വഖഫ് ഭേദഗതി: മുസ്ലിം സമുദായത്തെ സാമ്പത്തികമായി ഇല്ലാതാക്കാനുള്ള നീക്കം: ഹാരിസ് ബീരാന്‍
കണ്ണൂര്‍: വഖഫ് ഭേദഗതി വിഷയം മുസ്ലിം വിഷയമല്ല മറിച്ച് ഭരണഘടന മൗലികാവകാശമായ മതസ്വാതന്ത്രത്തെ നിഷേധിക്കുന്ന ഭരണഘടന വിഷയമാണെന്നും അഡ്വ ഹാരിസ് ബീരാന്‍ എം.പി. ഹിന്ദു മുസ്ലിം വിഷയമാക്കി ഇതിനെ മാറ്റി രാജ്യത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വ്യക്തി നിയമങ്ങളെ ഇല്ലാതാക്കി സിവില്‍ കോഡ് നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ വളഞ്ഞ രീതിയാണ് വഖഫ് ഭേദഗതി നിയമം. പുതിയ വഖഫ് നിയമത്തിലൂടെ പാര്‍ലിമെന്റ് അംഗീകരിച്ച ഓറല്‍ വഖഫ് നിയമവും യൂസിട് ബൈ വഖഫ് നിയമവും ഇല്ലാതാവുന്നു. വഖഫ് ഭൂമിയെ ചൊല്ലി തര്‍ക്കമുണ്ടാവുകയും ഇത് ജില്ലാ കലക്ടര്‍ അംഗീകരിക്കുകയും ചെയ്താല്‍ ഭൂമി സര്‍ക്കാറിന്റേതാവുന്ന നിയമം പ്രാബല്യത്തില്‍ വരികയും ചെയ്യും. വഖഫ് ഭൂമികള്‍ പിടിച്ചെടുത്ത് മുസ്ലിം സമൂഹത്തെ സാമ്പത്തികമായി ഇല്ലാതാക്കാനുള്ള അജണ്ടയാണ് ഇതിന് പിന്നില്‍ എന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന 2024 ലെ വഖഫ് ഭേദഗതി നിയമത്തെ കുറിച്ച് മഹല്ല് ഭാരവാഹികള്‍ക്ക് അവബോധമുണ്ടാക്കുന്നതിന് മുസ്ലിം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വഖഫ് ഭേദഗതി നിയമം 2024 ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുല്‍ കരീം ചേലേരി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.ടി. സഹദുള്ള സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ്ഷാ കേന്ദ്ര വഖഫ് കൗണ്‍സില്‍ മുന്‍ സെക്രട്ടറി ബി എം ജമാല്‍, എന്നിവര്‍ ക്ലാസ് എടുത്തു .












Click it and Unblock the Notifications