• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വോട്ടുകച്ചവടത്തിൻ്റെ പേരിൽ സി.പി.എം പച്ച നുണ തട്ടി വിടുന്നു: സതീശൻ പാച്ചേനി

കണ്ണുർ:എസ്.ഡി.പി.ഐയുമായും ബി.ജെ.പിയുമായും സി.പി.എം നടത്തിയ വോട്ട് കച്ചവടം പിടിക്കപ്പെട്ടപ്പോൾ സി.പിഎം നുണ പ്രചരണം നടത്തുകയാണെന്ന് കണ്ണൂർ ഡി.സി.സി പ്രസിഡൻ്റ് സതീശൻ പാച്ചേനി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വർഗീയ ശക്തികളുടെ കൂടി വോട്ടു വാങ്ങിയിട്ട് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ നിർലജ്ജം പച്ച നുണകൾ തട്ടിവിടുകയാണെന്ന് പാച്ചേനി ആരോപിച്ചു.

വോട്ട് കച്ചവടം എന്ന് കേൾക്കുമ്പോൾ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ തലയിൽ തപ്പി നോക്കുന്ന അവസ്ഥയാണ്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എസ്ഡിപിഐയുമായും ബിജെപിയുമായും സി.പി.എം നടത്തിയ വോട്ട് കച്ചവടം പിടിക്കപ്പെട്ടപ്പോൾ ഉള്ള ജാള്യതയിൽ സി.പിഎം ജില്ലാ സെക്രട്ടറി തന്നെ നുണ പ്രചരണം നടത്തുന്നതിന് നേതൃത്വം നൽകുകയാണെന്നും പാച്ചേനി ആരോപിച്ചു.

പരസ്യമായ വോട്ട് കച്ചവടത്തിലൂടെ രാഷ്ട്രീയ അന്തസ്സ് കളഞ്ഞ് കുളിച്ചപ്പോൾ, അതുമായി ബന്ധപ്പെട്ട വാർത്തകളും യഥാർത്ഥ വസ്തുതകളും പുറത്തുവന്നപ്പോൾ സിപിഎം ജില്ലാ സെക്രട്ടറി ഗീബൽസിനെ പോലും നാണിപ്പിക്കുന്ന ആക്ഷേപങ്ങളുമായി രംഗത്ത് വരികയാണ്. ജില്ലയിലെ പല പഞ്ചായത്തിലും , നഗരസഭകളിലും, കോർപ്പറേഷനുകളിലും വോട്ടുകച്ചവടം നടന്ന സ്ഥലങ്ങളിലെ എൽ.ഡി.എഫ് ലഭ്യമായ വോട്ടുകളുടെ കണക്ക് പരിശോധിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിക്ക് ധൈര്യമുണ്ടോയെന്ന് വ്യക്തമാക്കണം.

പുരോഗമന മതേതരത്വ നിലപാട് റെക്കോഡ് ചെയ്ത് കേൾപ്പിക്കുന്നത് പോലെ എല്ലാ അവസരങ്ങളിലും പറയുന്ന സി.പി.എം നേതൃത്വത്തിന്റെ എസ്.ഡി.പി.ഐയും ബി.ജെ.പിയുമായുള്ള വോട്ട് കച്ചവടത്തിന് പറയുന്ന ന്യായീകര കാപ്സൂൾ എന്താണെന്നറിയാൻ ജനങ്ങൾക്ക് താൽപര്യമുണ്ട്.

