ഇരിട്ടിയില്‍ പള്ളി കുത്തി തുറന്ന് കവര്‍ച്ച, നേര്‍ച്ചപ്പെട്ടിയില്‍ നിന്നും കാല്‍ ലക്ഷം രൂപ നഷ്ടമായി
ഇരിട്ടി: ഇരിട്ടി ടൗണിലെ നിത്യസഹായ മാത ദേവാലയത്തില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി. പള്ളിയുടെ നിത്യാരാധന ചാപ്പലിന്റെ കതക് പൊളിച്ചു അകത്ത് കടന്ന മോഷ്ടാവ് രണ്ട് നേര്‍ച്ചപ്പെട്ടിയും ഒരു കാരുണ്യ നിധി ബോക്‌സും കുത്തിപ്പൊളിച്ചാണ് പണം കവര്‍ന്നത്.
പള്ളിക്ക് ഉള്ളില്‍ നിന്നും ലോഹത്തില്‍ തീര്‍ത്ത നേര്‍ച്ചപ്പെട്ടി പുറത്തെടുത്തു കൊണ്ടുവന്നു കുത്തിപ്പൊളിക്കുകയായിരുന്നു. ഏകദേശം കാല്‍ ലക്ഷം രൂപ നഷ്ടമായിട്ടുണ്ടെന്നാണ് നിഗമനം. വ്യാഴാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് മോഷണം നടന്നത്. സിസിടിവി കളില്‍ മുഖം തുണികൊണ്ടു മറച്ചിട്ടുള്ള മോഷ്ടാവിന്റെ ചിത്രം തെളിഞ്ഞിട്ടുണ്ട്.

മോഷണം നടക്കുന്ന സമയത്ത് വികാരി ഫാദര്‍ ബിനു ക്‌ളീറ്റസ് മാത്രമാണ് അവിടെയുണ്ടായിരുന്നത്. നല്ല ഉറക്കത്തിനായതിനാല്‍ അദ്ദേഹം മോഷണം നടക്കുന്ന കാര്യം അറിഞ്ഞിരുന്നില്ല. രാവിലെ കപ്യാര്‍ പള്ളി തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. ഇരിട്ടി എസ്.ഐ ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇരിട്ടി ടൗണില്‍ മോഷണം പതിവാകുന്നത് വ്യാപാരികളെയും പ്രദേശവാസികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.
ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ നടന്ന മോഷണത്തില്‍ 25,000 രൂപ നഷ്ടപെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നു വരുന്നതിനിടെയാണ് സമീപത്തുതന്നെ വീണ്ടും മോഷണം നടന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മൊബൈല്‍ ഷോപ്പുകളില്‍ മോഷണം നടത്തിയ അന്തര്‍ സംസ്ഥാന മോഷ്ടാക്കളായ രണ്ടു പേരെ പൊലിസ് അറസ്റ്റുചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഇരിട്ടി നഗരത്തിലെ രണ്ട് ജ്വല്ലറികളിലും മോഷണം നടന്നിരുന്നു.












Click it and Unblock the Notifications