കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് ഭക്തിസാന്ദ്രമായ പര്യവസാനം
കൊട്ടിയൂര്‍: ഈ വര്‍ഷത്തെ കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പരിസമാപ്തിയായി. കലശമണ്ഡപത്തില്‍ പൂജിച്ചുവെച്ച കളഭകുംഭങ്ങള്‍ വാദ്യഘോഷങ്ങളോടെ മുഖമണ്ഡപത്തിലേക്ക് എഴുന്നളളിച്ചു പ്രധാനതന്ത്രിമാരുടെ കാര്‍മികത്വത്തില്‍ സ്വയംഭൂവില്‍ അഭിഷേകം നടത്തി. തൃക്കലശാട്ടവും അനുബന്ധപൂജകളും കഴിഞ്ഞു ബുധനാഴ്ച്ച ഉച്ചയോടെ തന്ത്രിമാരുടെയും ഉപതന്ത്രിമാരുടെയും കുടുംബങ്ങളില്‍ നിന്ന് സന്നിഹിതരായവര്‍ മുഴുവന്‍ പൂര്‍ണപുഷ്പാഞ്ജലി ചെയ്തു.
ആടിയ കളഭം പ്രസാദമായി നല്‍കി. തൃക്കലശാട്ടത്തിന്റെ പര്യവസാനമൂഹര്‍ത്തത്തില്‍ മുതിരേരി ക്ഷേത്രത്തിലെ വാള്‍ തിരിച്ചെഴുന്നെളളിച്ചു. പിന്നീട് കോഴിക്കോട്ടിരി നമ്പൂതിരിപ്പാട് ഇക്കരെ കൊട്ടിയൂര്‍ അമ്പലത്തിനടുത്തെ പാമ്പറപ്പാന്‍ തോടുവരെ യാത്രാബലി നടത്തി. ഇതോടൊപ്പം ഭണ്ഡാരവും ചാപ്പാരം വാളുകളും തിരിച്ചെഴുന്നെളളിച്ചു. പടിഞ്ഞീറ്റ, പലോന്നം എന്നിവര്‍ ദേവി, ദേവ വിഗ്രഹങ്ങള്‍ ഇക്കരെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നെളളിച്ചതോടെ ഈ വര്‍ഷത്തെ വൈശാഖ മഹോത്സവത്തിന് സമാപനമായി.

വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി അത്തം നാളായ ചൊവ്വാഴ്ച്ച കൊട്ടിയൂരില്‍ വാളാട്ടവും കുടിപതികളുടെ തേങ്ങയേറും നടന്നിരുന്നു. തുടര്‍ന്ന് അത്തം ചതുശ്ശതം വലിയവട്ടളം പായസം പെരുമാള്‍ക്ക് നിവേദിച്ചു. ഉച്ചശീവേലിയുടെ മദ്ധ്യത്തിലായിരുന്നു വാളാട്ടം. ഭണ്ഡാരം എഴുന്നള്ളത്ത് ദിവസം എഴുന്നള്ളിച്ചുകൊണ്ടു വന്ന ചപ്പാരം ഭഗവതിയുടെ വാളുകളുമായി വളശ്ശന്മാര്‍ സ്ഥാനികര്‍ തിരുവഞ്ചിറയില്‍ ഇറങ്ങി നിന്ന് ദേവീദേവന്മാരുടെ മുന്നില്‍ വടക്കോട്ട് തിരിഞ്ഞു നിന്നാണ് വാളാട്ടം നടത്തിയത്.
മൂന്നു പേരും തിരുവഞ്ചിറയില്‍ പ്രദക്ഷിണം ചെയ്തു പോയിക്കഴിഞ്ഞ് ശീവേലി മുഴുമിച്ചു. അമ്മാറക്കല്‍ തറയ്ക്കും പൂവറയ്ക്കും മദ്ധ്യേ കുടിപതികളുടെ തേങ്ങയേറ് ചടങ്ങും നടന്നു. തുടര്‍ന്നാണ് അത്തം ചതുശ്ശതം പെരുമാള്‍ക്ക് നിവേദിച്ചത്. രാത്രിയില്‍ കലശ മണ്ഡപത്തില്‍ കലശപൂജയും നടന്നു. ഉത്സവത്തിലെ കൂത്ത് സമര്‍പ്പണവും കഴിഞ്ഞ ദിവസം നടന്നിരുന്നു.












Click it and Unblock the Notifications