പയ്യന്നൂരിലെ കവര്‍ച്ച: അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
പയ്യന്നൂര്‍: വീട്ടുകാര്‍ ഉറങ്ങി കിടക്കവെ പെരുമ്പയില്‍ വീട് കുത്തിതുറന്ന് സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്ന കേസ് റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു ഊര്‍ജ്ജിതമാക്കി. പരിയാരത്തെ കവര്‍ച്ച കേസില്‍ അന്വേഷണം നടത്തിയ സംഘത്തെ തന്നെയാണ് പെരുമ്പ കേസിലും നിയോഗിച്ചിരിക്കുന്നത്. വീട്ടില്‍ കവര്‍ച്ചക്കെത്തിയത് പ്രാദേശിക മോഷ്ടാക്കളല്ലെന്ന് തുടക്കത്തില്‍ തന്നെ സൂചന ലഭിച്ച പോലീസ് സംഘം പ്രൊഫഷണല്‍ കവര്‍ച്ചാ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ദേശീയ പാതയില്‍ നിന്നും വിവിധ സ്ഥലങ്ങളിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചുവെങ്കിലും കവര്‍ച്ച സംഘം എത്തിയതെന്ന് കരുതുന്ന വാഹനത്തിന്റെ ദൃശ്യമൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. സൈബര്‍ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള കുറ്റാന്വേഷണ മികവ് പുലര്‍ത്തുന്ന പോലീസ് സംഘത്തെയാണ് കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം ഹേമലത ഐപിഎസിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

കവര്‍ച്ച നടന്ന വീടും പരിസരവും സംഘം കഴിഞ്ഞ ദിവസം പരിശോധിച്ചു. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്. ഡിവൈഎസ്പി എ. ഉമേഷ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നുണ്ട്. കുറ്റാന്വേഷണ മികവില്‍ പോലീസ് മേധാവിയുടെ അനുമോദനം ഏറ്റുവാങ്ങിയ ചെറുപുഴ, പരിയാരം, പഴയങ്ങാടി സ്റ്റേഷനിലേയും പോലീസുകാരും പയ്യന്നൂര്‍ സ്റ്റേഷനിലെ എസ്‌ഐ എംകെ രഞ്ജിത്ത് ഉള്‍പ്പെടെയുള്ള ആറോളം പോലീസുകാരാണ് അന്വേഷണ സംഘത്തിലുള്ളത്.
പെരുമ്പ കൃഷ്ണാ ട്രേഡേഴ്‌സിന് സമീപത്തെ റഫീഖ് മന്‍സിലില്‍ സികെ സുഹ്റയുടെ വീട്ടിലാണ് മൂന്ന് ദിവസം മുന്‍പ് കവര്‍ച്ച നടന്നത്. വീട് കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന 76 പവന്റെ സ്വര്‍ണാഭരണങ്ങളും നാലായിരം രൂപയും നഷ്ടപ്പെട്ടതായി സുഹ്‌റയുടെ മകള്‍ സികെ സാജിത നല്‍കിയ പരാതിയില്‍ കേസെടുത്ത പോലീസിന്റെ അന്വേഷണം നടക്കുന്നതിനിടയില്‍ കള്ളന്റെ കണ്ണില്‍പെടാതിരുന്ന 30 പവന്‍ തിരിച്ച് കിട്ടിയിരുന്നു.
സുഹ്റയുടെ ഗള്‍ഫിലുള്ള മകള്‍ ഹസീന അലമാരയിലെ അടിയിലെ ഡ്രോയുടെ അകത്ത് സൂക്ഷിച്ചു വെച്ചിരുന്ന ആഭരണങ്ങളാണ് തിരിച്ചുകിട്ടിയത്. തുടര്‍ന്നു നടത്തിയ പരിശോധനകളില്‍ പ്രദേശത്തെ നിരീക്ഷണ കാമറയില്‍ നിന്നും കവര്‍ച്ചക്കെത്തിയ മോഷ്ടാവിന്റെ അവ്യക്തമായ ദൃശ്യവും ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മാതമംഗലം വെള്ളോറയില്‍ എടിഎം തകര്‍ത്ത് കവര്‍ച്ചാ ശ്രമം നടത്തിയവര്‍ക്ക് പെരുമ്പയിലെ കവര്‍ച്ചയുമായി ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്.












Click it and Unblock the Notifications