ക്വാറിക്ക് മുകളില്‍ ഭൂമി വിണ്ടുകീറി, മറ്റൊരു ജോഷിമഠാകുമോ പാത്തന്‍പാറ..; ആയിരങ്ങള്‍ ദുരന്തമുഖത്ത്
നാലായിരത്തോളം കുടുംബങ്ങളാണ് പാത്തന്‍പാറക്ക് സമീപം താമസിക്കുന്നത്. പുതിയ പ്രതിഭാസം ഇവരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്
കണ്ണൂര്‍: കണ്ണൂര്‍ പാത്തന്‍പാറയില്‍ ഭൂമി വീണ്ടുകീറിയത് ഗ്രാമവാസികള്‍ക്ക് ആശങ്കയാകുന്നു. ഇവിടെ പ്രവര്‍ത്തിക്കുന്ന ക്വാറിയോട് ചേര്‍ന്നുള്ള ഒന്നര ഏക്കറോളം സ്ഥലത്താണ് വിള്ളല്‍ ഉണ്ടായിരിക്കുന്നത്. ആയിരക്കണക്കിന് കുടുംബങ്ങള്‍ പരിസരപ്രദേശങ്ങളില്‍ താമസിക്കുന്നുണ്ട്.
ഉത്തരാഖണ്ഡിലെ ജോഷിമഠിലെ വിള്ളല്‍ വരുത്തിയ ഭീതിയുടെ പശ്ചാത്തലത്തില്‍ അതീവ ആശങ്കയിലാണ് നാട്ടുകാര്‍. ഏത് നിമിഷവും മലയും കൂറ്റന്‍ പാറക്കഷണങ്ങളും താഴേക്ക് പതിക്കാം എന്ന ആശങ്കയിലാണ് പരിസരവാസികള്‍ കഴിയുന്നത്. അതീവ പരിസ്ഥിതി ലോല മേഖലയായ ഇവിടെ 2008 മുതല്‍ ക്വാറി പ്രവര്‍ത്തിക്കുന്നുണ്ട്.
ഈ ക്വാറിക്ക് മുകളിലായാണ് വിള്ളല്‍ രൂപപ്പെട്ടിരിക്കുന്നത്. ഒരു കിലോ മീറ്ററോളം നീളത്തിലും അഞ്ച് മീറ്ററോളം ആഴത്തിലുമാണ് വിള്ളല്‍ ഉണ്ടായിരിക്കുന്നത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ജിയോളജി വകുപ്പ് അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.
വിള്ളല്‍ രൂപപ്പെട്ടതോടെ ക്വാറിക്ക് മുകളിലെ അര ഏക്കറോളം സ്ഥലത്തെ മണ്ണും പാറക്കഷണങ്ങളും ഇവിടേക്ക് വീണ് തുടങ്ങിയിട്ടുണ്ട്. വിള്ളല്‍ മൂലമുണ്ടായ നീര്‍ച്ചാലില്‍ മഴക്കാലത്ത് വെള്ളം നിറഞ്ഞ് ഒഴുകാന്‍ തുടങ്ങിയാല്‍ ഉരുള്‍പൊട്ടല്‍ അടക്കമുള്ളവ ഉണ്ടായേക്കും എന്ന ആശങ്കയിലാണ് ജനങ്ങള്‍.
അതീവ പരിസ്ഥിതി ലോല മേഖലയായിട്ടും ക്വാറിക്ക് എങ്ങനെയാണ് അനുമതി ലഭിച്ചത് എന്നാണ് പരിസരവാസികളുടെ ചോദ്യം.അതേസമയം വിള്ളല്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ക്വാറി പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരിക്കുകയാണ്. പൈതല്‍മലയുടെ സമാന്തരമലയായ കുറ്റിപുല്ലിന്റെ താഴ്‌വാരത്തിലാണ് ക്വാറി പ്രവര്‍ത്തിച്ചിരുന്നത്.
കുറ്റിപ്പുല്ലില്‍ നിന്ന് രണ്ട് കൈവരികളായി പിരിഞ്ഞൊഴുകുന്ന വെള്ളം മുഴുവനും ക്വാറിയുടെ വൃഷ്ടി പ്രദേശങ്ങളില്‍ എത്തി അവിടെ അടിഞ്ഞാല്‍ വന്‍ പ്രകൃതിദുരന്തത്തിനായിരിക്കും കേരളം സാക്ഷ്യം വഹിക്കുക എന്നാണ് പ്രദേശവാസിയായ ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

Image Credit: facebook@unnikrishnan pathanpara
നരയന്‍കല്ല് തട്ട്, പാത്തന്‍പാറ, മൈലംപെട്ടി, പാറ്റാകളം, തുരുമ്പി, മുളകുവള്ളി, കാവുംകുടി, വെള്ളാട്, കരുവഞ്ചാല്‍, ചപ്പാരപ്പടവ്, കുപ്പം പുഴ വരെയുള്ള ആളുകള്‍ ഇതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവരും എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. അധികാരികളുടെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെല്‍ വേണ്ട സമയാണ് ഇത് എന്നാണ് നാട്ടുകാരല്ലൊവരും പറയുന്നത്.
ആയിരത്തോളം കുടുംബങ്ങളിലായി നാലായിരത്തോളം ആളുകളാണ് ദുരന്ത മുഖത്ത് നില്‍ക്കുന്നത്. കൃഷി അടക്കമുള്ള ജീവനോപാധികളും പ്രതിസന്ധിയിലാണ്. വരാനിരിക്കുന്ന മഴക്കാലത്തിന് മുന്‍പ് ഇത് സംബന്ധിച്ച പരിഹാരം കാണണം എന്നാണ് നാട്ടുകാരുടെ ആവശ്യം. തഹസില്‍ദാര്‍ ഉള്‍പ്പടെയുള്ള സംഘം സംഭവസ്ഥലം പരിശോധിച്ചിട്ടുണ്ട്.












Click it and Unblock the Notifications