തോക്ക് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ആയുധ പരിശീലനം നല്‍കാന്‍ പോലീസ്
പയ്യന്നുർ: കേരളത്തിൽ തോക്ക് ലൈസന്‍സിനായി പുതുതായി അപേക്ഷിക്കുന്നവര്‍ക്ക് ശാസ്ത്രിയമായി പരിശീലനം നൽകാൻ പൊലിസ് പദ്ധതി.2016 ലെ കേന്ദ്ര ആയുധ ചട്ട പ്രകാരമുള്ള ആംസ് ആൻഡ് അമ്മ്യൂണിഷന്‍ സുരക്ഷാ പരിശീലനം നല്‍കുന്നതിനുള്ള ചുമതല പോലീസ് വകുപ്പ് തന്നെ ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.ഇതുസംബന്ധിച്ച് ഡിജിപിയുടെ നിര്‍ദേശം അംഗീകരിച്ച് വ്യവസ്ഥകളും നിയമാവലികളും തയാറാക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വന്യമൃഗങ്ങളില്‍നിന്നും കാര്‍ഷികവിളകള്‍ സംരക്ഷിക്കുന്നതിനായി കര്‍ഷകരുടെ ഭാഗത്തുനിന്നുള്‍പ്പെടെ പുതുതായി തോക്ക് ലൈസന്‍സിനുള്ള അപേക്ഷകള്‍ വരുമ്പോള്‍ പരിശീലനം നേടിയതിന്‍റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് അവ നിരസിക്കപ്പെടുന്ന സാഹചര്യത്തില്‍ കാസര്‍ഗോട്ടെ അഭിഭാഷകനായ പ്രദീപ് റാവു മേപ്പോട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതുസംബന്ധിച്ച് ഹൈക്കോടതി ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും ഉള്‍പ്പെടെയുള്ളവരില്‍നിന്നു വിശദീകരണം തേടുകയും ചെയ്തു. ഈയാഴ്ച കേസ് വീണ്ടും പരിഗണിക്കാനിരിക്കേയാണ് സര്‍ക്കാര്‍ തീരുമാനം.
തോക്ക് ലൈസന്‍സിനായി അപേക്ഷിക്കുന്നവര്‍ അംഗീകൃത പരിശീലകരില്‍നിന്നും പരിശീലനം നേടിയതിന്‍റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് 2016 ലെ കേന്ദ്ര ആയുധ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. പരിശീലനത്തിന്‍റെ വ്യവസ്ഥകളും കാലയളവുമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലാത്തതിനാല്‍ താത്കാലിക സംവിധാനമെന്നനിലയില്‍ അതത് സംസ്ഥാനങ്ങളിലെ പോലീസ് വകുപ്പുകള്‍ ഈ പരിശീലനത്തിനുള്ള സൗകര്യം ഒരുക്കണമെന്നാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് മറ്റു സംസ്ഥാനങ്ങളിലെ പോലീസ് വകുപ്പുകള്‍ നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടും കേരളത്തില്‍ മാത്രം യാതൊരു നടപടികളും ഉണ്ടാകാത്തതിനെതിരേയാണ് കാസര്‍ഗോഡ് ബാര്‍ അസോസിയേഷന്‍ സെക്രട്ടറികൂടിയായ പ്രദീപ് റാവു മേപ്പോട്ട് ഹൈക്കോടതിയെ സമീപിച്ചത്.
കേരളത്തിലെവിടെയും പരിശീലനത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്താതെയും സംസ്ഥാനത്തിന് പുറത്തുനിന്നും നേടിയ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കാതെയും സാധാരണക്കാരായ അപേക്ഷകരെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ സ്വീകരിക്കുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി ഉത്തരവും സംസ്ഥാന സര്‍ക്കാരിന്‍റെ ചട്ടങ്ങളും പാലിച്ചുകൊണ്ട് കാസര്‍ഗോഡ് ജില്ലയിലാദ്യമായി കാട്ടുപന്നിയെ വെടിവച്ചുവീഴ്ത്തിയതും കര്‍ഷകൻകൂടിയായ പ്രദീപ് റാവുവായിരുന്നു. പത്തുവര്‍ഷമായി തോക്ക് ലൈസന്‍സുള്ള പ്രദീപ് റാവു പുതുതായി റിവോള്‍വര്‍ കൈവശം വയ്ക്കുന്നതിനായി നല്‍കിയ അപേക്ഷയും പരിശീലന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം മാറ്റിവച്ചിരുന്നു.












Click it and Unblock the Notifications