പി ജെ ആര്‍മി എന്ന പേരിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പില്‍ ആയിരുന്നു ഇതെല്ലാം പ്രചരിച്ചിരുന്നത്.
Money Tips: എങ്ങനെ പെട്ടെന്ന് സമ്പന്നനാകാം.. അതും നേരായ മാര്‍ഗത്തില്‍?
ഒടുവില്‍ പി ജെ ആര്‍മിക്ക് താനുമായി ഒരു ബന്ധവുമില്ല എന്ന് പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു. പ്രവര്‍ത്തകരുടെ വ്യക്തിപൂജ തന്റെ അറിവോടെ അല്ല എന്നും പി ജയരാജന്‍ തുറന്ന് പറഞ്ഞിരുന്നു. അതേസമയം സി പി എമ്മിനുള്ളില്‍ പി ജയരാജന്‍ ഒതുക്കപ്പെടുന്നു എന്ന് വിശ്വസിക്കുന്നവരാണ് അദ്ദേഹത്തിന്റെ അനുഭാവികള്‍.












Click it and Unblock the Notifications