നേതാക്കളെ കളളക്കേസില്‍ കുടുക്കിയതില്‍ പ്രതിഷേധിച്ച് സിപിഐയുടെ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച്
കണ്ണൂര്‍: തളിപറമ്പില്‍ സിപിഎം- സിപിഐ ബന്ധം വീണ്ടും വഷളായി. സിപിഎമ്മുകാര്‍ക്കു വേണ്ടി സിപിഐ നേതാക്കളെ കളളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്ന പൊലിസ് നടപടിയില്‍പ്രതിഷേധിച്ചു തിങ്കളാഴ്ച്ച രാവിലെ പത്തുമണിക്ക് തളിപറമ്പ് പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താന്‍ സിപിഐ ലോക്കല്‍ കമ്മിറ്റിയോഗം തീരുമാനിച്ചു. സി.പി. ഐ ജില്ലാകൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍, ലോക്കല്‍ കമ്മിറ്റിയംഗം എം.വിജേഷ്, മാന്ധംകുണ്ട് ബ്രാഞ്ച് അസി.സെക്രട്ടറി കെ.ബിജു എന്നിവരെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് ആരോപണം.
സിപിഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ചുവെന്നാരോപിച്ചു കഴിഞ്ഞ ഞായറാഴ്ച്ചയാണ് സിപിഐ നേതാക്കള്‍ക്കെതിരെ പൊലിസ് കേസെടുത്തത്. സി.പി. ഐ പ്രവര്‍ത്തന ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി ഭവനസന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കെ അസുഖബാധിതനായി വിശ്രമിക്കുന്ന പോള മനോഹരനെകാണാന്‍ ചെന്നപ്പോള്‍ അവിടെ എത്തിയ സിപിഎം പ്രവര്‍ത്തകന്‍ നവനീതിനോട് സി.പി. ഐ പ്രവര്‍ത്തകന്‍ നവനീതിനോട് സി.പി. ഐ കുടുംബസംഗമസമയത്ത് കൂവി വിളിച്ചത് ശരിയായില്ലെന്ന് പറഞ്ഞതിനാണ് മാരകായുധങ്ങളുമായി അക്രമിച്ചുവെന്ന കളളക്കേസുണ്ടാക്കിയതെന്ന് സിപിഐ ലോക്കല്‍ സെക്രട്ടറി എം., രഘുനാഥ് ആരോപിച്ചു.

പ്രതിഷേധമാര്‍ച്ച് സംസ്ഥാനകൗണ്‍സില്‍ അംഗം സി.പി ഷൈജന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ നേതാക്കളായ വേലിക്കാത്ത് രാഘവന്‍, വി.വി കണ്ണന്‍, മണ്ഡലം സെക്രട്ടറി പി.കെ മുജീബ് റഹ്‌മാന്‍ പ്രസംഗിക്കും. ആഭ്യന്തര വകുപ്പിനെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് സി.പി. ഐ മാര്‍ച്ചു നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ആഭ്യന്തര വകുപ്പ് കയ്യാളുന്നത്. ഇടതു മുന്നണിയിലെ രണ്ടാമത്തെ ഘടകകക്ഷി തെന്ന പൊലിസിനെതിരെ ആക്ഷേപമുയര്‍ത്തി സ്റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത് ജില്ലയില്‍ ആദ്യമാണ്.
മാന്ധം കുണ്ടില്‍ നിന്ന് കോമത്ത് മുരളീധരന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം സിപിഎം പ്രവര്‍ത്തകര്‍ സി.പി. ഐയില്‍ ചേര്‍ന്നതോടെയാണ് ഇരുപാര്‍ട്ടികളും തമ്മിലുളള ബന്ധം വഷളായത്. എല്‍ഡിഎഫ് നോര്‍ത്ത് ലോക്കല്‍ കുടുംബസംഗമത്തില്‍ നിന്ന് സി.പി. ഐ വിട്ടു നില്‍ക്കുന്നതിലേക്ക് വരെ പ്രശ്നമെത്തിയിരുന്നു.സി.പി. ഐയില്‍ ചേര്‍ന്ന ബിജുവിന് സിപിഎം സഹകരണ സ്ഥാപനത്തില്‍ ജോലി നിഷേധിച്ചിരുന്നു.
സിപിഐ മാന്ധംകുണ്ട് ബ്രാഞ്ച് അസി.സെക്രട്ടറിയായി മാറിയ ബിജുവിനെ പിന്നീട് സിപിഐ സ്ഥാപനത്തില്‍ ജോലി നല്‍കുകയായിരുന്നു.സി.പി. ഐയില്‍ ചേര്‍ന്ന രണ്ടാളുകളുടെ ഭാര്യമാരെ സിപിഎം സഹകണസ്ഥാപനത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. സിപിഐ കണ്ണൂര്‍ ജില്ലാ നേതാക്കള്‍ സിപിഎം ഏരിയാ നേതാക്കളുമായി ബന്ധപ്പെട്ടാണ് ഇവരില്‍ ഒരാളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചത്.












Click it and Unblock the Notifications