വിസാ തട്ടിപ്പില്‍ കുടുങ്ങിയത് കൂടുതലും സ്ത്രീകള്‍, ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചെന്ന് പോലീസ്
കണ്ണൂര്‍: യു.കെയില്‍ കെയര്‍ വിസ വാഗ്ദാനം ചെയ്തു സ്്ത്രീകളില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത സ്റ്റാര്‍ നെറ്റ് ഇന്റര്‍ നാഷനല്‍ റിക്രൂട്ട്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്സ്ഥാപനം പ്രവര്‍ത്തിച്ചുവന്നിരുന്നത് ലൈസന്‍സില്ലാതെയാണെന്ന് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞു. കോട്ടയം, എര്‍ണാകുളം, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ കോടികളുടെ പണമിടാപാടാണ് ഈ സ്ഥാപനം കേന്ദ്രീകരിച്ചു നടന്നത്. കഴിഞ്ഞ മാസം 45-ലക്ഷം രൂപ ഈ സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചിരുന്നു.
തിരുവനന്തപുരം സ്വദേശിയായ ഒരാള്‍ക്ക് നല്‍കുന്നതിനാണ് പണം പിന്‍വലിച്ചത്. ലൈസന്‍സില്ലാത്ത സ്ഥാപനം എങ്ങനെയാണ് കോടികളുടെ ഇടപാടുകള്‍ നടത്തിയതെന്ന കാര്യം പൊലിസ് അന്വേഷിച്ചുവരികയാണ്. ബുധനാഴ്ച്ച രാവിലെ സ്ഥാപന ഡയറക്ടറും പയ്യാവൂര്‍ കാക്കത്തോട് സ്വദേശിയുമായ മാത്യൂസ് ജോസ്(31) അറസ്റ്റിലായതോടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി സ്ഥാപനത്തിനെതിരെ പരാതി പ്രവാഹമാണുണ്ടായിരിക്കുന്നത്. ഫോണ്‍ മുഖേനെ വിളിച്ചു നിരവധി പേര്‍ പരാതി നല്‍കിയതായി കേസ് അന്വേഷണം നടത്തുന്ന എ.സി.പി കെവി വേണുഗോപാല്‍ പറഞ്ഞു.

നിലവില്‍ തൃശൂരിലെ വിയ്യൂര്‍, എര്‍ണാകുളം റൂറലിലെ പോത്താനിക്കാട്, പുത്തന്‍ വേലിക്കര, തിരുവനന്തപുരം എന്നിവടങ്ങളില്‍ ഇവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു പൊലിസ് അറിയിച്ചു. ഈ കേസില്‍ എര്‍ണാകുളം തൊടുപുഴ സ്വദേശി നിധിന്‍ഷാ, ഭാര്യ അലിന്‍ സത്താര്‍, കണ്ണൂര്‍ കുടിയാന്‍മല സ്വദേശി സിദ്ധാര്‍ത്ഥ്, കമ്പിനി അധികൃതരായ മാത്യൂസ് ജോസ്, അഭിലാഷ് ഫിലിപ്പ്, സോനുമോന്‍ എന്നിവരായിരുന്നു പ്രതികള്‍. ഇവരെ കൂടാതെ കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു.
കണ്ണൂര്‍ എ.സി.പി വേണുഗോപാല്‍, കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ സുഭാഷ് എന്നിവരാണ് അന്വേഷണം നടത്തിവരുന്നത്. ഗോപാല്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന് വീസാതട്ടിപ്പു നടത്താന്‍ വിദേശസഹായം കിട്ടിയിട്ടുണ്ടെന്നാണ് പൊലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. ബെല്‍ജിയത്തില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി സോനുമോനാനാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് കണ്ടെത്തല്‍. ഇയാളാണ് റിക്രൂട്ട്്മെന്റ് തട്ടിപ്പിന് നേതൃത്വം നല്‍കിയതെന്നാണ് കണ്ടെത്തല്‍. ഇയാളെ കണ്ടെത്തുന്നതിനായി ഇന്റര്‍പോളിന്റെ സഹായം തേടാന്‍ പൊലിസ് തീരുമാനിച്ചിട്ടുണ്ട്. റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ തട്ടിപ്പില്‍ ഇരയായവരില്‍ കൂടുതലും യുവതികളാണെന്നാണ് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുളളത്.












Click it and Unblock the Notifications