വിവാദ പാനൂര്‍ നഗരസഭാസെക്രട്ടറിയെ നിലനിര്‍ത്തി; സര്‍ക്കാരിനെതിരെ പ്രക്ഷോഭമാരംഭിക്കുമെന്ന് ലീഗ്
തലശേരി: പാനൂര്‍ നഗരസഭാ ചെയര്‍മാനും മുസ്ലിം ലീഗ് നേതാക്കള്‍ക്കുമെതിരെ ഫോണ്‍ സംഭാഷണത്തിനിടെ വിവാദ പരാമര്‍ശംനടത്തുകയും നഗരസഭാഭരണസമിതിക്കെതിരെ ഗുരുതര അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത പാനൂര്‍ നഗരസഭാ സെക്രട്ടറി എ. പ്രവീണിനെ തല്‍സ്ഥാനത്ത് നിലനിര്‍ത്തിയ സര്‍ക്കാര്‍ ഉത്തരവ് രാഷ്ട്രീയ വിവാദമാകുന്നു. മാനന്തവാടിയിലേക്ക് ഇദ്ദേഹത്തെ അച്ചടക്കനടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയിരുന്നുവെങ്കിലും പിന്നീട് നവകേരളാസദസിന്റെ ഭാഗമായി തല്‍സ്ഥാനത്തു തന്നെ നിലനിര്‍ത്തുകയായിരുന്നു.
സ്ഥലം മാറ്റത്തിനെതിരെ എ. പ്രവീണ്‍ ട്രൈബ്യൂണലിനെ സമീപിച്ചു സ്റ്റേ വാങ്ങുകയും ജില്ലയില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്ന് അപേക്ഷിക്കുകയുമായിരുന്നു. തന്റെ ശാരീരിക പ്രശ്നങ്ങളും 2024-മെയ് മാസം വിരമിക്കല്‍ കാലാവധിയും ചൂണ്ടിക്കാട്ടിയാണ് സെക്രട്ടറി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണിലില്‍ സ്ഥലം മാറ്റം റദ്ദുചെയ്യാന്‍ വാദഗതികള്‍ ഉന്നയിച്ചത്. ഇതിന്‍ മേല്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് ഒരു മാസത്തെ സമയം ട്രൈബ്യൂണല്‍ നല്‍കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് തദ്ദേശസ്വയംഭരണ അണ്ടര്‍സെക്രട്ടറി ഡോ. കെ.മഞ്ജു നഗരസഭാസെക്രട്ടറിയെ ജില്ലയില്‍ മറ്റുസ്ഥലങ്ങളിലേക്ക് ഒഴിവുവരുന്നതു വരെ പാനൂര്‍ നഗരസഭയില്‍ തന്നെ നിലനിര്‍ത്തി ഉത്തരവ് പുറപ്പെടുവിച്ചത്.

സര്‍ക്കാരിന്റെ ഈ തീരുമാനം യു.ഡി. എഫിനും ഭരണസമിതിക്കുംകനത്ത തിരിച്ചടിയായിട്ടുണ്ട്.മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശംനടത്തിയ നഗരസഭാ സെക്രട്ടറിയെ വഴിയില്‍ തടയുമെന്ന് പ്രഖ്യാപിച്ചു നിരവധി സമരപരിപാടികള്‍ യൂത്ത് ലീഗും യുഡി എഫും നടത്തിയിരുന്നു. ഇതു എല്‍. ഡി. എഫ് സര്‍ക്കാരിനെ സ്വാധീനിച്ചു സെക്രട്ടറി നേടിയ ആനുകൂല്യമാണെന്നും ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചു.
പാനൂര്‍ നഗരസഭാ ചെയര്‍മാനെതിരെ വിവാദപരാമര്‍ശം നടത്തിയ പാനൂര്‍ നഗരസഭാ സെക്രട്ടറിക്കെതിരെ നടപടിയെടുക്കാതെ സി.പി. എം ഇരട്ടത്താപ്പുകാണിക്കുകയാണെന്ന് മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി പി.കെ ഷാഹുല്‍ഹമീദ് പാനൂരില്‍ മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ ഇന്ന് പറഞ്ഞു. ഒരുവശത്ത് സെക്രട്ടറിയെ പുറത്താക്കാന്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെടുകയും മറുവശത്ത് സംരക്ഷിക്കുകയുമാണ് സി. പി. എമ്മും സര്‍ക്കാരും ചെയ്യുന്നത്.
നിയമവഴികളില്‍ സര്‍ക്കാര്‍ സെക്രട്ടറിക്ക് അനുകൂലമായി നില്‍ക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് നവകേരളസദസിന്റെ മുഖ്യകാര്‍മികത്വം നല്‍കിയത്.സിപിഎമ്മിന്റെ ഇരട്ടത്താപ്പു തുറന്നുകാണിക്കാന്‍ വരും ദിവസങ്ങളില്‍ മതനിരപേക്ഷ ശക്തികളെ ഉള്‍പ്പെടുത്തി അതിശക്തമായ പ്രക്ഷോഭപരിപാടികള്‍ മുസ്ലിം ലീഗ് നടത്തുമെന്ന് പികെ ഷാഹുല്‍ ഹമീദ് പറഞ്ഞു.












Click it and Unblock the Notifications