പിപ്പിടി കാട്ടിയാല്‍ ഭയക്കുമെന്ന് കരുതിയോ? പരിസ്ഥിതിയെ അവഗണിക്കുന്നവരല്ല തങ്ങളെന്ന് പിണറായി
കണ്ണൂര്‍: നാടിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനുള്ള പൂര്‍ണ പിന്തുണയാണ് പാര്‍ടി കോണ്‍ഗ്രസ് നല്‍കിയതെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. സി പി ഐ എം പാര്‍ടി കോണ്‍ഗ്രസിന്റെ സമാപന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടന പത്രികയിലെ കാര്യങ്ങള്‍ നടപ്പാക്കാനുള്ളതാണെന്നും ജനങ്ങളെ പറ്റിക്കാനുള്ളതല്ലെന്നും പിണറായി പറഞ്ഞു. സി പി ഐ എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്.
2016 ലെ പ്രകടനപത്രികയിലെ 600 കാര്യങ്ങളില്‍ 580 ഉം നടപ്പാക്കിയ സര്‍ക്കാരാണിതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അപ്പോഴാണ് ഒരുഭാഗത്ത് കേന്ദ്ര ഏജന്‍സികളും മറുഭാഗത്ത് എല്ലാം തങ്ങളുടെ കൈയിലാണെന്ന് അഹങ്കരിക്കുന്ന അന്തിചര്‍ച്ചക്കാരും പത്രക്കാരും വളഞ്ഞിട്ട് ആക്രമിച്ചത് എന്ന് പിണറായി പറഞ്ഞു. എന്നിട്ടും എല്‍ ഡി എഫ് അധികാരത്തിലെത്തിയത് നാടിന്റെ വികസനത്തിന് ജനങ്ങള്‍ നല്‍കിയ പിന്തുണയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഈ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും അത്തരം പ്രവര്‍ത്തനങ്ങളെ ഏതെങ്കിലും തരത്തിലുള്ള പിപ്പിടി കാട്ടി തടയാന്‍ നോക്കിയാല്‍ ഭയക്കുന്നവരല്ല തങ്ങള്‍ എന്നും പിണറായി ഓര്‍മിപ്പിച്ചു. കെ - റെയില്‍ പദ്ധതി പരിസ്ഥിതി പ്രശ്നമുണ്ടാക്കും എന്നാണ് വിമര്‍ശനം. എന്നാല്‍, ഈ പദ്ധതി പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ഗുണം കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കും എന്നതാണ് എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
വിശദമായ പരിസ്ഥിതി പഠനം നടക്കുന്നുണ്ടെന്നും പരിസ്ഥിതി എന്തോ ആയിക്കോട്ടെ വികസനം മതിയെന്ന് ചിന്തിക്കുന്നവരല്ല തങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു. സി പി ഐ എമ്മിന്റെ അഖിലേന്ത്യാ ലൈനാണ് കേരളത്തിലും നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയില്‍ വ്യത്യസ്ത ചേരികളുണ്ടെന്ന് പ്രചരിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എല്‍ ഡി എഫ് ഭരിക്കുമ്പോള്‍ കേരളം മുന്നോട്ടുപോകരുതെന്നാണ് ചിലരുടെ ശാഠ്യം.
സില്‍വര്‍ ലൈനിന് കേന്ദ്രാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും കെ റെയിലിന് ഒപ്പമാണെന്നും പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതിന് പകരം അന്ധമായി എതിര്‍ക്കുകയല്ല വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനത്തിന് എതിര് നില്‍ക്കുന്നവരെ തുറന്ന് കാട്ടുന്നതിന് പകരം അവര്‍ക്ക് വേണ്ടി വാദിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications