കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാര്‍ ഏറ്റുമുട്ടി, ഒരാള്‍ക്ക് കുത്തേറ്റു
കണ്ണൂര്‍: കണ്ണൂര്‍ പളളിക്കുന്നിലെ സെന്‍ട്രല്‍ ജയിലില്‍ വാക്തര്‍ക്കത്തെ തുടര്‍ന്ന് കാപ്പ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി.ഒരാള്‍ക്ക് കുത്തേറ്റു പരുക്കേറ്റു. സെന്‍ട്രല്‍ ജയിലില്‍ കൊലക്കേസ് പ്രതി സഹതടവുകാരനെയാണ് കുത്തിപരുക്കേല്‍പ്പിച്ചത്. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് ശനിയാഴ്ച്ച രാവിലെ പത്തുമണിക്ക് കേസെടുത്തു.
കണിച്ചാറിലെ ലോറി ഡ്രൈവറായിരുന്ന ജിന്റോയേ കണ്ണൂര്‍ റെയില്‍വെസ്‌റ്റേഷന്‍ കിഴക്കെകവാടത്തിന് മുന്‍പില്‍ വെച്ചുലോറിയില്‍ നിന്നും കത്തികൊണ്ടു കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതിയായ അല്‍ത്താഫിനെതിരെയാണ് കേസെടുത്തത്. മലപ്പുറം തിരൂര്‍ സ്വദേശിയായ നൗഫലിനെയാണ് ഇയാള്‍ വെളളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ കുത്തിപരുക്കേല്‍പ്പിച്ചത്.

ഇരുവരും തമ്മിലുളള വാക്തര്‍ക്കത്തെ തുടര്‍ന്നായിരുന്നു അക്രമം.തുടര്‍ന്ന് അല്‍ത്താഫ് മൂര്‍ച്ചയുളള ആയുധം ഉപയോഗിച്ചു നൗഫലിനെ കുത്തിപരുക്കേല്‍പ്പിക്കുകയായിരുന്നു. പരുക്കേറ്റ നൗഫലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയില്‍ സൂപ്രണ്ടിന്റെ പരാതിലാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തത്. ഒരുമാസം മുന്‍പാണ് അല്‍ത്താഫും കൂട്ടാളികളും ചരക്കുലോറി ഡ്രൈവറായ ജിന്റോയെ മോഷണ ശ്രമത്തിനിടെ കത്തികൊണ്ടു തുടയില്‍ കുത്തിക്കൊന്നത്.
ചോരവാര്‍ന്നൊഴുകിയ ജിന്റോ പൊലിസ് സ്‌റ്റേഷനിലേക്ക് ഓടിരക്ഷപ്പെടുന്നതിനിടെയില്‍ കുഴഞ്ഞുവീണുമരിക്കുകയായിരുന്നു. കഴിഞ്ഞ ജൂണ്‍അഞ്ചിന് പുലര്‍ച്ചെയാണ് ജിന്റോകൊല്ലപ്പെടുന്നത്. സ്‌റ്റേഡിയം കോര്‍ണറിനടുത്ത കണ്ണൂര്‍ റെയില്‍വെസ്‌റ്റേഷനിലെ കിഴക്കെകവാടത്തിന് മുന്‍പില്‍ ചരക്കിറക്കാന്‍ വന്ന ലോറി നിര്‍ത്തിയിട്ടു ഉറങ്ങുകയായിരുന്ന ജിന്റോയെ കവര്‍ച്ചയ്ക്കായി എത്തി അല്‍ത്താഫിന്റെ നേതൃത്വത്തിലുളള മൂന്നംഗസംഘം അക്രമിക്കുകയായിരുന്നു.
ഇതിനെ ചെറുക്കുന്നതിനിടെയാണ് ഇടതുകാലിന്റെ തുടയില്‍ ജിന്റോവിന് ആഴത്തിലുളള കുത്തേല്‍ക്കുകയും ചോരവാര്‍ന്നൊഴുകി മരണമടയുകയും ചെയ്തിരുന്നു. ഈ കേസിലെ പ്രതികളെ മണിക്കൂറുകള്‍ക്കുളളില്‍ പൊലിസ് പിടികൂടിയെങ്കിലും കണ്ണൂര്‍ നഗരത്തിലെ ഗുണ്ടാവിളയാട്ടത്തെ കുറിച്ചുവ്യാപകമായ വിമര്‍ശനമാണ് വിവിധകോണുകളില്‍ നിന്നുമുയര്‍ന്നത്.












Click it and Unblock the Notifications