കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അന്ത്യം ആസന്നം: തേജസ്വി സൂര്യ എം.പി
കണ്ണൂര്‍: ലോകം മുഴുവന്‍ കമ്മ്യൂണിസത്തെ ഉപേക്ഷിച്ചു കഴിഞ്ഞുവെന്നും കേരളത്തിലും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് അന്ത്യം ആസന്നമായിക്കഴിഞ്ഞെന്നും യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ പറഞ്ഞു. കണ്ണൂരില്‍ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിന വാര്‍ഷികത്തോടനുബന്ധിച്ച് യുവമോര്‍ച്ച സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന സ്വജനപക്ഷപാതവും അഴിമതിയും കെടുകാര്യസ്ഥതയും ഇവരുടെ പതനത്തിന് വഴിയൊരുക്കും. ഉദ്യോഗസ്ഥതലത്തിലും ജുഡീഷ്യറിയിലും നിയമപാലന രംഗത്തുമെല്ലാം കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ അതിപ്രസരം കേരളത്തില്‍ നടമാടുകയാണ്. ശ്യാമപ്രസാദ് മുഖര്‍ജിയും ദീനദയാല്‍ ഉപാധ്യായും വീരബലിദാനം നല്‍കി വളര്‍ത്തിയ പ്രസ്ഥാനം കേരളത്തിലും അധികാരത്തില്‍ വരുന്ന കാലം വിദൂരമല്ല.
ലോകത്തെല്ലായിടത്തും കൂട്ടക്കൊലകള്‍ക്കും അക്രമങ്ങള്‍ക്കും നേതൃത്വം കൊടുത്ത ചരിത്രമാണ് കമ്മ്യൂണിസ്റ്റുകളുടേത്. ദശലക്ഷക്കണക്കിനാളുകളെ കൂട്ടകുരുതിക്കിരയാക്കിയ ചരിത്രമുളള ഇവര്‍ എന്നും വികസനങ്ങള്‍ക്കും ക്ഷേമ പദ്ധതികള്‍ക്കും എതിരായിരുന്നു. കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ബാംഗ്ലൂരില്‍ പോകേണ്ടി വന്നു. കേരളത്തില്‍ വ്യവസായങ്ങള്‍ വരുന്നില്ല, നിക്ഷേപങ്ങള്‍ നടക്കുന്നില്ല, തൊഴിലവസരങ്ങള്‍ വരുന്നില്ല. ആകെയുളളത് സര്‍ക്കാര്‍ ജോലിയാണ്. ഇതിലേക്കാവട്ടെ പിന്‍വാതിലിലൂടെ നിയമനം നടക്കുകയാണ്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസം തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. രാജ്യത്തെ മികച്ച നൂറ് സര്‍വ്വകലാശാലകളില്‍ ഒന്നു പോലും കേരളത്തില്‍ നിന്നില്ല. സര്‍വ്വകലാശാലകളുടെ നിലവാരം മെച്ചപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു താല്‍പ്പര്യവുമില്ല. വൈസ് ചാന്‍സിലര്‍ പദവി മാത്രമാണ് ലക്ഷ്യം. വരും തലമുറയുടെ മസ്തിഷ്‌ക്കത്തിലേക്ക് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം തിരുകി കയറ്റുകയെന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണുളളത്. ഭാരതത്തില്‍ എല്ലാ കാലത്തും വികസന പദ്ധതികളെ എതിര്‍ക്കുകയെന്നതായിരുന്നു കമ്മ്യൂണിസ്റ്റ് ചരിത്രം. നര്‍മ്മദ പദ്ധതി മുതല്‍ വിഴിഞ്ഞം പദ്ധതിയെവരെ എതിര്‍ത്താവരായിരുന്നു ഇവര്‍. വികസനം ഉണ്ടായാല്‍ തൊഴിലുണ്ടാകും. ഇതുവഴി ദാരിദ്ര്യം നീങ്ങും. എന്നാല്‍ ദാരിദ്ര്യം നിലനിന്നാലെ കമ്മ്യൂണിസം നിലനില്‍ക്കുയെന്നതിനാല്‍ വികസനത്തെ എതിര്‍ക്കുകയാണ്. ഭാരതീയ സംസ്‌ക്കാരത്തിനും പൈതൃകത്തിനും എല്ലാ കാലത്തും കമ്മ്യൂണിസ്റ്റുകള്‍ എതിരായിരുന്നു. ശബരിമലയിലെ ആചാര ലംഘനത്തിനടക്കം കൂട്ടു നിന്നത് ഇതിനുദാഹരണമാണ്. സംസ്‌ക്കാരത്തേയും ദേശീയതയേയും എതിര്‍ക്കുന്ന ഈ പാര്‍ട്ടിയെ രാജ്യത്ത് നിന്നും ഇല്ലാതാക്കാന്‍ ദേശ സ്നേഹികളായ ഓരോരുത്തരും അവരാല്‍ കഴിയുന്നത് ചെയ്യേണ്ടതുണ്ട്.
