വരുന്ന പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ ബിജെപിയുടെ പരാജയം ഉറപ്പാക്കും: ഉദയനിധി സ്റ്റാലിന്‍
കണ്ണൂര്‍: കേന്ദ്രസര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്‍. 2024 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുമെന്ന് തമിഴ്‌നാട് യുവജനക്ഷേമ കായിക വകുപ്പ് മന്ത്രിയും ചലച്ചിത്ര നടനുമായ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വ്വകലാശാല സ്റ്റുഡന്റ്‌സ് യൂനിയന്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപന സമ്മേളനം താവക്കര ക്യാംപസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളത്തിലും തമിഴ്‌നാട്ടിലും ഫാസിസ്റ്റ് ശക്തികള്‍ക്ക് ഒരു സീറ്റു പോലും ലഭിച്ചിട്ടില്ല. രാഷ്ട്രീയപരമായി ഒരേ പോലെ ചിന്തിക്കുന്ന സംസ്ഥാനങ്ങളാണ് കേരളവും തമിഴ്‌നാടും. ദ്രാവിഡ രാഷ്ട്രിയമാണ് തമിഴ്‌നാടിന്റെ മുഖമുദ്ര. സാംസ്‌കാരികമായും ഭാഷാപരമായും കേരളവും തമിഴ്‌നാടും ഏറെ സാമ്യങ്ങളുണ്ട്. താന്‍ നടത്തിയ പ്രസംഗം ചില മാധ്യമങ്ങള്‍ തെറ്റായി കൊടുത്തപ്പോള്‍ ബിജെപി അതിനെ ദേശീയ തലത്തില്‍ വിവാദമാക്കുകയാണ് ചെയ്തത്.

ആ സമയം തനിക്ക് ഫാസിസ്റ്റ് ഭീഷണിയുണ്ടായപ്പോള്‍ ഏറെ പിന്തുണ ലഭിച്ച സംസ്ഥാനം കേരളമാണ്. രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ശക്തികളെ ചെറുക്കാന്‍ തമിഴ്‌നാടും കേരളവുമെന്നും മുന്‍പന്തിയിലുണ്ടാകും. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ രണ്ട് സംസ്ഥാനങ്ങളും ബിജെപിക്ക് ഒരു സീറ്റു പോലും നല്‍കില്ലെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. തമിഴ്‌നാടും കേരളവും തമ്മില്‍ ഏറെ രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക ബന്ധങ്ങളുണ്ട്.
തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന തന്റെ മുത്തച്ഛന്‍ കലൈഞ്ജര്‍ക്ക് കേരളത്തിലെ മുഖ്യമന്ത്രിമാരായ ഇകെ നായനാര്‍, സി അച്യുതമേനോന്‍ ,ഉമ്മന്‍ചാണ്ടി എന്നിവരുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാടുമായി നല്ല ബന്ധം നിലനിര്‍ത്തുന്നുണ്ട്. കേന്ദ്രം ഭരിക്കുന്ന ബിജെപി ഗവര്‍ണര്‍മാരെ ഉപയോഗിച്ചും ഇഡിയുള്‍പ്പെടെയുള്ള ഏജന്‍സികളെ ഉപയോഗിച്ചും തങ്ങള്‍ക്ക് എതിരായി നിലനില്‍ക്കുന്ന സംസ്ഥാനങ്ങളെ വേട്ടയാടുകയാണ്.
കേരളത്തിലും തമിഴ്‌നാട്ടിലും അതാണ് സംഭവിക്കുന്നത്. ഫെഡറല്‍ തത്വ ലംഘനമാണ് അവര്‍ നടത്തുത്തത്. ദ്രാവിഡ രാഷ്ട്രീയത്തിന് മുന്‍ഗണനയുള്ള തമിഴ്‌നാട്ടില്‍ ബിജെപിയുടെ തന്ത്രം വിലപോവില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായി കണ്ണൂര്‍ സര്‍വകലാശാലയിലെത്തിയ ഉദയനിധി സ്റ്റാലിന് സര്‍വകലാശാല യൂനിയന്‍ ഭാരവാഹികളും വിദ്യാര്‍ത്ഥികളും ആവേശകരമായ സ്വീകരണം നല്‍കി.
സമാപന സമ്മേളനത്തില്‍ കണ്ണൂര്‍ യൂനിവേഴ്‌സിറ്റി യുനിയന്‍ ചെയര്‍പേഴ്‌സന്‍ ടിപി. അഖില അധ്യക്ഷത വഹിച്ചു. കെവി സുമേഷ് എംഎല്‍എ, വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍, പ്രോ വൈസ് ചാന്‍സലര്‍ എ. സാബു, സിപിഎം ജില്ല സെക്രട്ടറി എംവി ജയരാജന്‍, എഴുത്തുകാരന്‍ അശോകന്‍ ചരിവില്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ സുകന്യ നാരായണന്‍, ഡോ. പ്രമോദ് വെള്ളച്ചാല്‍, രജിസ്ട്രാര്‍ ജോബി കെ. ജോസ്, ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ. റഫീഖ് ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ പി.എസ്. സഞ്ജീവ് സ്വാഗതവും ജോ. കണ്‍വീനര്‍ സി.വി. വിഷ്ണുപ്രസാദ് നന്ദിയും പറഞ്ഞു.












Click it and Unblock the Notifications