ഭക്തജന സാഗരമായി കൊട്ടിയൂര്‍ തീര്‍ത്ഥാടക തിരക്ക് കൊണ്ടു വീര്‍പ്പുമുട്ടി
കൊട്ടിയൂര്‍: സ്‌കൂള്‍തുറക്കുന്നതിനു മുന്‍പുള്ള ഞായറാഴ്ച ദിനം കൊട്ടിയൂര്‍ ഉത്സവ നഗരി ഭക്തജന സാഗരമായി മാറി. ഞായറാഴ്ച്ചപുലര്‍ച്ചെ മുതല്‍ ആരംഭിച്ച ഭക്തജനങ്ങളുടെ ഒഴുക്കില്‍ കൊട്ടിയൂര്‍ നിറഞ്ഞു കവിഞ്ഞു. കിഴക്കേ നടയിലെ ദര്ശനത്തിനുള്ള ക്യൂ മന്ദംചേരി പാലം വരെയും പടിഞ്ഞാറേ നടയിലേത് ഇട ബാവലി വരെയും നീണ്ടു. രാവിലെ കത്തുന്ന വെയിലായിരുന്നെങ്കില്‍ വൈകുന്നേരം മൂന്ന് മണിയോടെ കനത്ത മഴയിലേക്ക് മാറി.
രാവിലത്തെ വെയിലും വൈകുന്നേരത്തെ മഴയും കൊണ്ടുമണിക്കൂറുകളോളം ക്യൂ നിന്നാണ് പലര്‍ക്കും ദര്‍ശനം ലഭിച്ചത്. കേളകം മുതല്‍ കൊട്ടിയൂര്‍ വരെയുള്ള റോഡും വാഹനബാഹുല്യത്താല്‍ വീര്‍പ്പുമുട്ടി. കേളകം വരെ വരുന്ന അഞ്ച് കിലോമീറ്ററോളം ദൂരം വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. പോലീസും ദേവസ്വം വളണ്ടിയര്‍മാരും ഏറെ പണിപ്പെട്ടാണ് വാഹന ഗതാഗതം നിയന്ത്രിച്ചത്.

വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളില്‍ മൂന്നാമത്തേതായ രേവതി ആരാധന ഞായറാഴ്ച നടന്നു. ആരാധനയുടെ ഭാഗമായി ഉച്ചയോടെ പൊന്നിന്‍ ശീവേലിയും തുടര്‍ന്ന് ആരാധനാ സദ്യയും സന്ധ്യക്ക് സ്വയംഭൂവില്‍ പാലമൃത് അഭിഷേകവുംനടന്നു. കോട്ടയം കോവിലകത്തുനിന്നാണ് അഭിഷേകസാധനങ്ങള്‍ കൊട്ടിയൂരില്‍ എത്തിച്ചത്. ഇവിടെ നിന്നും കൊണ്ടുവന്നവസ്തുക്കള്‍ ഉപയോഗിച്ച് തയാറാക്കുന്ന കളഭവും പെരുമാളിന് അഭിഷേകം ചെയ്തു.
ആരാധനകളില്‍ അവസാനത്തേതായ രോഹിണി ആരാധന ജൂണ്‍ ആറി ന് നടക്കും. തുടര്‍ന്ന് 8 എട്ടുമുതല്‍ ചതുശ്ശത പായസ നിവേദ്യങ്ങള്‍ നടക്കും. കഴിഞ്ഞ ദിവസം ഹൈക്കോടതി ജഡ്ജിമാര്‍ ഉള്‍പ്പെടെ കൊട്ടിയൂരില്‍ ദര്‍ശനം നടത്തിയിരുന്നു. കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ കൊട്ടിയൂരില്‍ ഏര്‍പ്പെടുത്തിയിരുന്നു. പൂര്‍ണമായും ഹരിത ചട്ടങ്ങള്‍ പാലിച്ചു കൊണ്ടാണ് കൊട്ടിയൂരില്‍ വൈശാഖ മഹോത്സവം നടത്തുന്നത്. തീര്‍ത്ഥാടകര്‍ക്കായി മുഴുവന്‍ സമയവും വൈദ്യസഹായവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications