പൊലീസിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ പ്രകോപനപരമായ മുദ്രാവാക്യം; അന്വേഷിക്കാന്‍ പൊലീസ്
തലശേരി: പാനൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ മുത്താറിപീടികയില്‍ പൊലിസിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധ പ്രകടനം നടത്തിയ സംഭവത്തെ കുറിച്ച് അന്വേഷണമാരംഭിച്ചു. പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പൊലിസ് അന്വേഷണവുമായി രംഗത്തിറങ്ങിയത്.
സ്വന്തം സര്‍ക്കാരിന്റെ പൊലിസിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയുളള പൊലിസ് നടപടിയില്‍ പ്രതിഷേധിച്ചു അണികള്‍ തെരുവിലിറങ്ങുമ്പോള്‍ പ്രതിരോധിക്കാനാവാതെ പ്രതിസന്ധിയിലായിരിക്കുകയാണ് പാനൂരിലെ സിപിഎം നേതൃത്വം. മേലെ ചമ്പാട് കെസികെ നഗര്‍ ബ്രാഞ്ച് കമ്മിറ്റിയംഗം രാഗേഷിനെ കാപ്പ ചുമത്തി നാടുകടത്തിയതിനെതിരെയായിരുന്നു ആദ്യമായി പ്രതിഷേധമുയര്‍ന്നത്.

ഇത് പരസ്യമായ പ്രതിഷേധ പ്രകടനത്തിലേക്കെത്തുകയും ഏറെ വിവാദമാവുകയും ചെയ്തിരുന്നു. ഞായറാഴ്ച്ച മൊകേരി ലോക്കലില്‍പ്പെട്ട മുത്താറിപീടിക, പാത്തിപ്പാലം ഭാഗത്തും സമാനമായ വിഷയവുമായി ബന്ധപ്പെട്ട് പൊലിസിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവുമായി തെരുവിലിറങ്ങിയത് പാനൂര്‍ ഏരിയാ നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
സിപിഎം ഈസ്റ്റ് വളള്യായി ബ്രാഞ്ച് സെക്രട്ടറി ആഷിത്ത്, ബാലസംഘം വില്ലേജ് സെക്രട്ടറി മുത്താറിപീടികയിലെ വിധുകൃഷ്ണ എന്നിവര്‍ക്കെതിരെ 107-ാം വകുപ്പു പ്രകാരം കേസെടുത്തതാണ് സിപിഎം അണികളെ പ്രകോപിപ്പിച്ചത്. പൊലിസ് നടപടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നേതാവ് ഷിന്റു ഉള്‍പ്പെടെയുളളവര്‍ ചര്‍ച്ച നടത്തിയെങ്കിലും ഒന്നും നടക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്.
മുത്താറിപീടികയില്‍ നിന്നും ഞായറാഴ്ച്ച വൈകുന്നേരം ആരംഭിച്ച പ്രകടനം പാത്തിപാലത്താണ് സമാപിച്ചത്. പൊലിസിനെതിരെ അതിരൂക്ഷമായ മുദ്രാവാക്യങ്ങളാണ് പ്രകടനത്തില്‍ നിന്നുയര്‍ന്നത്. കളളക്കേസില്‍ കുടുക്കുന്ന പൊലിസ് ഇത് പാനൂരാണെന്ന് ഓര്‍ക്കണമെന്നും പൊലിസില്‍ ചില തെമ്മാടികളുണ്ടെന്നും ഇവര്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും മുദ്രാവാക്യത്തിലൂടെ പ്രവര്‍ത്തകര്‍ വിളിച്ചു പറഞ്ഞു.
പാര്‍ട്ടി സംസ്ഥാന ഭരണം നടത്തുമ്പോള്‍ പ്രവര്‍ത്തകരെയും പ്രാദേശിക നേതാക്കളെയും കേസില്‍ കുരുക്കി നിഷ്‌ക്രിയമാക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. എന്നാല്‍ പൊലിസിനെതിരെ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പ്രകോപനപരവും ഭീഷണിയുടെ സ്വരത്തിലുളള മുദ്രാവാക്യം മുഴക്കിയതാണ് പൊലിസ് അന്വേഷിച്ചുവരുന്നത്. വനിതകള്‍ ഉള്‍പ്പെടെയുളളവരാണ് പ്രകടനത്തില്‍ പങ്കെടുത്തത്.












Click it and Unblock the Notifications