തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് മുന്നേറാനായില്ല: തിരുത്തിയാൽ മുന്നേറാം എപി അബ്ദുള്ളക്കുട്ടി
കണ്ണൂർ: ബിജെപി ഗ്രൂപ്പുപോരിനിടെ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടത്ര മുന്നേറാനായില്ലെന്ന വിമർശനവുമായി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. കണ്ണൂരിലെ സ്വവസതിയിൽ വെച്ച് മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.സർക്കാരിനെതിരെ ഭരണ വിരുദ്ധ വികാരമുണ്ടായിട്ടും തിരഞ്ഞെടുപ്പിൽ അത് മുതലെടുക്കാൻ ബിജെപിക്ക് കഴിഞ്ഞില്ല. തിരുത്തലുകൾ വരുത്തിയാൽ ഇനിയും പാർട്ടിക്ക് മുന്നേറാൻ കഴിയുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ഇതിനിടെ കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റണമെന്ന ആവശ്യവുമായി ശോഭാ സുരേന്ദ്രൻ വിഭാഗവും കൃഷ്ണദാസ് പക്ഷവും രംഗത്തെത്തിയത് ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഗ്രൂപ്പ് പോരിന് കൂടുതൽ ശക്തി പകർന്നിട്ടുണ്ട്. പാർട്ടി കേന്ദ്ര നേതൃത്വത്തിന് ഇരുവിഭാഗവും വെവ്വേറെ കത്തയച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് കെ.സുരേന്ദ്രനെതിരെ നിർണായക നീക്കം നടക്കുന്നത്. ശോഭാ സുരേന്ദ്രൻ വിഭാഗവും കൃഷ്ണദാസ് പക്ഷവും കൈകൊർത്ത് സുരേന്ദ്രനെതിരെ പടയൊരുക്കം നടത്തുന്നത് അസാധാരണ സാഹചര്യമാണ് പാർട്ടിക്കുള്ളിൽ സൃഷ്ടിച്ചിരിക്കുന്നത്.

കേന്ദ്ര നേതൃത്വത്തിന് ഇരുപക്ഷവും വെവ്വേറെ നൽകിയ കത്തുകൾ സുരേന്ദ്രനെതിരായ കുറ്റപത്രം തന്നെയാണ്. 2015നെക്കാൾ ആകെ ജയിച്ച വാർഡുകളുടെ എണ്ണം കൂടിയെന്ന നേതൃത്വത്തിൻറെ അവകാശവാദം പൊള്ളയാണെന്നാണ് ഇരുപക്ഷത്തിൻറെയും വിമർശനം. ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്കിലും പാർട്ടിക്കുണ്ടായത് കനത്തതോൽവിയാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതീക്ഷിച്ച നേട്ടത്തിൻറെ അടുത്തുപോലും എത്തിയില്ല. എല്ലാം സുരേന്ദ്രൻ ഒറ്റക്ക് തീരുമാനിക്കുന്നുവെന്നാണ് ഇരുപക്ഷത്തിന്റെയും പ്രധാന ആക്ഷേപം.
തിരഞ്ഞെടുപ്പ് സമിതിയും കോർ കമ്മിറ്റിയും ചേർന്നില്ലെന്നും ശോഭാ സുരേന്ദ്രൻ, പിഎം വേലായുധൻ, കെപി ശ്രീശൻ തുടങ്ങിയ മുതിർന്ന നേതാക്കളെ പരിഗണിക്കുന്നതേയില്ല എന്നതാണ് ശോഭാ വിഭാഗത്തിൻറെ കത്തിലെ കുറ്റപ്പെടുത്തൽ. മറ്റൊരു വിമത ബിജെപി നേതാവായ പി എം വേലായുധനും തെരഞ്ഞെടുപ്പ് തോൽവിക്ക് സംസ്ഥാന നേതൃത്വമാണെന്ന് തുറന്നടിച്ചിട്ടുണ്ട്. ബിജെപിയിൽ പുതിയ സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ അധികാരമേറ്റതു മുതൽ ഒരു വിഭാഗം മുതിർന്ന നേതാക്കൾ പാർട്ടിയിൽ നിന്നും വിട്ടു നിൽക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും ഇവരുടെ സജീവ സാന്നിധ്യമുണ്ടായിട്ടില്ല പാലക്കാട്, തിരുവനന്തപുരം ജില്ലകളിലൊഴികെ മറ്റിടങ്ങളിൽ ആർഎസ്എസും സജീവമായിരുന്നില്ല പാർട്ടി പുന:സംഘടനയുടെ വേളയിൽ കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള നേതാക്കളെ അവഗണിച്ചതാണ് ആർഎസ്എസിനെ പ്രകോപിപ്പിച്ചത്.
Recommended Video













Click it and Unblock the Notifications