പെരുന്താറ്റില്‍ വിട പറഞ്ഞു; യാത്രയായത് മിമിക്രിക്ക് സ്വന്തമായി ഇരിപ്പിടമൊരുക്കിയ പ്രതിഭ
തലശേരി: ഒരു കാലത്ത് കേരളത്തിന്റെ ഉത്സവ പറമ്പുകളില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ട മിമിക്രിയെന്ന കലാരൂപത്തിന് സ്വന്തമായി ഇരിപ്പിടമൊരുക്കിയ ശബ്ദാനുകരണ കലയിലെ കുലപതി പെരുന്താറ്റില്‍ ഗോപാലന്‍ (73) അരങ്ങൊഴിഞ്ഞു.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം വിടപറയുമ്പോള്‍ മിമിക്രി കേരളത്തിലെ അതിശക്തമായ ഒരു കലാരൂപമായി മാറിയിരുന്നു. മലയാള ചലച്ചിതരംഗത്ത് മുന്‍നിര താരങ്ങളെല്ലാം മിമിക്രി പശ്ചാത്തലമുള്ളവരാണ്. ജയരാജ് വാര്യര്‍ക്കു മുന്‍പെ ഏകാഭിനയ - ശബ്ദാനുകരണ കലാ രംഗത്ത് സാന്നിധ്യയമായിരുന്നു പെരുന്താറ്റില്‍.

തലശേരി ഏരഞ്ഞോളിയിലെ സൗഭാഗ്യമെന്ന വീട്ടില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ആദ്യത്തെ മിമിക്രി, മോണോ ആക്ട് കലാകാരനായിരുന്നു പെരുന്താറ്റില്‍ ഗോപാലന്‍. ജീവിതാനുഭവത്തെ കലയാക്കി മാറ്റിയ കലാകാരനും സാംസ്‌കാരിക പ്രവര്‍ത്തകനും അധ്യാത്മിക പ്രഭാഷകനുമാണ് പെരുന്താറ്റില്‍.
ആകാശവാണിയില്‍ എ ക്‌ളാസ് ആര്‍ട്ടിസ്റ്റ് കൂടിയായ പെരുന്താറ്റില്‍ ശബ്ദാനുകരണ കലയിലും ഏകാഭിനയത്തിലും പതിനായിരക്കണക്കിന് വേദികളില്‍ നിറഞ്ഞു നിന്നിട്ടുണ്ട്. നൂറു കണക്കിന് ശിഷ്യപരമ്പര അദ്ദേഹത്തിനുണ്ട്. ഒരു കാലത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ പെരുന്താറ്റിലിന്റെ ശിഷ്യന്‍മാരായിരുന്നു വെന്നിക്കൊടി പാറിച്ചിരുന്നുന്നത്.
ചലച്ചിത താരങ്ങളായ വിനീത്, വിനീത് ശ്രീനിവാസന്‍ തുടങ്ങി മലയാള സിനിമയിലും കലാരംഗത്തും തിളങ്ങിയ പലരും പെരുന്താറ്റില്‍ ഗോപാലന്റെ ശിഷ്യന്‍മാരായിരുന്നു. അധ്യത്മിക പ്രഭാഷകന്‍ എന്ന നിലയില്‍ കേരളത്തിലെ ക്ഷേത്രാങ്കണങ്ങളില്‍ നിറ സാന്നിധ്യയമായിരുന്നു പെരുന്താറ്റില്‍. ആര്‍ഷഭാരതി സംസ്‌കൃതിയുടെ വാഗീശ്വര പുരസ്‌കാരമുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
തലശേരി ഗവ. പ്‌ളീഡര്‍ ഓഫിസ് ജീവനക്കാരനായാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കം. തലശേരി സബ് കലക്ടര്‍ ഓഫീസില്‍ നിന്നും വിരമിച്ച ശേഷം മുഴുവന്‍സമയ കലാ-സാംസ്‌കാരിക-അധ്യാത്മിക പ്രവര്‍ത്തകനായിരുന്നു. പെരുന്തറ്റില്‍ പരേതരായ കണ്ണന്‍ നായരുടെയുടെയും ദേവിയുടെ മകനാണ്.
ഭാര്യ-സത്യവതി. മക്കള്‍: സുഗേഷ്, സുസ്മിത, സുഗിഷ. മരുമക്കള്‍: നിമ്മി, ജഗദീഷ്, സജിത്ത് (ബെന്നി ) സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ജാനകി, ജയശ്രീ, സുരേന്ദ്രന്‍. സംസ്‌കാരം തിങ്കളാഴ്ച്ച വൈകുന്നേരം അഞ്ചു മണിക്ക് വീട്ടുവളപ്പില്‍ നടന്നു.












Click it and Unblock the Notifications