എംഎസ്എഫിന്റെ ഡിഐജി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: വയനാട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ കൊലപാതകത്തില്‍ ജുഡീഷ്വല്‍ അന്വേഷണം പ്രഖ്യാപിക്കുക, സര്‍വകലാശാല ഡീന്‍ നാരായണന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തി എംഎസ്എഫ് ഉത്തര മേഖല ഡിഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലിസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു.
സമരത്തിനു ശേഷം റോഡില്‍ കിടന്നു പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലിസ് ബലം പ്രയോഗിച്ചു അറസ്റ്റു ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് രണ്ടുപേര്‍ക്ക് പരുക്കേറ്റു. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുളളവരെയാണ് പൊലിസ് അറസ്റ്റു ചെയ്തു നീക്കുന്നതിനായി ബലപ്രയോഗം നടത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കണ്ണൂര്‍ കാല്‍ടെക്സ് ബാഫക്കി തങ്ങള്‍ മന്ദിരത്തില്‍ നിന്നാണ് എംഎസ്എഫ് പ്രവര്‍ത്തകര്‍ പ്രകടനമായി ഡിഐജി ഓഫീസിനു മുന്നിലെത്തിയത്.

ഓഫീസിനുമുന്നില്‍ കണ്ണൂര്‍ എസിപി കെവി വേണുഗോപാലിന്റെ നേതൃത്വത്തില്‍ പൊലീസ് ബാരിക്കേഡ് കെട്ടി പ്രവര്‍ത്തകരെ തടഞ്ഞിരുന്നു ഇതിനുശേഷം റോഡില്‍ കുത്തിയിരുന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതിനുശേഷം എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സികെ നജാഫ് ഉദ്ഘാടനം ചെയ്തു .മുഖ്യമന്ത്രിയുടെ മൗനം പ്രതികളെ രക്ഷിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു.
എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ എംപി മുഹമ്മദലി, ബികെ അഹമ്മദ്, എംഎസ്എഫ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് നസീര്‍ പുറത്തില്‍, ജനറല്‍ സെക്രട്ടറി കെപി റംഷാദ്, കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് താഹ തങ്ങള്‍, സവാദ് ആഗഡിമുഖള്‍, ഇജാസ് ആറളം, സൈഫുദ്ധീന്‍ തങ്ങള്‍, ഷഹീദ റഷീദ്, അഷ്ഫീല ഷഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായ ഷഹബാസ് കായ്യത്ത്, ഷഫീര്‍ ചെങ്ങളായി, തസ്ലീം അടിപ്പാലം, അസ്ഹര്‍ പാപ്പിനശേരി, ആദില്‍ എടയന്നൂര്‍, അന്‍വര്‍ ഷക്കീര്‍, പിഎ ഇര്‍ഫാന്‍, ആസിഫ് ചപ്പാരപടവ്, നഹല സഹീദ്, സക്കീര്‍ തായിറ്റേരി, എംകെ സുഹൈല്‍, റംഷാദ് റബ്ബാനി, സല്‍മാന്‍ പുഴാതി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. മാര്‍ച്ചിന് ശേഷം റോഡ് ഉപരോധിച്ച എംഎസ്എഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റ് ചെയ്തവരെ മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ കെപി താഹിര്‍, എംപി മുഹമ്മദലി, ബികെ അഹമ്മദ്, കോര്‍പ്പറേഷന്‍ മേയര്‍ മുസ്ലിഹ്‌മീത്തില്‍, സി എറമുളാന്‍, കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സിയാദ് തങ്ങള്‍, നസീര്‍ ചാലാട്, വാസില്‍ ചാലാട് എന്നിവര്‍ ടൗണ്‍ സ്റ്റേഷനിലെത്തി സന്ദര്‍ശിച്ചു.












Click it and Unblock the Notifications