തലചായ്ക്കാനിടം നഷ്ടപ്പെട്ട വയോധികയ്ക്കും മകള്‍ക്കും വീടെടുത്തു നല്‍കി പൊലിസുകാരനും കുടുംബവും
ചക്കരക്കല്‍: സ്വന്തം വീടിനരികെ തലചായ്ക്കാനിടം നഷ്ടപ്പെട്ട വയോധികയ്ക്കും മകള്‍ക്കും സ്വന്തം പണം ചെലവഴിച്ചു വീടെടുത്തു നല്‍കി സോഷ്യല്‍മീഡിയയുടെ കൈയ്യടി നേടിയിരിക്കുകയാണ് കണ്ണൂര്‍ ചക്കരക്കല്‍ മുതുകുറ്റിയിലെ പൊലിസുകാരനും കുടുംബവും. സ്വന്തം അധ്വാനത്തില്‍ നിന്നും ശേഖരിച്ച തുകയും ബാങ്കില്‍ നിന്നും വായ്പയെടുത്തുമാണ് ഇവര്‍ വീടില്ലാത്ത വയോധികയ്ക്കും മകള്‍ക്കും തലചായ്ക്കാനൊരിടം നിര്‍മിച്ചു നല്‍കിയത്.
കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ എ.എസ്.ഐ സി.കെ സുജിത്തും ഭാര്യ താവക്കര യു.പി. സ്‌കൂളിലെ പ്യൂണ്‍ സുധയും ചേര്‍ന്നാണ് അയല്‍വാസിയും ബന്ധുവുമായ പ്രസന്നയ്ക്ക് ചക്കരക്കല്‍ മുതുകുറ്റിയില്‍ സ്വന്തം വീടിനരികെ തന്നെ ഇവര്‍ക്ക് പുതിയ വീട്വെച്ചു കൊടുത്തത്. നേരത്തെയുണ്ടായിരുന്ന തറവാട് വീട് ഭാഗം വെച്ചപ്പോള്‍ മറ്റൊരാള്‍ക്ക് ലഭിച്ചതിനാല്‍ ഇവര്‍ക്ക് നഷ്ടമായിരുന്നു. ഇതോടെ വയോധികയും മകളും പെരുവഴിയിലിറങ്ങേണ്ടി വരുമെന്ന അവസ്ഥയായി.

ഇക്കാര്യം മനസിലാക്കിയാണ് ഇവരുടെ സ്ഥലത്തു തന്നെ ഇഷ്ടമുള്ള പ്ലാനില്‍ വീടുവെച്ചുകൊടുക്കാന്‍ തീരുമാനിച്ചതെന്ന് സുജിത്ത് പറഞ്ഞു. നിര്‍മാണ ചെലവോ മറ്റു കാര്യങ്ങളോ നോക്കിയില്ലെന്നും വീടൊരുക്കുക മാത്രമായിരുന്നു ആത്യന്തിക ലക്ഷ്യമെന്നും ഇദ്ദേഹം പറഞ്ഞു. കഴിഞ്ഞ കൊവിഡ് അടച്ചു പൂട്ടലിലാണ് വീടുനിര്‍മാണമാരംഭിച്ചത്. രണ്ടുവര്‍ഷമെടുത്താണ് പൂര്‍ത്തീകരിച്ചത്.
കഴിഞ്ഞ ദിവസം വീടിന്റെ താക്കോല്‍ദാനം ടൗണ്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത് കോടേരി, സുജിത്തിന്റെ മക്കളായ ദേവിക, മധുവന്തി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ദേശീയ അധ്യാപക ജേതാവ് രാധാകൃഷ്ണന്‍ മാണിക്കോത്ത് ചടങ്ങില്‍ പങ്കെടുത്തു. ഗൃഹപ്രവേശനത്തിനോടനുബന്ധിച്ച് നാട്ടുകാര്‍ക്ക് സദ്യയും ഒരുക്കിയിരുന്നു.












Click it and Unblock the Notifications