സിദ്ധാര്‍ത്ഥിന്റെ മരണം: പൂക്കോട് വെറ്റിനറി കോളേജിലെ ഡീനിനെ തെരുവില്‍ നേരിടുമെന്ന് സിപി ജോണ്‍
കണ്ണൂര്‍: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ ദുരൂഹമരണത്തില്‍ അതീവഗുരുതരമായ നിരുത്തരവാദിത്വം കാണിച്ച കോളേജ് ഡീനിന്റെ വീട്ടിലേക്ക് സിഎംപി പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സിപി ജോണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തനിക്ക് സെക്യുരിറ്റി ജോലിയല്ലെന്നാണ് ഡീന്‍ പറഞ്ഞത്. അയാളെ തെരുവില്‍ നേരിടാന്‍ തന്നെയാണ് സിഎംപി യുടെ തീരുമാനം.
മറ്റാരും ഈ കാര്യത്തില്‍ ഇടപെടാത്തതു കൊണ്ടാണ് സിഎംപി തെരുവില്‍ ഇറങ്ങുന്നത്. എങ്ങനെയാണ് ഡീന്‍ പുറത്തിറങ്ങുന്നതെന്നു കാണണം. ലക്ഷങ്ങള്‍ ശമ്പളം വാങ്ങിയിട്ട് ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും വെറുതെ വിടാന്‍ ഉദ്ദ്യേശിക്കുന്നില്ല. ഇതിനായി വേണമെങ്കില്‍ ഗുണ്ടായിസം തന്നെ കാണിക്കുമെന്നും സിപി ജോണ്‍ പറഞ്ഞു. സിഎംപിയുടെ വിദ്യാര്‍ത്ഥി ജനവിഭാഗം മാര്‍ച്ച് ആറിന് പൂക്കോട് വെറ്റിനറി കോളേജില്‍ സമരമാരംഭിക്കും.

താന്‍ നേരിട്ടു തന്നെ ഡീനിന്റെ വീട്ടില്‍ പോയി സെക്യുരിറ്റി പരാമര്‍ശത്തെ കുറിച്ചു സംസാരിക്കുമെന്നും അയാള്‍ക്ക് സെക്യുരിറ്റി നല്‍കാന്‍ പിണറായി വിജയന്റെ പൊലിസിനു കഴിയുമോയെന്ന് നോക്കാമെന്നും സിപി ജോണ്‍ പറഞ്ഞു. ക്യാംപസില്‍ ഒരു വിദ്യാര്‍ത്ഥിയെ രണ്ടു ദിവസം പട്ടിണിക്കിട്ട് തല്ലിക്കൊല്ലുമ്പോള്‍ ക്ളിഫ് ഹൗസിലെ മരപ്പട്ടിശല്യത്തെ കുറിച്ചാണ് മുഖ്യമന്ത്രി പറയുന്നതെന്നും സിപി ജോണ്‍ പറഞ്ഞു.
പ്രതികളെ രക്ഷിക്കുന്നതിനായി മജിസ്ട്രേറ്റിനെ വീട്ടില്‍ പോയി കണ്ട മുന്‍ എംഎല്‍എ സികെ ശശീന്ദ്രന്‍ വിഷം കഴിച്ചു ചാവുന്നതാണ് നല്ലത്. പ്രതികളെ സംരക്ഷിക്കുന്നതിന് സിപിഎം നേതൃത്വം ഒന്നാകെ ശ്രമിക്കുകയാണ്. ശശീന്ദ്രന്‍ ജഡ്ജിനെ കാണാന്‍ പോയത് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും അറിഞ്ഞിട്ടാണ്. ഈ കാര്യത്തില്‍ ഞങ്ങള്‍ക്ക് യാതൊരു സംശയവുമില്ല.
ക്യാംപസുകളില്‍ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ പോരാടി നേടിയ എസ്എഫ്‌ഐയ്ക്ക് മൂല്യച്യുതി വന്നിരിക്കുകയാണ്. മയക്കുമരുന്ന് മാഫിയ കേരളത്തിലെ ക്യാംപസുകളില്‍ പിടി മുറുക്കിയിരിക്കുകയാണ് എന്നും സിപി ജോണ്‍ ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സിഎ അജീര്‍, സി സുനില്‍കുമാര്‍ മാണിക്കര ഗോവിന്ദന്‍, പികെ രവീന്ദ്രന്‍, സുധീഷ് കടന്നപ്പള്ളി, കാഞ്ചന മാച്ചേരി എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications