കെ - റെയിൽ വേണ്ട, കേരളം വേണം; കണ്ണൂരിൽ മുദ്രാവാക്യം പ്രതിഷേധം ശക്തം
കണ്ണൂർ: പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ-റെയിൽ പദ്ധതിക്കെതിരെയുള്ള കുടിയിറക്കപ്പെടുന്നവരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും സമരം കൂടുതൽ ശക്തിയാർജ്ജിക്കുന്നു. വിനാശകരമായ കെ - റെയിൽ വേണ്ട, കേരളം വേണമെന്ന മുദ്രാവാക്യം ഉയർത്തുകയാണ് പരിസ്ഥിതി പ്രവർത്തകർ.
കെ- റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിക്കുന്ന സംസ്ഥാന സമര ജാഥയ്ക്ക് കണ്ണൂരിൽ 13 കേന്ദ്രങ്ങളിൽ സ്വീകരണം നൽകുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു. കണ്ണൂർ പ്രസ് ക്ളബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജാതി മത ഭേദമന്യേ രാഷ്ട്രീയത്തിൻ്റെ കൊടി നിറവ്യത്യാസമില്ലാതെ കുടിയിറക്കപ്പെടുന്നവരും അല്ലാത്തവരുമായ എല്ലാ ജനവിഭാഗങ്ങളും സമരത്തിൽ പങ്കെടുക്കുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു.

പതിയെ തുടങ്ങിയ സിൽവർ ലൈൻ ജനങ്ങളുടെ പിൻതുണയോടെ ശക്തി പ്രാപിച്ചു വരികയാണ്. പദ്ധതിയുടെ പൂർണ രൂപത്തിലുള്ള ഡി.പി.ആർ ഇനിയും പുറത്തു വിടാൻ സർക്കാർ തയ്യാറായിട്ടില്ല. സാമൂഹികാഘാത പഠനമെന്ന പേരിൽ നടക്കുന്നത് തട്ടിക്കൂട്ട് വിവരശേഖരമാണെന്നും സമിതി ഭാരവാഹികൾ ആരോപിച്ചു. സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രക്ഷോഭമാണ് വരും നാളുകളിൽ നടക്കാൻ പോകുന്നത്. സെക്രട്ടറിയേറ്റിന് മുൻപിൽ ജാഥാ സമാപനത്തിൽ ആയിരക്കണക്കിനാളുകൾ പങ്കെടുക്കും.
സംസ്ഥാന ചെയർമാൻ എം.പി ബാബുരാജ് ജാഥാ ക്യാപ്റ്റനും ജനറൽ കൺവീനർ എസ് രാജീവൻ വൈസ് ക്യാപ്റ്റനുമാണ്. മാർച്ച് ഒന്നിന് വൈകീട്ട് നാലു മണിക്ക് കാസർകോട് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷം മാർച്ച് 3, 4 തിയ്യതികളിൽ ജാഥയ്ക്ക് കണ്ണൂർ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. മാർച്ച് മൂന്നിന് രാവിലെ 9 - ന് കുഞ്ഞിമംഗലത്ത് ആദ്യ സ്വീകരണം നൽകും.
പഴയങ്ങാടി, പാപ്പിനിeശ്ശരി ഗേറ്റ് പുതിയ തെരുവിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് 4.30ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ ആദ്യ ദിന സ്വീകരണത്തിൻ്റെ സമാപനം നടക്കും. മാർച്ച് നാലിന്രാവിലെ 9 - ന് താഴെചൊവ്വയിൽ നിന്ന് ആരംഭിക്കുന്ന രണ്ടാം ദിവസത്തെ സമര ജാഥ ചാല, മുഴപ്പിലങ്ങാട് തുടങ്ങിയ പ്രദേശങ്ങിളിൽ പര്യടനം നടത്തി വൈകീട്ട് അഞ്ചിന് തലശ്ശേരി പുതിയ ബസ്റ്റാൻ്റിൽ സമാപിക്കും.
14 ജില്ലകളിലെയും സ്വീകരണത്തിന് ശേഷം മാർച്ച് 24ന് തിരുവനന്തപുരത്ത് സമര ജാഥ സമാപിക്കും. അതേസമയം, വാർത്താ സമ്മേളനത്തിൽ സംസ്ഥാന വൈസ് ചെയർമാൻ ടി.ടി ഇസ്മായിൽ, മറ്റു ഭാരവാഹികളായ എസ് രാജീവൻ, ' പി പി കൃഷ്ണൻ മാസ്റ്റർ, എ പി ബദറുദ്ദീൻ, അഡ്വ.പി.സി വിവേക് പങ്കെടുത്തു












Click it and Unblock the Notifications