ജില്ലയിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനു ശേഷം വ്യാപകമായ അക്രമം അഴിച്ചുവിടുകയാണെന്ന് സതീശൻ പാച്ചേനി ചൂണ്ടിക്കാട്ടി. ഡിസിസി ജനറൽ സെക്രട്ടറിയും പട്ടുവം ബ്ലോക്ക് ഡിവിഷനിലെ സ്ഥാനാർത്ഥിയുമായ രാജീവൻ കപ്പച്ചേരിയുടെ വീട് അഗ്നിക്കിരയാക്കി. മാതമംഗലം ബ്ലോക്ക് ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി ശ്രീധരൻ ആലംതട്ടയെ ക്രൂരമായി ആക്രമിച്ചു.കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിലെ സ്ഥാനാർത്ഥി ഉഷയുടെയും പരിയാരം പഞ്ചായത്തിലെ ചെറിയൂരിൽ മത്സരിച്ച ശ്രീജയുടെയും വീടിന് നേരെ അക്രമം നടത്തി. ഉഷയുടെ മകൻ വൈഷ്ണവിന് ഗുരുതരമായി പരിക്കേറ്റു.

പിണറായി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് റനിലേഷ് സിപിഎം അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡണ്ട് നടുപ്പുറം ജോസും രണ്ടുമക്കളും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. പാടിയോട്ട് ചാലിലെ നോബിളിന്റെ വീടിന് തീവച്ചു ഓട്ടോറിക്ഷ കത്തി നശിച്ചു.

കടമ്പൂർ മെരുവമ്പായി, മുഴപ്പിലങ്ങാട്,മാനന്തേരിയിലെ വണ്ണാത്തി മൂല, ചെങ്ങളായിലെ തട്ടേരി വാർഡ് എന്നിവിടങ്ങളിൽ യു ഡി എഫ് പ്രവർത്തകർക്ക് നേരെ അക്രമമുണ്ടായി. പതിവിൽ നിന്നും വ്യത്യസ്തമായി വീടുകൾക്കു നേരെ വ്യാപക അക്രമം അഴിച്ചുവിടുമ്പോഴും പൊലിസ് നിഷ്ക്രിയമാണ്. ജില്ലാ പൊലിസ് മേധാവി യതീഷ് ചന്ദ്രയ്ക്ക് നേരിട്ട് പരാതി നൽകിയിട്ടും അക്രമം തുടരുക തന്നെയാണ്.

കണ്ണുരിലെ ക്രമസമാധാന പാലനത്തിൽ പോലീസ് ദയനീയ പരാജയമാണ്. നേതാക്കളെയും സ്ഥാനാർത്ഥികളെയും ആക്രമിച്ച കേസിലും വീട് അക്രമിച്ച കേസിലും പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.

ക്രിമിനലുകളെ തള്ളിപ്പറയാൻ സിപിഎമ്മും തയ്യാറായിട്ടില്ലെന്നത് സ്ഥിതി ഗുരുതരമാക്കുകയാണ്. കടമ്പൂർപഞ്ചായത്തിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയതിൽ അരിശം പൂണ്ട സിപിഎം പ്രവർത്തകർ യുഡിഎഫ് ജാഥയെ ആക്രമിക്കുകയും, മറ്റ് പ്രദേശങ്ങളിൽ നിന്ന് സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകർ നാട്ടിലാകെ ഭീകരമായ അക്രമം നടത്തുകയും ചെയ്തിട്ടും പോലീസ് പ്രതികളെ സംരക്ഷിക്കുകയാണ്.

കൂടാതെ യുഡിഎഫ് പ്രവർത്തകരുടെ വീടുകൾ കയറി റെയ്ഡ് നടത്തുകയും അതിക്രമം നടത്തുന്നതിനും പോലീസ് തയ്യാറാവുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ മണ്ഡലത്തിലെ പഞ്ചായത്തായ കടമ്പൂരിൽ പോലീസ് ഭീകരത നിലനിൽക്കുകയാണ്. അക്രമം നടത്തുന്നവരെ സി.പി.എം നിർദ്ദേശപ്രകാരം സംരക്ഷിക്കുന്ന പോലീസ് നടപടിക്കെതിരെ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്നും സതീശൻ പാച്ചേനി പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

English summary
satheeshan pacheni says cpm have alliance with communal parties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X