പാസഞ്ചര്‍ ട്രെയിനിലെ നഗ്‌നതാ പ്രദര്‍ശനം, യുവാവിന്റെ സിസിടിവി ദൃശ്യം പൊലിസ് പുറത്തുവിട്ടു
തലശേരി: കണ്ണൂര്‍-കോഴിക്കോട് പാസഞ്ചറിലെ ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ കയറി നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നു സംശയിക്കുന്ന യുവാവിന്റെ ഫോട്ടോ റെയില്‍വെ പൊലിസ് പുറത്തുവിട്ടു. യുവാവ് ട്രെയിനില്‍ നിന്നിറങ്ങുമ്പോള്‍ യുവതിയെടുത്ത ഫോട്ടോയാണ് റെയില്‍വെപൊലിസ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
പ്രതിയെ കുറിച്ചു വിവരം ലഭിച്ചാല്‍ കണ്ണൂര്‍ റെയില്‍വെ പൊലിസില്‍ അറിയിക്കാനാണ് നിര്‍ദ്ദേശം. എടക്കാട് സ്‌റ്റേഷനിലാണ് യുവാവ് ഇറങ്ങി ഓടിയത്. തിങ്കളാഴ്ച്ച വൈകുന്നേരം നാലേകാലിനാണ് സംഭവം.
വടകരയില്‍ നിന്ന് ലേഡീസ് കോച്ചില്‍ കയറിയ യുവതിക്കാണ് ദുരനുഭവമുണ്ടായത്. വടകരയില്‍ നിന്ന് കയറുമ്പോള്‍ കുറച്ചു സ്ത്രീകള്‍ കോച്ചിലുണ്ടായിരുന്നു. ഉറങ്ങിയ യുവതി തലശേരി വിട്ടപ്പോള്‍ ഉണര്‍ന്നു. പാന്റ്‌സും ഷര്‍ട്ടും ധരിച്ച ഒരുയുവാവ് കോച്ചിലുണ്ടായിരുന്നു.ലേഡീസ് കോച്ചാണ് ഇതെന്നു പറഞ്ഞെങ്കിലും അയാള്‍ കൂട്ടാക്കിയില്ല. പിന്നീട് നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.

ഇതുകണ്ടു യുവതി ബഹളം വെച്ചപ്പോള്‍ എടക്കാട് റെയില്‍വെ സ്‌റ്റേഷനില്‍ യുവാവ് ഇറങ്ങി ഓടുകയായിരുന്നു. യുവതി ട്രെയിന്‍ കണ്ണൂരിലെത്തിയപ്പോള്‍ കണ്ണൂര്‍ റെയില്‍വെ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് റെയില്‍വെ പൊലിസ് അന്വേഷണമാരംഭിച്ചത്. പ്രതിയുടെ സി.സി.ടി.വി ക്യാമറദൃശ്യം സോഷ്യല്‍മീഡിയയിലൂടെയാണ് പൊലിസ് പുറത്തുവിട്ടത്.
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പിനു ശേഷം ട്രെയിനില്‍ റെയില്‍വെ പൊലിസ് സുരക്ഷ ശക്തമായ സാഹചര്യത്തിലാണ് സ്ത്രീകളുടെ കംപാര്‍ട്ട്‌മെന്റില്‍ കയറി യുവാവ് നഗ്‌നതാ പ്രദര്‍ശനം നടത്തി. ഇതു റെയില്‍വെ പൊലിസ് ഗൗരവകരമായാണ് വീക്ഷിക്കുന്നത്. പ്രതിയെ പിടികൂടുന്നതിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
മൂന്നാഴ്ച്ച മുന്‍പ് ചെറുപുഴ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട സ്വകാര്യബസില്‍ നിന്നും മധ്യവയസ്‌കനായ ടിപ്പര്‍ലോറി ഡ്രൈവര്‍ ബസില്‍ കയറിയ യുവതിക്കെതിരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയിരുന്നു. ഈകേസില്‍ യുവതി വീഡിയോ ദൃശ്യം പകര്‍ത്തിസോഷ്യല്‍മീഡിയയിലൂടെ യുവതി പ്രചരിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതിയെ പൊലിസിന് പിടികൂടാനായത്. ഇതിനു ശേഷമാണ് കണ്ണൂരില്‍ ട്രെയിനിലും നഗ്‌നതാ പ്രദര്‍ശനം നടന്നത്.












Click it and Unblock the Notifications