കണ്ണൂര്‍ നഗരത്തില്‍ ലോറി ഡ്രൈവറെ കുത്തിക്കൊന്ന സംഭവം; കേസിലെ പ്രതികളെയും കൊണ്ടു തെളിവെടുപ്പ് നടത്തി
കണ്ണൂര്‍: കണ്ണൂര്‍ നഗരമധ്യത്തില്‍ മോഷണശ്രമത്തിനിടെ ചരക്കുലോറി ഡ്രൈവറെ കുത്തിക്കുന്ന് കേസിലെ പ്രതികളായ മൂന്നുപേരെയും കോടതി റിമാന്‍ഡ് ചെയ്തു. കണിച്ചാര്‍ പൂളക്കുറ്റി സ്വദേശി വടക്കേത്ത് ജിന്റോയെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റ്യാടി കക്കാട്ടേരി പാതിരപ്പട്ട സ്വദേശി കിളാറ്റെമ്മല്‍ വീട്ടില്‍ പി.അല്‍താഫ്(36) ഇപ്പോള്‍ കാഞ്ഞങ്ങാട് ജില്ലാആശുപത്രിക്ക് സമീപം താമസിക്കുന്ന തോയമ്മലിലെ ഇസ്മായില്‍ ക്വാര്‍ട്ടേഴ്‌സിലെ കതിരൂര്‍ വേറ്റുമ്മല്‍ സ്വദേശി രയരോത്ത് ഹൗസില്‍ കെ.ഷബീര്‍, ഇവരൊടൊപ്പം കൊലപാതകത്തിന് കൂട്ടുനിന്ന ഓട്ടൊ ഡ്രൈവറായ കൊളച്ചേരി സ്വദേശി റാഫി (30) എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തത്.
കണ്ണൂര്‍ എ.സി.പി ടി.കെ രത്‌നകുമാറിന്റെ നിര്‍ദ്ദേശാനുസരണം ടൗണ്‍ സ്‌റ്റേഷന്‍ ഇന്‍സ് പെക്ടര്‍ പി. എം ബിനുമോഹന്റെ നേതൃത്വത്തിലുളള പൊലിസ് സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കവര്‍ച്ചാ ശ്രമത്തിനിടെയാണ് ജിന്റോ കൊല്ലപ്പെട്ടത്. ലോറിക്കുളളില്‍ നിന്നും കാല്‍ തുടയില്‍ കുത്തേറ്റതിനെ തുടര്‍ന്ന് ഓടിരക്ഷപ്പെടാനുളള ശ്രമത്തിനിടെയാണ് തളര്‍ന്നു ചോര വാര്‍ന്ന് മരിക്കുന്നത്.

കേസിലെ മുഖ്യപ്രതിയായ അല്‍ത്താഫ് എട്ടിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. കഞ്ചാവ് വില്‍പന,വധശ്രമം, അടിപ്പിടി, മോഷണം തുടങ്ങിയ കേസുകളില്‍ പ്രതിയായ അല്‍ത്താഫ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും നാലുമാസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്.
ഇപ്പോള്‍ കാഞ്ഞങ്ങാട് താമസിക്കുന്ന ഷബീറിനെതിരെ കണ്ണൂര്‍ ടൗണ്‍,വളപട്ടണം, കതിരൂര്‍, ഇരിട്ടി, കല്ലായി സ്‌റ്റേഷനുകളില്‍ കഞ്ചാവ് വില്‍പന, മോഷണം, പിടിച്ചുപറി എന്നീ കുറ്റകൃത്യങ്ങള്‍ക്ക് കേസുണ്ട്. ഏറ്റവും ഒടുവില്‍ അറസ്റ്റിലായ റാഫിയും വിവിധ കേസുകളില്‍ പ്രതിയാണ്.
പ്രതികള്‍ പിടിച്ചുപറി ലക്ഷ്യമിട്ടാണ് മൂന്നുദിവസം മുന്‍പ് കണ്ണൂര്‍ ടൗണിലെത്തിയത്. ലോറിയില്‍ കിടന്നുറങ്ങുകയായിരുന്ന ജിന്റോയെ ഇവര്‍ മോഷണത്തിനിടെയില്‍ അക്രമിക്കുകയായിരുന്നു. എതിര്‍ത്തപ്പോള്‍ കത്തികൊണ്ടു അല്‍ത്താഫ് ലോറിയുടെ കാബിനില്‍ കയറി ജിന്റോയുടെ തുടയില്‍ കുത്തുകയായിരുന്നു. പ്രതികളെയും കൊണ്ടു പൊലിസ് ചൊവ്വാഴ്ച്ച രാവിലെ കൊലനടന്ന കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറിലെ യുദ്ധസ്മാരകത്തിനടുത്ത് തെളിവെടുപ്പ് നടത്തി.












Click it and Unblock the Notifications