മുഖ്യമന്ത്രിയുടെ വീടിന് പൊലീസ് സുരക്ഷ: പിണറായി ബോംബെറില്‍ പ്രതികളെ കണ്ടെത്താനാവാതെ പൊലിസ്
തലശേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ പാണ്ട്യാല മുക്കിലുള്ള വീടിന് സുരക്ഷ കൂട്ടി. പിണറായി പാണ്ട്യാലമുക്കില്‍ ബോംബേറ് നടന്ന സാഹചര്യത്തിലാണ് നടപടി. സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോവിന്റെ നിര്‍ദ്ദേശ പ്രകാരമാണിത്.
ഇനി മുതല്‍ കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിയുടെ വീട്ടിലും പരിസരത്തും ഉണ്ടാവുക. പിണറായി പൊലിസിനാണ് സുരക്ഷാ ചുമതല. ഇതിനിടെ ന്യൂമാഹി പുന്നോലിലെ സി.പി. എം പ്രവര്‍ത്തകന്‍ ഹരിദാസ് വധക്കേസിലെ പ്രതി നിജില്‍ദാസ് ഒളിവില്‍ താമസിച്ച വാടക വീടിന് നേരെ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ബോംബെറും അക്രമവും നടത്തിയ കേസിലെ പ്രതികള്‍ക്കായി പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

അണ്ടലൂര്‍ സ്വദേശി പ്രശാന്തന്റെ ഉടമസ്ഥതിയിലുള്ളതാണ് വീട്. പ്രശാന്തന്റെ ഭാര്യയും അധ്യാപികയുമായ രേഷ്മയെ പൊലിസ് കൊലക്കേസ് പ്രതിയെ ഒളിച്ചു താമസിക്കാന്‍ സഹായിച്ചതിന് അറസ്റ്റു ചെയ്യുകയും പിന്നീട് കോടതി ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.
എന്നാല്‍, പിണറായിയില്‍ നിജിന്‍ദാസ് താമസിച്ച വാടക വീടിന് നേരെ നടന്ന ബോംബെറിലെ പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതീവ സുരക്ഷയുള്ള പ്രദേശത്തെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചു വരികയാണ് പൊലീസ്. ബോംബ് സ്‌ഫോടനം നടന്ന വീട്ടില്‍ കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും ഇന്നലെ പരിശോധന നടത്തി.












Click it and Unblock the Notifications