എരുവേശി സഹകരണബാങ്ക് ഭരണം എല്‍.ഡി.എഫ് പിടിച്ചെടുത്തു: പിന്നാലെ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് ശക്തി കേന്ദ്രമായ പയ്യാവൂരിനടുത്തെ എരുവേശ്ശി സഹകരണ ബാങ്ക് ഭരണം ഇക്കുറിയും സി.പി.എം പിടിച്ചെടുത്തു.തെരഞ്ഞെടുപ്പിനിടെ സി.പി.എം പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ ബന്ദികളാക്കി വ്യാപക അക്രമം അഴിച്ചുവിട്ടുവെന്ന് പരാതിയുണ്ട്. വോട്ടു ചെയ്യാനായി പോളിങ് ബൂത്തിലെത്തിയ സ്ത്രീകള്‍ അടക്കമുള്ള യു.ഡി.എഫ് വോട്ടര്‍മാരെ തടഞ്ഞു മര്‍ദ്ദിച്ചുവെന്നാണ് ആരോപണം.
തെരഞ്ഞെടുപ്പില്‍ വ്യാപക അക്രമമഴിച്ചുവിട്ട സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയും തടയാന്‍ ചെന്ന യു.ഡി. എഫ് പ്രവര്‍ത്തകര്‍ക്കെതിരെയും സ്ഥലത്തുണ്ടായിരുന്ന പൊലീസ് ലാത്തിവീശി. അട്ടിമറി ആരോപിച്ച് യു.ഡി.എഫ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. തെരഞ്ഞെടുപ്പ് നടന്ന എരുവേശ്ശി കെ.കെ.എന്‍.എം സ്‌കൂളില്‍ രാവിലെ പത്തുമണി മുതല്‍ സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു.

വോട്ട് ചെയ്യാന്‍ എത്തിയ വനിതകള്‍ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു. യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. എരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈല ജോയ് അടക്കമുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റു.
സംഘര്‍ഷം കൈവിട്ടതോടെ തമ്പടിച്ചു നിന്ന സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ഇരിക്കൂര്‍ എംഎല്‍എ സജീവ് ജോസഫിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. വ്യാപക അക്രമവും കള്ളവോട്ടും നടന്നതായി സജീവ് ജോസഫ് എംഎല്‍എ ആരോപിച്ചു.
യു.ഡി.എഫ് ഭരിച്ചിരുന്ന സഹകരണ ബാങ്ക് കഴിഞ്ഞ തവണയാണ് എല്‍.ഡി.എഫ് പിടിച്ചെടുത്തത്. യു.ഡി.എഫ് ബഹിഷ്‌കരണത്തോടെ ഇത്തവണയും ബാങ്ക് ഭരണം എല്‍.ഡി. എഫ് നിലനിര്‍ത്തുമെന്നാണ് സൂചന. എരുവേശ്ശി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെയും, കോണ്‍ഗ്രസ് നേതാക്കളെയും അക്രമിച്ചു പരുക്കേല്‍പ്പിച്ച് യഥാര്‍ത്ഥ വോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ കയറ്റാതെ തടഞ്ഞുകൊണ്ട് ഇലക്ഷന്‍ അട്ടിമറിച്ചുകൊണ്ടാണ് സിപിഎം ബാങ്ക് ഭരണം നിലനിര്‍ത്തിയതെന്ന് സണ്ണി ജോസഫ് എം.എല്‍.എ ആരോപിച്ചു.
യഥാര്‍ത്ഥ വോട്ടര്‍മാരില്‍ ബഹു ഭൂരിപക്ഷവും യുഡിഎഫ് അനുകൂല വോട്ടര്‍മാര്‍ എന്നിരിക്കെ കുപ്രസിദ്ധമായ എകെജി ഹോസ്പിറ്റല്‍ തെരഞ്ഞെടുപ്പിന്റെ ഒരു ആവര്‍ത്തനമാണ് എരുവേശ്ശി ബാങ്ക് തെരഞ്ഞെടുപ്പില്‍ നടന്നത്. ഈ ജനാധിപത്യ ധ്വംസനത്തിനെത്തിരെ മുഴുവന്‍ ജനാധിപത്യ കക്ഷികളും രംഗത്ത് വരണമെന്നും, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തണമെന്നും സണ്ണി ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു.
സഹകരണ മേഖലയില്‍ ജനാധിപത്യ മൂല്യങ്ങള്‍ ചവിട്ടിമെതിക്കുന്ന സിപിഎമ്മിന്റെ കാടന്‍ നയമാണ് ഏരുവേശ്ശി ബേങ്ക് തെരഞ്ഞെടുപ്പില്‍ കണ്ടതെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു. സിപിഎം പ്രവര്‍ത്തകര്‍ രാവിലെ തന്നെ സംഘടിച്ചെത്തി യഥാര്‍ത്ഥ വോട്ടര്‍മാരെ തടയുകയും അക്രമം അഴിച്ചു വിട്ട് ബൂത്ത് പിടിച്ചെടുക്കുകയുമാണുണ്ടായത്. ഇരിക്കൂര്‍ എംഎല്‍എ സജീവ് ജോസഫ്, ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ഇമ്മാനുവല്‍ അടക്കമുള്ള നേതാക്കളെയും കൈയേറ്റം ചെയ്തു.
ബാങ്ക് ഭരണസമിതിയിലേക്ക് മല്‍സരിച്ച സ്ഥാനാര്‍ഥികളെയും, കോണ്‍ഗ്രസ് നേതാക്കളെയും തടഞ്ഞുവെച്ചു. യഥാര്‍ത്ഥ വോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ കയറ്റാതെ തടഞ്ഞും കള്ളവോട്ട് ചെയ്തും കയ്യൂക്കിലാണ് സിപിഎം ബാങ്ക് ഭരണം നിലനിര്‍ത്തിയത്. യഥാര്‍ത്ഥ വോട്ടര്‍മാരില്‍ ബഹു ഭൂരിപക്ഷവും യുഡിഎഫ് അനുകൂല വോട്ടര്‍മാരാണെന്നിരിക്കെ അക്രമത്തിലൂടെ ബാങ്ക് ഭരണം ഒരിക്കല്‍ കൂടി സി പി എം കൈയടക്കുകയാണുണ്ടായതെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു.












Click it and Unblock the Notifications