അറസ്റ്റു ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകനെ വാഹനത്തിൽ നിന്നും ഇറക്കിവിട്ട പൊലിസിനെ സ്ഥലം മാറ്റി
കണ്ണൂർ: രാഷ്ട്രീയ പക്ഷപാതിത്വത്തോടെ നിയമ സംവിധാനത്തിൽ ഇടപ്പെട്ട പൊലിസുകാരനെതിരെ അച്ചടക്കനടപടി.വകുപ്പുതല അന്വേഷണത്തിനെ തുടർന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ അച്ചടക്കനടപടി സ്വീകരിച്ചത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷൻ ഉപരോധിച്ചതിന് അറസ്റ്റു ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ പൊലിസ് വാഹനത്തിൽ നിന്നും അനുമതിയില്ലാതെ ഇറക്കിവിട്ട ഡ്രൈവർക്കെതിരെയാണ് അച്ചടക്കനടപടി.
കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മോചിപ്പിക്കാൻ അന്യായമായി ഇടപെട്ട പൊലിസ് ഉദ്യോഗസ്ഥൻ ഗുരുതരമായ സർവീസ് ചട്ടലംഘനമാണ് നടത്തിയതെന്ന ആരോപണം ഉയർന്നിരുന്നു. കണ്ണൂർ സിറ്റി ജില്ലാ പൊലിസ് ആസ്ഥാനത്തെ ഡ്രൈവർ ജിതിൻ ശ്യാമിനെയാണ് പത്തനംതിട്ട ജില്ലാ പൊലിസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയത്. കഴിഞ്ഞ സെപ്തംബർ ആറിന് യൂത്ത് കോൺഗ്രസ് സിറ്റി പൊലിസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിനെ തുടർന്ന് അറസ്റ്റ് ചെയ്ത പ്രവർത്തകരെ പോലീസ് ബസിൽ സ്റ്റേഷനിലേക്ക് എത്തിക്കാനായിരുന്നു നീക്കം.

സ്റ്റേഷനടുത്ത് ബസ് നിർത്തിയിട്ട സമയത്ത് പൊലീസ് വാഹനത്തിന്റെ ഡ്രൈവറായ അഴിക്കോട് സ്വദേശി ജിതിൻ ശ്യാം യൂത്ത് കോൺഗ്രസ് പ്രവർത്തകനായ അഖിലിനെ മോചിപ്പിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ സ്റ്റേഷനിലേക്ക് മാറ്റവേ കൂടെയുണ്ടായിരുന്ന മറ്റ് പൊലീസുകാരോട് ഇയാൾക്ക് സംഘർഷത്തിൽ പങ്കില്ലെന്നും വിട്ടയക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മറ്റ് പൊലീസുകാരുടെ എതിർപ്പിനിടെ അഖിലിന് മോചിതനാവാൻ അവസരമൊരുക്കി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാർ മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പൊലീസ് ബസിൽ കയറ്റുന്ന ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ലഭിച്ചു.
വിഷയത്തില്‍ കോൺഗ്രസ് അനുകൂലിയായ ജിതിൻ ശ്വാമിനെതിരെ സോഷ്യൽ മീഡിയയിൽ ഇടത് സൈബർ വിങ്ങുകൾ കടുത്ത അക്രമണം അഴിച്ചു വിട്ടിരുന്നു. അച്ചടക്ക ലംഘനം മുഖ്യമന്ത്രിയുടെ ഓഫിസിൻ്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. ഇതേ തുടർന്നാണ് രഹസ്യാന്വേഷണ വിഭാഗം കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർക്ക് അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിച്ചത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ സർവിസ് ചട്ടലംഘനമുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.












Click it and Unblock the Notifications