23 വര്‍ഷം മുമ്പ് ജയകൃഷ്ണന്‍ മാസ്റ്ററെ കൊലപ്പെടുത്തിക്കൊണ്ട് ദേശീയ പ്രസ്ഥാനങ്ങളേയും പ്രവര്‍ത്തകരേയും എന്നെന്നേക്കുമായി കണ്ണൂരിന്റെയും കേരളത്തിന്റെയും മണ്ണില്‍ നിന്നും ഇല്ലാതാക്കാമെന്ന് മോഹിച്ച കമ്മ്യൂണിസ്റ്റുകള്‍ക്ക് 23 വര്‍ഷങ്ങള്‍ക്കിപ്പുറം ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല സംഘപ്രസ്ഥാനങ്ങളുടെ വളര്‍ച്ച നൂറിരട്ടിയായി വര്‍ദ്ധിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. പരമോന്നതമായ ബലിദാനങ്ങള്‍ സംഘപ്രസ്ഥാനങ്ങളുടെ സംഘടനാ ശക്തിയുടെ അടിസ്ഥാനമാണ്. ബലിദാനികള്‍ ശാരീരികമായി വേര്‍പ്പെട്ടെങ്കിലും അവരുടെ ആത്മാവ്, ശക്തി ഓരോ സംഘപ്രവര്‍ത്തകരുടെയും സംഘ പ്രസ്ഥാനങ്ങളുടേയും കൂടെയുണ്ട്. ആ ശക്തി ദേശ സ്നേഹികളെ ഓരോരുത്തരേയും എല്ലാ കാലത്തും സംരക്ഷണം ഒരുക്കുകയും വഴികാട്ടുകയും ചെയ്യുന്നു. വാളു കൊണ്ടും അഗ്‌നി കൊണ്ടും കാറ്റിനാലും വെളളത്താലും നശിപ്പിക്കാനാവാത്ത ബലിദാനികളുടെ ആത്മാക്കളുടെ ശക്തി എന്നും നമ്മോടൊപ്പമുണ്ടാകും. ആ ശക്തിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് രാഷ്ട്ര വിരുദ്ധ ജന വിരുദ്ധ ശക്തികളെ ഇല്ലായ്മ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.സി.പി. എം എന്തുദ്ദ്യേശത്തിലാണോ കെ.ടി ജയകൃഷ്ണനെ കൊന്നത് അതെല്ലാം അവര്‍ക്കു തന്നെ തിരിച്ചടിയായി മാറിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. കെ.ടി ജയകൃഷ്ണന്‍ ബലിദാനദിനാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ നടന്ന മഹാറാലിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയെന്താണെന്ന് നോക്കണം. ജയകൃഷ്ണനെ കൊന്നുതള്ളുമ്പോള്‍ അവര്‍ക്കുണ്ടായിരുന്ന അഹങ്കാരം ജനങ്ങളിലുണ്ടായിരുന്ന അധീശത്വം ഇന്ന് എവിടെയാണ് അവര്‍ വന്നു നില്‍ക്കുന്നത്. അവരുടെ മുദ്രാവാക്യങ്ങളും ഏതാശയങ്ങള്‍ക്കു വേണ്ടിയാണോ അവര്‍ പോരാടിയിട്ടുള്ളത് മുദ്രാവാക്യം വിളിച്ചിട്ടുള്ളത് ആ ആശയങ്ങളെല്ലാം എവിടെ പോയെന്നു നോക്കണം.ഡി.വൈ. എഫ്. ഐ യുടെ ഏറ്റവും വലിയ മുദ്രാവാക്യമായിരുന്നില്ലേ തൊഴിലില്ലാത്തവര്‍ക്കു തൊഴില്‍ എന്നത് എത്രമാത്രം മുദ്രാവാക്യങ്ങളാണ് അവര്‍ വിളിച്ചിട്ടുള്ളത്. എന്തുമാത്രം സമരമാണ് അവര്‍ നടത്തിയിട്ടുള്ളത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ അധികാരത്തിലേറുമ്പോള്‍ വാഗ്ദ്ധാനം ചെയ്തതല്ലേ അഞ്ചുവര്‍ഷം കൊണ്ടു പത്തുലക്ഷം പേര്‍ക്ക് തൊഴില്‍ എന്നത്. അതെവിടെ പോയെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു. എം.