പയ്യന്നൂരിലെ കവര്‍ച്ച; പ്രതികള്‍ വന്‍മോഷണ സംഘത്തിലെ കണ്ണികളെന്ന് പോലീസ്, കസ്‌റ്റഡി ആവശ്യപ്പെടും
പയ്യന്നൂര്‍: മാതമംഗലം പാണപ്പുഴ റോഡില്‍ മാത്ത് വയലില്‍ റിട്ട. ബേങ്ക് ഉദ്യോഗസ്ഥന്റെ വീട് കുത്തിതുറന്ന് 16 ലക്ഷത്തിമൂവായിരത്തിന്റെആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പോലീസ് അറസ്‌റ്റിലായ പ്രതികളെ കൂടുതല്‍ ചോദ്യംചെയ്യുന്നതിനും തെളിവെടുപ്പിനുമായി ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ നിന്നും വിട്ടുകിട്ടാന്‍ ഹരജി നല്‍കും.
പാലക്കാട് നെന്മാറ സ്വദേശിയും കാസര്‍ഗോഡ് ബദിയടുക്ക നെക്രാജെ അര്‍ളടുക്കത്ത് താമസക്കാരനുമായ കാസര്‍ഗോഡ് ജില്ലാ കാരംസ് ചാമ്പ്യനും കാസറഗോഡ് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ ഓട്ടോ ഡ്രൈവറും കുപ്രസിദ്ധ മോഷ്ടാവുമായ കാജാ ഹുസൈന്‍(55), കാസർഗോഡ് ടൗണിലെ ഓട്ടോ ഡ്രൈവറും വിദ്യാനഗറില്‍ താമസക്കാരനുമായ അബ്‌ദുള്‍ ലത്തീഫ് (46) എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.

പയ്യന്നൂര്‍ ഡിവൈഎസ്‌പി കെ വിനോദ് കുമാറിന്റെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എഎസ്ഐ സയ്യിദ് ,ഷി ജോ അഗസ്‌റ്റിന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ നൗഫല്‍ അഞ്ചില്ലത്ത്, അഷറഫ്, സിവില്‍ പോലീസ് ഓഫീസര്‍ അബ്‌ദുള്‍ ജബ്ബാര്‍ എന്നിവരടങ്ങിയ സംഘം കഴിഞ്ഞ ദിവസം പിടികൂടിയത്.
ഇവര്‍ മോഷ്‌ടിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ കാസര്‍ഗോഡ് പ്രസ് ക്ലബിന് സമീപത്തെ ജ്വല്ലറിയില്‍ വില്‍പന നടത്തിയ ആഭരണങ്ങള്‍ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മറ്റു ആഭരണങ്ങള്‍ കോഴിക്കോട്, പാലക്കാട് ഭാഗങ്ങളില്‍ വില്‍പന നടത്തിയ വിവരവും ലഭിച്ചിട്ടുണ്ട്. മോഷ്‌ടാക്കള്‍ രണ്ടു ദിശകളിലേക്കും ആഭരണങ്ങള്‍ മാറ്റുകയായിരുന്നു. കവര്‍ച്ചക്ക് ശേഷം തിരിച്ചു പോകവെ മറ്റിടങ്ങളിലെ മൂന്നോളം വീടുകളിലും മോഷണശ്രമം നടത്തിയെങ്കിലും തെരുവ് നായ്ക്കള്‍ മോഷ്‌ടാക്കളെ തുരത്തി ഓടിച്ച വിവരവും പുറത്തുവന്നിട്ടുണ്ട്.
പാലക്കാട് കേന്ദ്രീകരിച്ചുള്ള വന്‍ കവര്‍ച്ച സംഘമാണ് പിന്നിലെന്ന് നേരത്തെ പോലീസിന് സൂചന ലഭിച്ചിരുന്നു. കവര്‍ച്ചയിലെ മുഖ്യ സൂത്രധാരനെ കണ്ടെത്താനുള്ള നീക്കം അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. റിമാന്റില്‍ കഴിയുന്ന പ്രതികളെ കസ്‌റ്റഡിയില്‍ ലഭിക്കുന്നതിന് പോലീസ് പയ്യന്നൂര്‍ കോടതിയില്‍ അപേക്ഷ നല്‍കും.ജൂണ്‍ 19 ന് പുലര്‍ച്ചെ 3.15 മണിയോടെയാണ് മോഷ്‌ടിച്ച ഇരുചക്രവാഹനത്തിലെത്തിയ സംഘം കവര്‍ച്ച നടത്തിയത്.
വീടു കുത്തിതുറന്ന മോഷ്‌ടാക്കള്‍ അകത്തെ നാലുമുറികളിലെ അലമാരകള്‍ കുത്തിതുറന്ന് സ്വര്‍ണ്ണാഭരണങ്ങളും ഡയമണ്ട് കമ്മലും ഉള്‍പ്പെടെ 16 ലക്ഷത്തിന്റെ ആഭരണങ്ങള്‍ കവര്‍ന്നു. കവര്‍ച്ചക്ക് ശേഷം വാഹനത്തില്‍ തളിപ്പറമ്പ് ഭാഗത്തേക്ക് മഴക്കോട്ടിട്ട്ഓടിച്ചു പോകുകയായിരുന്നു. പാണപ്പുഴ മാത്ത് വയലിലെ റിട്ട.എസ്.ബി.ഐ. ഉദ്യോഗസ്ഥന്‍ പി.ജയപ്രസാദിന്റെ (62) വീട് കുത്തിതുറന്നാണ് കവര്‍ച്ച നടത്തിയത്. 40 ദിവസത്തോളം പ്രത്യേക അന്വേഷണ സംഘം നടത്തിയ ഊര്‍ജിത തിരച്ചലിലാണ് പ്രതികള്‍ പിടിയിലായത്.












Click it and Unblock the Notifications