കണ്ണൂരില്‍ കവര്‍ച്ചാ ശ്രമത്തിനിടെ വീട്ടുകാരെ അക്രമിച്ച കേസിലെ രണ്ട് പ്രതികള്‍ അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിനടുത്തെ ചാലാട് കവര്‍ച്ചയ്ക്ക് എത്തിയപ്പോള്‍ ശബ്ദം കേട്ടു ഉണര്‍ന്ന വീട്ടുകാരെ അക്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളും ഏറെക്കാലമായി കണ്ണൂര്‍ ജില്ലയില്‍ താമസിക്കുകയും ചെയ്യുന്ന വാരം മതുക്കോത്തെ പിവി സൂര്യന്‍, വലിയന്നൂരിലെ ആനന്ദന്‍ എന്നിവരെയാണ് ശനിയാഴ്ച്ച രാവിലെ വലിയന്നൂരില്‍ വെച്ചു കണ്ണൂര്‍ ടൗണ്‍ പൊലിസ് പിടികൂടിയത്.
ജൂണ്‍ പതിനാറിന് പുലര്‍ച്ചെ ചാലാട് അമ്പലത്തിന് സമീപം വെച്ചു കെവി കിഷോറിന്റെ വീട്ടിലാണ് പ്രതികള്‍ കവര്‍ച്ചയ്ക്കായി കയറിയത്. ഇതിനിടെയില്‍ ഉണര്‍ന്ന വീട്ടുകാര്‍ കവര്‍ച്ചാ സംഘത്തെ പ്രതിരോധിക്കുകയായിരുന്നു. ഇതിനിടെ കിഷോറിന്റെ ഭാര്യ ലിനി(43) മകന്‍ അഖിന്‍ എന്നിവര്‍ക്ക് പരുക്കേറ്റു. തുറന്നിട്ട അടുക്കള വാതില്‍ വഴി അകത്തേക്കു കയറി മോഷ്ടാക്കള്‍ പാചകം ചെയ്യുകയായിരുന്ന ലിനിയെ തളളിയിട്ടതിനു ശേഷം കഴുത്തിലണിഞ്ഞ സ്വര്‍ണമാല പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ലിനിയുടെ നിലവിളി കേട്ടു മുറിയില്‍ ഉറങ്ങുകയായിരുന്ന മകന്‍ അഖിന്‍ ഓടിവരികയുമായിരുന്നു.

നിലത്തുവീണ അമ്മയെ മോഷ്ടക്കാള്‍ കടന്നാക്രമിക്കുന്നതാണ് അഖിന്‍ കാണുന്നത്. ഉടന്‍ തന്നെ അടുക്കളയിലുണ്ടായിരുന്ന സ്റ്റൂളെടുത്ത് മോഷ്ടാക്കളെ യുവാവ് മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടെ കൈയ്യില്‍ കരുതിയിരുന്ന ഇരുമ്പ് വടി ഉപയോഗിച്ചു മോഷ്ടാക്കളും അഖിനെ തിരിച്ചു മര്‍ദ്ദിച്ചു. അഖിനിന്റെ ഷോള്‍ഡറിന് ഇതുകാരണം പരുക്കേറ്റു.
ഈ സമയം ലിനിയുടെ ഭര്‍ത്താവ് കിഷോര്‍ ബാത്ത്‌റൂമിലായിരുന്നു. വീട്ടുകാര്‍ ഉണര്‍ന്നപ്പോഴും മോഷ്ടാക്കള്‍ അവരെ അക്രമിച്ചു കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം മോഷണ സംഘത്തിലെ മൂന്നാമന്‍ വീടിനു പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നു. ബഹളമുണ്ടായപ്പോള്‍ മൂന്നുപേരും അവിടെ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിനു മുന്‍പായി ഇവര്‍ കിഷോറിന്റെ അയല്‍വാസി രൂപേഷിന്റെ വീട്ടിലും മോഷണ ശ്രമം നടത്തിയിരുന്നു.
പ്രദേശത്തെ ആറോളം സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലിസ് കേസ് അന്വേഷണം മുന്‍പോട്ടുകൊണ്ടു പോയത്. ഒടുവില്‍ പ്രതികളെ തിരിച്ചറിയുകയും അറസ്റ്റു ചെയ്യുകയുമായിരുന്നു. സംഘത്തെ മൂന്നാമനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാള്‍ക്കായി അന്വേഷണമാരംഭിച്ചിട്ടുണ്ടെന്നും കണ്ണൂര്‍ ടൗണ്‍ പൊലിസ് അറിയിച്ചു. കണ്ണൂര്‍ ടൗണ്‍ സി.ഐ ടോണി ജെ.മറ്റം, എസ്. ഐമാരായ സവ്യസാചി, പി.പി ഷമീല്‍, എം. അജയന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.












Click it and Unblock the Notifications