വി രാഘവന്റെ ചരമവാര്‍ഷികവും ഏതാനും ദിവസങ്ങള്‍ക്കു മുന്‍പു സി.പി. എം നേതാക്കള്‍ ഉദ്ഘാടനം ചെയ്യുകയാണ്. ആരാണോ ഡി.വൈ. എഫ്. ഐക്കാരെ കൂത്തുപറമ്പില്‍ വെടിവച്ചുകൊന്നത് അതേ ആളുകള്‍ക്കായി സി.പി. എം പരിപാടികള്‍ സംഘടിപ്പിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.മോദിനിയമിച്ച ഗവര്‍ണറാണ് കേരളത്തിലുള്ളത്. അന്യായനീക്കങ്ങള്‍ ഗവര്‍ണര്‍ എതിര്‍ക്കുകതന്നെചെയ്യും.പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ അഞ്ചുമിനുറ്റ് പോലും വേണ്ടെന്നും കെ.സുരേന്ദ്രന്‍ മുന്നറിയിപ്പു നല്‍കി.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് മനോജ് പൊയിലൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണ ആമുഖ ഭാഷണം നടത്തി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി, ദേശീയ നിര്‍വ്വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്, ദേശീയ സമിതിയംഗം സി.കെ. പദ്മനാഭന്‍, ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, മേഖലാ സെക്രട്ടറി കെ.കെ. വിനോദ്കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിജു ഏളക്കുഴി, എം.ആര്‍. സുരേഷ്, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ലജീഷ്, സംസ്ഥാന ട്രഷറര്‍ അനൂപ് മാസ്റ്റര്‍, സംസ്ഥാനക്കമ്മറ്റിയംഗം അഡ്വ. ജിതിന്‍ രഘുനാഥ്, ബിജെപി കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് അര്‍ച്ചന വണ്ടിച്ചാല്‍, ജില്ലാ വൈസ് പ്രസിഡന്റ് അനൂപ് കല്ലിക്കണ്ടി, ജില്ലാ വൈസ് പ്രസിഡന്റ് അരുണ്‍ ഭരത്, ജില്ലാ സെക്രട്ടറി വി.കെ. സ്മിന്‍തേഷ്, കെ.വി. അര്‍ജുന്‍, അഡ്വ. ആതിര, അനഘ, അക്ഷയ് കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു.
യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അര്‍ജുന്‍ മാവിലക്കണ്ടി സ്വാഗതവും അഡ്വ. കെ. രഞ്ജിത്ത് നന്ദിയും പറഞ്ഞു.
ബലിദാന ദിനാചരണത്തിന്റെ ഭാഗമായി രാവിലെ ജയകൃഷ്ണന്‍ മാസ്റ്ററുടെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ സാംഘിക്കും നടന്നിരുന്നു.