പലസ്തീൻ വിഷയത്തിൽകോൺഗ്രസ് നിലപാട് ഘടകകക്ഷിക ൾ പരിശോധിക്കണം : വൃന്ദാ കാരാട്ട്
കണ്ണൂർ: ഇസ്രായേൽ ഫലസ്തീനിൽ നടത്തുന്ന കടന്നാക്രമണങ്ങൾക്കെതിരെ പാർലമെന്റിൽ പ്രമേയം അവതരിപ്പിക്കാൻ നരേന്ദ്ര മോദി സർക്കാർ തയ്യാറാകണമെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു. സി.പി.എം കണ്ണൂർ നഗരത്തിൽ നടത്തിയ ഫലസ്തീൻ ഐക്യദാർഡ്യ റാലിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിന് എതിരായാണ് നരേന്ദ്ര മോദി സർക്കാർ സയണിസ്റ്റുകളെ പിൻതുണയ്ക്കുന്നത്. ഇസ്രായേലിന് അനുകൂലമായ നിലപാട് സ്വീകരിച്ചു കൊണ്ടു രാജ്യത്ത് ഇസ്ലാമോഫോബിയ സൃഷ്ടിച്ചു രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ബി.ജെ.പിയും കേന്ദ്ര സർക്കാരും. ഫലസ്തീനിൽ നടത്തുന്ന ഇസ്രായേൽ കടന്നാക്രമണത്തെ യു.എൻ ഉൾപ്പെടെ അപലപിച്ചതാണ്. ഫലസ്തീൻകാർക്കെതിരെ മാത്രമല്ല അവിടെയുള്ള രണ്ടു ശതമാനം ക്രിസ്ത്യാനികൾക്കുമെതിരെയും ഇസ്രായേൽ അക്രമം നടത്തുകയാണ്. ഈ കാര്യത്തിൽ കോൺഗ്രസ് സ്വീകരിക്കുന്നത് ആത്മാർത്ഥതയോടുള്ള നിലപാടല്ല. രാജ്യസഭയിൽ ഫലസ്തീൻ അനുകൂല പ്രമേയം അനുവദിക്കാൻ സി.പി.എം എം.പി എളമരം കരീം നോട്ടിസ് നൽകി യപ്പോൾ ചേർന്ന യോഗത്തിൽ കോൺഗ്രസ് വിട്ടു നിന്നത് എന്തിനാണെന്ന് അവർ വ്യക്തമാക്കണം. ഈ കാര്യത്തിൽ കേരളത്തിൽ അവരുടെ കൂടെയുള്ള പാർട്ടികൾ ചിന്തിക്കേണ്ടതുണ്ട്.
എക്കാലത്തും സയണിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിച്ചവരാണ് ഇടതു പക്ഷം. രാജ്യത്ത് ഫലസ്തീന് അനുകൂലമായി പിൻതുണ പ്രഖ്യാപിച്ചു റാലികൾ നടത്തിയത് ഇടതുപക്ഷമാണ്. ഇന്ത്യയിലെ ഒറ്റമുഖ്യമന്ത്രി മാത്രമേ ഇത്തരം റാലികളിൽ പ്രസംഗിച്ചിട്ടുള്ളു. അതു കേരളത്തിലെ കമ്യുണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയനാണെന്ന് ഓർക്കണമെന്നും വൃന്ദാ കാരാട്ട് പറഞ്ഞു.. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സമ്മേളനത്തിൽ അധ്യക്ഷനായി. പന്ന്യൻ രവീന്ദ്രൻ , പി.കെ ശ്രീമതി, ഡോ. ഫസൽ ഗഫൂർ ,രാമചന്ദ്രൻ കടന്ന പള്ളി എം.എൽ എ, മൊയ്തു നിസാമി (സമസ്ത) തുടങ്ങി വിവിധ രാഷ്ട്രീയ മത സാമുദായിക സംഘടനാ നേതാക്കൾ പ്രസംഗിച്ചു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ സ്വാഗതം പറഞ്ഞു. കണ്ണൂർ നഗരത്തിൽ സി.പി.എം നടത്തിയ ഫലസ്തീൻ ഐക്യദാർഡ്യ റാലിയിൽ നൂറ് കണക്കിനാളുകൾ അണിനിരത്തു.












Click it and Unblock the Notifications