അജ്ഞാത മൃതദേഹം തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധനയ്‌ക്കൊരുങ്ങി പോലീസ്
തലശേരി: ന്യൂമാഹിക്കടുത്തെ കുഞ്ഞിപ്പള്ളിയില്‍ കടമുറിക്കുള്ളില്‍ നിന്ന് തലയോട്ടിയും അസ്ഥിയും ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ദൃശ്യം സിനിമമോഡല്‍ കൊലപാതകമാണോ നടന്നതെന്ന് പൊലിസ് സംശയിക്കുന്നുണ്ട്. കൊയിലാണ്ടി സ്വദേശിയുടെ ബന്ധുക്കളുടെ ഡിഎന്‍എ സാംപിളുകള്‍ പൊലീസ്ശേഖരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മൃതദേഹ ഭാഗങ്ങള്‍ കൊയിലാണ്ടി സ്വദേശിയുടേതെന്ന് അന്തിമ സ്ഥിരീകരണം വന്നിട്ടില്ല.
ഡിഎന്‍എ പരിശോധനാ ഫലമാണ് കേസില്‍ നിര്‍ണായകമാവുകയെന്നതാണ് അന്വേഷണ സംഘം പറയുന്നത്. ജനുവരി പന്ത്രണ്ടാം തീയതിയാണ് ദേശീയ പാത നിര്‍മ്മാണത്തിനായി റോഡരുകിലെ കെട്ടിടം പൊളിക്കുന്നതിനിടെ ഒരു വര്‍ഷമായി അടച്ചിട്ട കടമുറിക്കുള്ളില്‍ നിന്നും തലയോട്ടിയും അസ്ഥിയുടെ ഭാഗങ്ങളും കണ്ടെത്തിയത്.

അടച്ചിട്ട മുറിയില്‍ തലയോട്ടിയും, തൊട്ടടുത്ത മുറിയില്‍ നിന്ന് വാരിയെല്ലിന്റെ ഭാഗങ്ങളും കണ്ടെത്തി. മുമ്പ് ഹോട്ടലായി പ്രവര്‍ത്തിച്ചിരുന്ന കടമുറിക്കുള്ളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കിടയിലായിരുന്നു തലയോട്ടിയും അസ്ഥിയും കിടന്നിരുന്നത്. രണ്ട് വര്‍ഷം മുന്‍പ് കുന്നുമ്മക്കര സ്വദേശി ദേശീയ പാതാ അതോറിറ്റിക്ക് കൈമാറിയതാണ് കെട്ടിടം.
പൊലീസ് നടത്തിയ പരിശോധനയില്‍ സമീത്തുണ്ടായിരുന്ന വസ്ത്രത്തില്‍ നിന്നും മൊബൈല്‍ ഫോണും കണ്ടെത്തിയിരുന്നു. ഈ മൊബൈല്‍ ഫോണിന്റെ ഉടമയായ കൊയിലാണ്ടി സ്വദേശി കുറച്ചു മാസങ്ങളായി മിസ്സിങ്ങാണ്. ഇയാള്‍ ദൂരസ്ഥലങ്ങളിലൊക്കെ സഞ്ചരിക്കുന്ന ശീലുള്ള ആളെന്നാണ് ബന്ധുക്കളുടെ മൊഴി. അതുകൊണ്ട് തന്നെ മൃതദേഹാവശിഷ്ടം കൊയിലാണ്ടി സ്വദേശിയുടേത് തന്നെയാണോയെന്നതില്‍ സ്ഥിരീകരണമായിട്ടില്ല.
ഇക്കാര്യം ഉറപ്പിക്കാനായി ഡിഎന്‍എ പരിശോധനയ്ക്കായി ഇയാളുടെ ബന്ധുക്കളുടെ സാംപിളുകള്‍ പൊലീസ് ശേഖരിക്കുന്നത്. ഡിഎന്‍എ ഫലം അടക്കം ശാസ്ത്രീയ തെളിവുകളാണ് കേസില്‍ നിര്‍ണ്ണായകമാവുകയെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ നിരവധി ആളുകളുടെ മൊഴി പൊലീസ് ശേഖരിച്ചിട്ടുണ്ട്. മരിച്ചയാളുടെ അസ്ഥി ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് ലഭിച്ചാല്‍ മരിച്ചയാളുടെ പ്രായത്തെ കുറിച്ചു വ്യക്തതയുണ്ടാകുമെന്നാണ് പൊലിസിന്റെ നിഗമനം.












Click it and Unblock the Notifications