നിര്‍മാണം പൂര്‍ത്തിയായ മുഴപ്പിലങ്ങാട്- മാഹി ബൈപ്പാസ് ട്രയല്‍ റണ്ണിനായി തുറന്നു കൊടുത്തു
തലശേരി: നിര്‍മാണം പൂര്‍ത്തിയായ മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ് ട്രയല്‍ റണ്ണിനായി തുറന്നുകൊടുത്തു. മാര്‍ച്ച് ഏഴിന് വൈകുന്നേരം അഞ്ച് മണി മുതല്‍ അഞ്ച് ദിവസത്തേക്കാണ് ബൈപ്പാസ് തുറന്നുകൊടുത്തത്. മുഴുപ്പിലങ്ങാട് മുതല്‍ മാഹി അഴിയൂര്‍ വരെയുള്ള 18.6 കിലോമീറ്റര്‍ ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനായി കാത്തിരിക്കുകയായിരുന്നു.
തലശ്ശേരി, മാഹി നഗരങ്ങളില്‍ പ്രവേശിക്കാതെ കണ്ണൂര്‍ ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് കോഴിക്കോട് ജില്ലയിലെ അഴിയൂരില്‍ എത്തിച്ചേരാം. തലശ്ശേരിയിലെയും മാഹിയിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കിയുള്ള യാത്രയ്ക്കാണ് ബൈപ്പാസ് വഴിതുറക്കുന്നത്. മുഴപ്പിലങ്ങാട്ടുനിന്ന് ധര്‍മടം, എരഞ്ഞോളി, തലശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരില്‍ എത്തിച്ചേരുന്നത്.

ഒരു മേല്‍പ്പാലം, ഒരു റെയില്‍വേ ഓവര്‍ ബ്രിഡ്ജ്, 21 അണ്ടര്‍ പാസുകള്‍, ഒരു ടോള്‍ പ്ലാസ എന്നിവയുള്‍പ്പെടുന്നതാണ് തലശ്ശേരി-മാഹി ബൈപ്പാസ്. ബൈപ്പാസിന്റെ ഇരുഭാഗത്തും 5.5 മീറ്റര്‍ വീതിയിലുള്ള സര്‍വീസ് റോഡുകളുമുണ്ട്. എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇ.കെ.കെ. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനായിരുന്നു നിര്‍മാണചുമതല. 2018-ലാണ് കമ്പനി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയേഴിന് കേരളത്തിലെത്തിയ പ്രധാനമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് കരുതിയിരുന്നുവെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം നടന്നിരുന്നില്ല. മുഴപ്പിലങ്ങാട് നിന്നും അഴിയൂര്‍ വരെ പതിനാല് മിനുട്ടുകൊണ്ടു ബൈപ്പാസ് വഴി സഞ്ചരിച്ചാല്‍ എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ധര്‍മ്മടം, തലശേരി, കൊടുവളളി എന്നിവടങ്ങളിലെ ഗതാഗതകുരുക്ക് ഈ ബൈപ്പാസ് വന്നാല്‍ ഒഴിവാകും.
ഈ നഗരങ്ങള്‍ക്ക് സമാന്തരമായാണ് പുതിയ ബൈപ്പാസ് റോഡ് പോകുന്നത്. കഴിഞ്ഞ ഫെബ്രുവരി 24-നാണ് കരാര്‍ കമ്പനിയില്‍ നിന്നും ദേശീയപാത അതോറിറ്റി ഏറ്റെടുത്തത്. തലശേരി വടക്കുമ്പാട് ബൈപ്പാസിനായി ടോള്‍ ബൂത്തു ഇതിനകം സ്ഥാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications