കരിങ്കല്‍ ക്വാറിയ്‌ക്കെതിരെ താഴ് വാരം സംരക്ഷണ സമിതി ജനകീയ കണ്‍വെന്‍ഷന്‍ നടത്തി
ഇരിക്കൂര്‍: കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ ക്വാറി മാഫിയ പിടിമുറുക്കുന്നു. മലയോര ജനതയുടെ സൈര്യജീവിതം തകര്‍ക്കുന്ന വിധത്തിലാണ് കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ പ്രളയത്തിനും ഉരുള്‍പൊട്ടലിനും ശേഷം പുതിയ ക്വാറികള്‍ അനുവദിക്കുന്നതില്‍ ജില്ലാഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും രണ്ടുമാസംകഴിഞ്ഞപ്പോള്‍ സ്വമേധയാ പിന്‍വലിക്കുകയായിരുന്നു.
പശ്ചിമ ഘട്ടം മലനിരകളെ കാര്‍ന്നുതിന്നും വിധത്തിലാണ് പരിസ്ഥിതി ലോലപ്രദേശങ്ങളില്‍ ക്വാറി മാഫിയയകള്‍ പ്രവര്‍ത്തിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ മാലൂര്‍, ശ്രീകണ്ഠാപുരം, ഇരിക്കൂര്‍, ഇരിട്ടി ഭാഗങ്ങള്‍ വന്‍കുന്നിടിച്ചില്‍ ഭീഷണിയിലാണുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ യാതൊരു മാനദണ്ഡങ്ങളുമില്ലാതെ പുതിയ ക്വാറികള്‍ക്കായി അനുമതി നല്‍കുകയാണെന്നാണ് പ്രദേശവാസികളുടെ ആരോപണം.

ഇരിക്കൂറിലെ കുയിലൂര്‍ താഴ്‌വാരം പഴയ വില്ലേജോഫീസ് നിവാസികളുടെ സൈ്വര്യ ജീവിതത്തിന് ഭീഷണിയായി കുയിലൂര്‍ ചിരുകണ്ടാപുരം കുന്നില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച കരിങ്കല്‍ ക്വാറിയ്‌ക്കെതിരെ താഴ്‌വാരം സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ താഴ് വാരത്ത് ജനകീയ കണ്‍വെന്‍ഷന്‍ നടത്തി. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും മലബാര്‍ പരിസ്ഥിതി സമിതി ചെയര്‍മാനുമായ ഭാസ്‌ക്കരന്‍ വെളളൂര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഇ. മണിപ്രസാദ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ യാസിറ ടീച്ചര്‍, വാര്‍ഡ് മെമ്പര്‍ ആര്‍. രാജന്‍ , പ്രകാശന്‍ തില്ലങ്കേരി(ബിജെപി) , കെ.വി. ഷിനോജ് , പി.പി. രാഘവന്‍ മാസ്റ്റര്‍(സിപിഎം), രോഹിത് കണ്ണന്‍ (കോണ്‍ഗ്രസ്), ഒ.കെ. ജയകൃഷ്ണന്‍ മാസ്റ്റര്‍(സിപിഐ), എം.കെ. ദിലീപ് കുമാര്‍(ജനതാദള്‍ എസ്), സുരേഷ് മാസ്റ്റര്‍ (ശാസ്ത്ര സാഹിത്യ പരിഷത്ത്) എന്നിവര്‍ സംസാരിച്ചു. വി. ഹരിദാസ് പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി കെ.വി. പ്രസൂല്‍ സ്വാഗതവും ട്രഷറര്‍ അരുണ്‍ കൃഷ്ണന്‍ നന്ദിയും പറഞ്ഞു.
കുയിലൂര്‍ താഴ് വാരം പ്രദേശത്തെ 80ല്‍പരം കുടുംബങ്ങളുടെ സൈ്വര്യ ജീവതത്തിന് ഭീഷണിയായി കുടിവെളള സ്രോതസ്സുകള്‍ ഇല്ലായ്മ ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്ന ക്വാറിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച് നാട്ടിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ അധികൃതരോടാവശ്യപ്പെട്ടു.












Click it and Unblock the Notifications