കമിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു
കണ്ണൂര്‍: കണ്ണൂര്‍ കോട്ടയിലെത്തിയ കമിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍. ടൂറിസം പൊലിസില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരനെയാണ് വകുപ്പ് തല അന്വേഷണം പൂര്‍ത്തിയായതിനു ശേഷം കുറ്റക്കാരനെന്ന് കണ്ടു സസ്‌പെന്‍ഡ് ചെയ്യാന്‍ കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ഉത്തരവിട്ടത്. ഒരു മാസം മുന്‍പാണ് പരാതിക്കാസ്പദമായ സംഭവം. കണ്ണൂരില്‍ ജോലി ചെയ്തു വരുന്ന കൊല്ലം സ്വദേശികളെയാണ് പൊലിസ് ഉദ്യോഗസ്ഥനായ മുഴപ്പിലങ്ങാട് സ്വദേശി പ്രവീഷ് ഭീഷണിപ്പെടുത്തിയത്.
കോട്ടയ്ക്കുള്ളിലെ ഇവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബെല്‍ ക്യാമറയില്‍ വീഡിയോയില്‍ പകര്‍ത്തി ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാതിരിക്കാന്‍ മൂവായിരം രൂപ ആവശ്യപ്പെടുകയായിരുന്നു. തങ്ങളുടെ കൈയ്യില്‍ അത്രയും പണമില്ലെന്നു പറഞ്ഞു ഒഴിവാകാന്‍ ശ്രമിച്ച കമിതാക്കള്‍ക്ക് തന്റെ ഗൂഗിള്‍ പേ നമ്പര്‍ നല്‍കുകയും പണം എത്രയും പെട്ടെന്ന് അയച്ചു തന്നില്ലെങ്കില്‍ ഇരുവരും തമ്മിലുള്ള ബന്ധം വീട്ടുകാര്‍ അറിയുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

അഡ്വാന്‍സായി മൂവായിരം ഉള്‍പ്പെടെ കാല്‍ ലക്ഷം രൂപ നല്‍കണമെന്നായിരുന്നു പ്രവീഷിന്റെ ആവശ്യം. ഇതിനായി ഇയാള്‍ അയച്ച വോയ്‌സ് കോളുകളും ടെക്സ്റ്റ് സന്ദേശവുമുള്‍പടെയാണ് കമിതാക്കള്‍ കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് പരാതിയായി നല്‍കിയത്. ഇതിനെ തുടര്‍ന്ന് കമ്മിഷണര്‍ അന്വേഷണത്തിന് ഉത്തരവിടുകയും രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ വസ്തുതയുണ്ടെന്നു തെളിയുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രവീഷിനെ കണ്ണൂര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് സ്ഥലം മാറ്റുകയും അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.
സദാചാര പോലിസിങ് ചമഞ്ഞാണ് പ്രവിഷ് പണം തട്ടിയെടുക്കുന്നതിനായി ശ്രമിച്ചത്. ഇടതു ഭരണ അനുകൂല സംഘടനയിലഭാരവാഹി കൂടിയാണ് പ്രതി' കണ്ണൂരിലെ പൊലിസുകാര്‍ നടത്തുന്ന നിയമലംഘനങ്ങള്‍ പൊലിസ് സേനയ്ക്കു തന്നെ അവമതിപ്പ് സൃഷ്ടിച്ചിരിക്കുകയാണ് രണ്ടാഴ്ച്ച മുന്‍പ് കണ്ണൂര്‍ തളാപ്പ് റോഡിലെ പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ചു അപായ പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ പൊലിസുകാരനെയും സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.












Click it and Unblock the Notifications