ആറളത്ത് മലമാനിറച്ചി പിടികൂടിയ സംഭവത്തില്‍ സഹോദരങ്ങള്‍ക്കെതിരെ കേസെടുത്തു
ഇരിട്ടി: ആറളം പഞ്ചായത്തിലെ കീഴ്പ്പളളി വിയറ്റ്നാമിലെ വീട്ടില്‍ നിന്നും മലമാനിറച്ചി പിടികൂടിയ സംഭവത്തില്‍ വീട്ടുടമയ്ക്കും സഹോദരനുമെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. കേസിലെ പ്രതികളായ സഹോദരങ്ങള്‍ ഒളിവിലാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊട്ടിയൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുധീര്‍ നാരോത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് വിയറ്റ്നാം ഫോറസ്റ്റ് ഓഫീസിന് സമീപത്തെ ബിജു കുഞ്ഞിക്കണ്ടിപ്പറമ്പിലിന്റെ വീട്ടില്‍ നിന്നും മലമാനിന്റെ ഇറച്ചി പിടികൂടിയത്.
ഫോറസ്റ്റ് അധികൃതര്‍ വീട്ടിലെത്തുമ്പോള്‍ വീട് താഴിട്ട് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് ഡി എഫ് ഓ യുടെ അനുമതിയോടെ ആറളം പോലീസിന്റെ സഹായത്തോടെ പൂട്ട് തകര്‍ത്താണ് അധികൃതര്‍ വീട്ടില്‍ കടന്നത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ വേവിച്ചതും വേവിക്കാത്തതുമായ ഇറച്ചി പിടിച്ചെടുക്കുകയായിരുന്നു.

കൊട്ടിയൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുധീര്‍ നരോത്തിനെക്കൂടാതെ വനം വകുപ്പ് ഉദ്യോഗസ്ഥരായ കെ. ജിജില്‍, പി. പ്രകാശന്‍ , കെ.പി. മഹേഷ് , ആറളം പോലീസ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അപൂര്‍വ്വം മൃഗങ്ങളിലൊന്നാണ് മലമാന്‍. നേരത്തെ ആറളം വനമേഖലയില്‍ കണ്ടുവന്നിരുന്ന മലമാനെ വേട്ടയാടുന്നത് നിയമം മൂലം നിരോധിച്ചതാണെങ്കിലും ഇപ്പോഴും അതു തുടരുകയാണ്. ഇതുകൂടാതെ മറ്റു ജീവികളെയും വേട്ടയാടുന്നുണ്ട്. ഇതിനെതിരെ നടപടി കര്‍ശനമാക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
വേട്ടയാടിപിടിച്ച മലമാനിനെയാണ് കൊന്നു ഇറച്ചിയാക്കിയതെന്നാണ് വിവരം.കര്‍ണാടക വനമേഖലയോട് ചേര്‍ന്നു നില്‍ക്കുന്ന സ്ഥലങ്ങളിലൊന്നാണ് കീഴ്പ്പളളി. ആറളം ഫാം മേഖലയില്‍ നിന്നും ഇവിടേക്ക് വിവിധ മൃഗങ്ങള്‍ കടന്നുവരുന്നത് പതിവാണ്. ഇവയെ വേട്ടയാടിപ്പിടിച്ചു ഇറച്ചിയാക്കി വില്‍പന നടത്തിവരികയായിരുന്നു പ്രതികളെന്നാണ് വനംവകുപ്പിന് ലഭിച്ച വിവരം. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇവരുടെ ബന്ധുവീടുകളിലും തെരച്ചില്‍ ഊര്‍ജജിതമാക്കിയിട്ടുണ്ട്. വന്‍നായാട്ടു സംഘം ആറളം മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യവിവരം നേരത്തെ വനംവകുപ്പിന് ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.












Click it and Unblock the Notifications