പ്രസീത അഴീക്കോടിന്റെ മകന്‍ പ്രതിയായ പോക്‌സോ കേസ്: അട്ടിമറി ആരോപണവുമായി ഇരയുടെ കുടുംബം

വളപട്ടണം: ജെ.ആര്‍പി നേതാവ് പ്രസീത അഴീക്കോടിനും മകന്‍ അഖില്‍ കുമാറിനുമെതിരായ പോക്‌സോ കേസ് വളപട്ടണം പോലീസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് ഇരയായ പെണ്‍കുട്ടിയും രക്ഷിതാക്കളും ബി.ജെ.പി നേതാക്കളോടൊപ്പം കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ അജിത്ത് കുമാറിന് പരാതി നല്‍കും. വളപട്ടണം സ്വദേശിനിയായ പെണ്‍കുട്ടിയാണ് കഴിഞ്ഞ ദിവസം ഇവര്‍ക്കെതിരെ പരാതി നല്‍കിയത്.
കേസ് രജിസ്റ്റര്‍ ചെയ്ത് ദിവസങ്ങളായിട്ടും പ്രതികളെ പിടികൂടാന്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. പ്രതികള്‍ ജില്ല വിട്ട് പോയിട്ടില്ലെന്നും എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെടുമ്പോള്‍ നിങ്ങള്‍ ഞങ്ങളെ നിയമം പഠിപ്പിക്കേണ്ടെന്നും എന്ത് ചെയ്യണമെന്ന് പോലീസിനറിയാമെന്നുമുള്ള ധാര്‍ഷ്ട്യത്തോടെയുള്ള മറുപടിയാണ് ലഭിക്കുന്നതെന്ന് ഇരയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പ്രതികരിച്ചു.
കേസിന്റെ തുടക്കത്തില്‍ തന്നെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് വളപട്ടണം പോലീസ് സ്വീകരിച്ചത്. നേരത്തെ പീഡനത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് വളപട്ടണം സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പോലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ എസ്പിക്ക് നേരിട്ട് പരാതി ല്‍കിയപ്പോഴാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പോലീസ് തയ്യാറായത്.
ഈ മാസം ഒന്‍പതിന് നല്‍കിയ പരാതിയില്‍ പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുകയും കോടതി രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തുകയും ചെയ്തു. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പുള്ള ലൈംഗിക അധിക്രമത്തിന് പുറമേ പെണ്‍കുട്ടിയെ മാനസികമായും ശാരീരികമായും നിരന്തര പീഡിപ്പിച്ചിരുന്നു.
മാരകായുധങ്ങള്‍ കൊണ്ട് മുറിവേല്‍പ്പിക്കുകയും മുടിമുറിച്ചതുമുള്‍പ്പടെ നിരന്തരമായ പീഡനമാണ് ഇരയായ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത്. ഇതിനെല്ലാം പുറമെ നിര്‍ബന്ധിച്ച് മയക്കുമരുന്ന് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചുവെന്നും പെണ്‍കട്ടി നല്‍കിയ പരാതിയിലുണ്ട്. ഭരണകക്ഷിയുമായി പ്രതിക്കുള്ള സജീവ ബന്ധമാണ് അറസ്റ്റ് വൈകുന്നതിന് കാരണം. പ്രതികള്‍ പോലീസിന് മുന്നില്‍ തന്നെ വിലസുമ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണ്. പ്രതികള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്.
പോലീസ് ശക്തമായ നിയമനടപടി സ്വീകരിച്ചില്ലെങ്കില്‍ കൂടുതല്‍ നിയമനടപടി സ്വീകരിക്കാനാണ് പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും നീക്കം. ഇവര്‍ക്ക് ശക്തമായ പിന്‍തുണയുമായി ബി.ജെ.പി രംഗത്തുവന്നിട്ടുണ്ട്. കേസ് വളപട്ടണം പൊലിസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണെന്നും എന്തടിസ്ഥാനത്തിലാണ് പോക്സോ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതെന്നു പൊലിസ് വ്യക്തമാക്കണമെന്നും എന്‍. ഹരിദാസ് ചോദിച്ചു.
പി.ജയരാജന്‍ വിളിച്ചു പറഞ്ഞതുകൊണ്ടാണ് പൊലിസ് ഈക്കാര്യത്തില്‍ നടപടിയെടുക്കാത്തത്. കഴിഞ്ഞ ജനുവരി 13ന് പെണ്‍കുട്ടി പൊലിസില്‍ പരാതി നല്‍കിയിട്ടും ഫെബ്രുവരിഒന്‍പതിനാണ് പൊലിസ് അന്വേഷിക്കാന്‍ തന്നെ തയ്യാറായതെന്നും ഹരിദാസ് ആരോപിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ മത്സരിക്കുന്നതിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സി.കെ ജാനുവിന് കോഴ നല്‍കിയെന്ന പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തല്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സുരേന്ദ്രനെ പ്രതിയാക്കി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഈ കേസിലെ മുഖ്യസാക്ഷികളിലൊരാളാണ് പ്രസീത അഴീക്കോട്.












Click it and Unblock the Notifications