ആയങ്കിക്കെതിരെയുളള ഭാര്യയുടെ വെളിപ്പെടുത്തല്‍; വളപട്ടണം പൊലീസ് അന്വേഷണമാരംഭിച്ചു

കണ്ണൂര്‍: രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസ് പ്രതി അഴീക്കോട് കപ്പടക്കടവ് സ്വദേശി അര്‍ജുന്‍ ആയങ്കിക്കെതിരെയുള്ള ഭാര്യ അമലയുടെ വെളിപ്പെടുത്തലില്‍ വളപട്ടണം പൊലീസ് അന്വേഷണമാരംഭിച്ചു. അര്‍ജുന്‍ ആയങ്കി നടത്തിയ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍, കുഴല്‍പണ ഇടപാടുകള്‍ സംബന്ധിച്ച് പുതിയ വിവരങ്ങള്‍ തേടിയാണ് അന്വേഷണമാരംഭിച്ചത്.
അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലയില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിട്ടുണ്ട്. അതേസമയം ഗാര്‍ഹിക പീഡന ആരോപണം പരാതിയായി നല്‍കാത്തതിനാല്‍ കേസെടുക്കേണ്ടതില്ലെന്നാണ് വളപട്ടണം പൊലീസിന്റെ തീരുമാനംം. അര്‍ജുന്‍ ആയങ്കിക്കും കുടുംബത്തിനുമെതിരെ ഭാര്യ അമല കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലെത്തിയാണ് ഗാര്‍ഹിക പീഡനം ഉള്‍പ്പടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.
പ്രണയിച്ചു വിവാഹിതരായ തന്നെയും അര്‍ജുനെയും തമ്മില്‍ തെറ്റിക്കുന്നത് അര്‍ജുന്റെ അമ്മയും സഹോദരനുമാണെന്നായിരുന്നു ഇവരുടെ ആരോപണം. ഇവരുടെ ഒത്താശയോടെ തന്നെ നിര്‍ബന്ധിച്ച് രണ്ട് തവണ ഗര്‍ഭഛിദ്രം ചെയ്യിച്ചു. കറുത്ത നിറമായതിനാല്‍ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് അര്‍ജുനെതിരെ അമല ഉന്നയിച്ചത്.
താന്‍ ആത്മഹത്യ ചെയ്താല്‍ അതിന് ഉത്തരവാദികള്‍ അര്‍ജുന്‍ ആയങ്കിയും കുടുംബവുമായിരിക്കുമെന്ന് ഫേസ്ബുക്ക് ലൈവിലെത്തി അമല തുറന്നടിച്ചിരുന്നു. പക്ഷെ ഇവര്‍ ഗാര്‍ഹികമായി പീഡിപ്പിക്കുന്നുവെന്ന് പൊലീസില്‍ പരാതി നല്‍കിയില്ല. അതേസമയം ഫേസ്ബുക്ക് ലൈവിനിടെ അര്‍ജുന്‍ ആയങ്കിയുടെ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ ഇടപാടുകളെ സംബന്ധിച്ചും അമല തുറന്നുപറഞ്ഞിരുന്നു.

ഇതോടെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവുണ്ടായിക്കുകയാണ്. കുഴല്‍പ്പണ-സ്വര്‍ണക്കടത്തു സംഭവങ്ങളില്‍ അര്‍ജുന്‍ ആയങ്കിക്ക് പങ്കുണ്ടെന്നാണ് ഭാര്യയുടെ വെളിപ്പെടുത്തല്‍. സമൂഹമാധ്യമങ്ങളിലൂടെ അര്‍ജുന്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ മനം നൊന്താണ് താന്‍ ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തുന്നതെന്നാണ് ഭാര്യ അമല ഫെയ്സ് ബുക്ക് ലൈവില്‍ പറഞ്ഞത്.
താനുമായി പ്രണയത്തിലാകുന്ന സമയത്ത് അര്‍ജുന്‍ ആയങ്കിയുടെ കൈയ്യില്‍ നയാപൈസയുണ്ടായിരുന്നില്ലെന്നും താന്‍ പലതവണ പണം നല്‍കി സഹായിച്ചിട്ടുണ്ടെന്നും അമല പറയുന്നുണ്ട്. സ്വര്‍ണക്കടത്ത്, കുഴല്‍പ്പണ ഇടപാടുകളെ കുറിച്ചു അര്‍ജുന്‍ ആയങ്കി തന്നോടു പറഞ്ഞിട്ടുണ്ടെന്നും അമല പറഞ്ഞിരുന്നു. ഇക്കാര്യമാണ് വളപട്ടണം പൊലീസ് അന്വേഷിക്കുന്നത്. പൊലീസ് സംരക്ഷണയിലാണ് അമല അര്‍ജുന്‍ ആയങ്കിക്കെതിരെ ഫെയ്സ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചത്. അതുകൊണ്ടു തന്നെ അമലയ്ക്കു ഭീഷണിയുളളതിനാല്‍ പൊലിസ് സംരക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications