കൊവിഡ് പിടി അയയുന്നു: പരിയാരത്ത് ബൈപ്പാസ് സർജറി പുനരാരംഭിച്ചു
തളിപ്പറമ്പ്: കൊ വിഡ് രണ്ടാം തരംഗത്തിന് ശക്തി കുറഞ്ഞതോടെ കണ്ണുരിലെ ആശുപത്രികളിൽ ശസ്ത്രക്രിയകളും കൊവിഡ് ഇതര അസുഖങ്ങൾക്കുള്ള ഒ.പി - ഐ.പി ചികിത്സയും പുനരാരംഭിച്ചു.ഇതോടെകണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ ബൈപ്പാസ് ശസ്ത്രക്രിയ പുനരാരംഭിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. കെ.സുദീപ് അറിയിച്ചു. കോവിഡ് അതിവ്യാപന ഘട്ടത്തില്‍ ബൈപാസ് ശസ്ത്രക്രിയ താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

കോവിഡ് ബാധിച്ച ഹൃദയരോഗികളെ ശസ്ത്രക്രിയ ചെയ്യേണ്ടി വരുമ്പോള്‍ ഡോക്ടര്‍ ക്വാറന്റൈനില്‍ ആവുന്നതും കാര്‍ഡിയോ തൊറാസിക് സര്‍ജ്ജനായി ഒരു ഡോക്ടര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതുകൊണ്ടുമായിരുന്നു കോവിഡ് വ്യാപന ഘട്ടത്തില്‍ ഇടയ്ക്ക് ബൈപ്പാസ് സര്‍ജറി നിര്‍ത്തിവെയ്ക്കാന്‍ നിര്‍ബന്ധിതമായിരുന്നത്. മാത്രമല്ല, ആശുപത്രിയിലെ വിവിധ ഐ.സി.യുകളില്‍ മിക്കവാറും എല്ലാം ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ അടിയന്തിര സര്‍ജ്ജറിക്ക് ഉള്‍പ്പെടെയായി മാറ്റിവെയ്‌ക്കേണ്ടി വന്നതോടെ, കോവിഡേതര വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്ന അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ കാര്‍ഡിയോ തൊറാസിക് വിഭാഗത്തിലെ ഐ.ടി.യുവിലുള്‍പ്പെടെ പ്രവേശിപ്പിക്കേണ്ടി വന്നതും ചികിത്സ താത്ക്കാലികമായി മാറ്റിവെയ്ക്കുന്നതിന് ഇടയാക്കിയിരുന്നു.എന്നാല്‍ അപ്പോഴും ആഞ്ജിയോപ്ലാസ്റ്റി ഉള്‍പ്പെടെയുള്ള ഹൃദയ ശസ്ത്രക്രിയകള്‍ തടസം കൂടാതെ നടന്നിരുന്നു.
നിലവില്‍, ഒരു കാര്‍ഡിയോ തൊറാസിക് സര്‍ജ്ജനു പുറമേ മൂന്നുപേരെക്കൂടി സര്‍ക്കാര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് കാര്‍ഡിയോ തൊറാസിക് വിഭാഗത്തില്‍ അടിയന്തിരമായി നിയമിച്ചിട്ടുണ്ട്. ആറളം സ്വദേശിനിയായ 68 കാരിക്കാണ് ചികിത്സ പുനരാരംഭിച്ചപ്പോള്‍ ആദ്യ ബൈപ്പാസ് സര്‍ജ്ജറി നടത്തിയത്.
ഇതിനിടെ കണ്ണൂർ ജില്ലയില്‍ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതോടെ കൊവിഡ് വാര്‍ഡുകളില്‍ തിരക്ക് ഒഴിയുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ഇതോടെ ആശുപത്രികളില്‍ കൊവിഡ് ഇതര ചികിത്സ പൂര്‍വ്വ സ്ഥിതിയിലേക്ക് വരികയാണ്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സ്‌പെഷ്യലിസ്റ്റ് ഒപികള്‍ കഴിഞ്ഞ ദിവസം പുനരാരംഭിച്ചിട്ടുണ്ട്.ശസ്ത്രക്രിയകള്‍ ഒഴികെ കിടത്തി ചികിത്സ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ സാധാരണ നിലയിലേക്ക് എത്തും. ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. നിലവില്‍ അടിയന്തര ശസ്ത്രക്രിയകള്‍ ചെയ്യുന്നുണ്ട്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ കൊവിഡ് ചികിത്സക്കായി 198 കിടക്കകളാണ് സജ്ജമാക്കിയിരുന്നത്. ഇതില്‍ ഇപ്പോള്‍ 46 രോഗികള്‍ മാത്രമാണുള്ളത്.
ജില്ലയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണത്തിലും ഇതിനനുസരിച്ചു കുറവുണ്ട്. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആകെ 486 പേര്‍ മാത്രമേ ചികിത്സയിലുള്ളൂ. സര്‍ക്കാര്‍ ആശുപത്രികളില്‍ മൊത്തം 838 സാധാരണ കിടക്കകള്‍ ഉള്ളതില്‍ 248ല്‍ മാത്രമേ രോഗികളുള്ളൂ. 136 ഐസിയു കിടക്കകളില്‍ 103 പേരാണ് ചികിത്സയിലുള്ളത്. 60 വെന്റിലേറ്ററില്‍ 35 എണ്ണത്തിലാണ് രോഗികള്‍.
Recommended Video
അഞ്ച് സിഎസ്എല്‍ടിസികളിലായി ആകെ 239 കിടക്കകള്‍ ഉണ്ട്. ഇതില്‍ 62 പേര്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്. ഒമ്പത് സിഎഫ്എല്‍ടിസികളില്‍ 629 കിടക്കകള്‍ ഉള്ളതില്‍ 77ല്‍ മാത്രമാണ് രോഗികള്‍ ഉള്ളത്.ഡോമിസിലറി കെയര്‍ സെന്ററില്‍ 779 കിടക്കകളുണ്ട്. ഇതില്‍ നിലവില്‍ ഉപയോഗിക്കുന്നത് 34 മാത്രമാണ്. സ്വകാര്യ ആശുപത്രികളിലും കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുന്നുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) അറിയിച്ചു.












Click it and Unblock the Notifications