കണ്ണൂരിൽ ടാങ്കർ ലോറി അപകടത്തിൽപെട്ടു..ഒരു മാസത്തിനിടെ മൂന്നാമത്തെ അപകടം
കണ്ണൂര്‍: ചൊവ്വാഴ്ച്ച പുലര്‍ച്ചെ വീണ്ടും ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടു. കണ്ണൂര്‍ -കാസര്‍കോട് ദേശീയപാതയിലെ പുതിയതെരുവിലാണ് അപകടമുണ്ടായത്. പുലര്‍ച്ചെ നാലരയോടെയാണ് കണ്ണൂര്‍ ഭാഗത്തു നിന്നും മംഗഌരിലേക്ക് പോവുകയായിരുന്ന പാചക വാതക ബുള്ളറ്റ് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് തൊട്ടടുത്ത കടയിലേക്ക് ഇരച്ചു കയറിയത്. നിസാരപരുക്കുകളോടെ ലോറി ഡ്രൈവര്‍ രക്ഷപ്പെട്ടു.
വളപട്ടണം പൊലിസും കണ്ണൂര്‍ ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ലോറിയില്‍ കുടുങ്ങിയ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചു. ഇയാള്‍ക്ക് പരുക്കില്ലെന്നാണ് വിവരം. ലോറിയിടിച്ചു കയറിയ തലശേരിയെന്നു പേരുള്ള ഹോട്ടല്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.ലോക്ഡൗണില്‍ അടച്ചിട്ടതിനാല്‍ ഇവിടെ തൊഴിലാളികളാരുമുണ്ടായിരുന്നില്ല.

അപകടത്തില്‍പ്പെട്ട ലോറി രാവിലെ എട്ടുമണിക്ക് തന്നെ നീക്കം ചെയ്തു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലിസ് പറഞ്ഞു. ചോളാരിയില്‍ നിന്നും മംഗളൂരിലേക്ക് പാചകവാതകം നിറയ്ക്കാനായി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ടാങ്കറില്‍ ഗ്യാസില്ലാത്തതിനാല്‍ കൂടുതല്‍ അപകടസാധ്യതയൊഴിവായി.അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് പെട്രോള്‍ പമ്പടക്കമുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
തുടര്‍ച്ചയായുണ്ടാകുന്ന ടാങ്കര്‍ ലോറി അപകടങ്ങള്‍ കണ്ണൂര്‍ നഗരത്തിന്റെ ഉറക്കം കെടുത്തുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂര്‍ നഗരത്തിനടുത്തെ മേലെചൊവ്വയിലും ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ മതിലിനിടിച്ചിരുന്നു. തലനാരിഴയ്ക്കാണ് ഇവിടെ ദുരന്തം ഒഴിവായത്. കനത്ത മഴയില്‍ നിയന്ത്രണം വിട്ട ലോറിയാണ് അപകടമുണ്ടാക്കിയത്. പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു അപകടം. ഇതിനു മുന്‍പ് രണ്ടാഴ്ച്ച മുന്‍പ് തലശേരി- കണ്ണൂര്‍ ദേശീയ പാതയിലെ ചാല ജങ്ഷനില്‍ നിയന്ത്രണം വിട്ടു മറിഞ്ഞ ടാങ്കര്‍ ലോറി മറിഞ്ഞ് വാതക ചോര്‍ച്ചയുണ്ടായിരുന്നു. ആളുകളെ മാറ്റിപാര്‍പ്പിച്ചും ചോര്‍ച്ചയടച്ചുമാണ് അന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Recommended Video
തുടര്‍ച്ചയായി നടക്കുന്ന ടാങ്കര്‍ ലോറി അപകടങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ ദേശീയപാതയില്‍ പരിശോധന ശക്തമാക്കി. കണ്ണൂര്‍ എ സി പി ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.തുടർ അപകടങ്ങളുടെ പശ്ചാത്തലത്തിൽ ടാങ്കര്‍ ലോറികളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ഭൂരിഭാഗം ടാങ്കറുകളിലും ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്. ചാല ടാങ്കര്‍ ദുരന്തത്തിന് ശേഷം ടാങ്കര്‍ ലോറികളില്‍ ഡ്രൈവറെ കൂടാതെ സഹായി കൂടി വേണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നുവെങ്കിലും നടപ്പിലായില്ല. മൂന്നാമത്തെ അപകടം നടന്ന ദിവസംനടത്തിയ പൊലിസ് പരിശോധനയില്‍ ഡ്രൈവര്‍മാരില്‍ നിന്നും പിഴ ഈടാക്കി താക്കീത് നല്‍കിയാണ് പൊലിസ് വിട്ടയച്ചത്.












Click it and Unblock the Notifications