ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടയാളുടെ വീട്ടിൽ പോയത് കുടുംബത്തെ ആശ്വസിപ്പിക്കാൻ; കെപി മോഹനൻ
തലശേരി: പാനൂര്‍ മൂളിയത്തോട് ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഷെറിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി കൂത്തുപറമ്പ് എംഎല്‍എ കെപി മോഹനന്‍. ഷെറിന്റെ വീട്ടില്‍ പോയത് വിവാദമാക്കേണ്ടതില്ലെന്ന് കെ പി മോഹനന്‍ പാനൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നാട്ടില്‍ നടക്കുന്ന പൊതുരീതിയുടെ ഭാഗമായാണ് ചടങ്ങുകളില്‍ പങ്കെടുത്തത്. യുവാവിന്റെ മരണത്തില്‍ ദുഃഖിതരായ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനാണ് എംഎല്‍എയെന്ന നിലയില്‍ പോയത്. പോകരുതെന്ന് പറയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല.
ഷെറിന്റെ കുടുംബാംഗങ്ങള്‍ ഇടതനുഭാവികള്‍ ആണെന്നും കെ പി മോഹനന്‍ പറഞ്ഞു.സ്‌ഫോടനത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന സിപിഎം വാദം പൊളിയുന്നതാണ് കെ പി മോഹനന്റെ സന്ദര്‍ശനം. മോഹനന്‍ സംസ്‌കാര ചടങ്ങുകളിലും പങ്കെടുത്തിരുന്നു. ബോംബ് നിര്‍മ്മിച്ചവരുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ആവര്‍ത്തിക്കുന്നതിനിടെയാണ് ഇടതുമുന്നണി എം. എല്‍. എ കെ.പി മോഹനന്റെയും നേതാക്കളുടെ സന്ദര്‍ശനം. പാനൂരില്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടയിലുണ്ടായ സ്‌ഫോടനത്തിലാണ് കൈവേലിക്കല്‍ സ്വദേശി ഷെറിന്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ വിനീഷ് ചികിത്സയില്‍ തുടരുകയാണ്.

ബോംബ് നിര്‍മാണത്തില്‍ പങ്കാളിത്തമുള്ള നാലുപേര്‍ അറസ്റ്റിലുമായി. പാര്‍ട്ടിക്ക് യാതൊരു ബന്ധവും ഇല്ലെന്നാണ് സിപിഎം പ്രാദേശിക ഘടകം മുതല്‍ സംസ്ഥാന നേതൃത്വം വരെ സ്വീകരിച്ച നിലപാട്. പാനൂര്‍ ഏരിയ കമ്മിറ്റി ഇറക്കിയ വിശദീകരണക്കുറിപ്പില്‍ വിനീഷും ഷെറിനും പാര്‍ട്ടി പ്രവര്‍ത്തകരെ അടക്കം ആക്രമിച്ച കേസില്‍ പ്രതികള്‍ ആണെന്നും പരാമര്‍ശിച്ചിരുന്നു. എന്നാല്‍ സംസ്‌കാര ചടങ്ങിന് തൊട്ടുമുന്‍പ് സിപിഎം പ്രാദേശിക നേതാക്കള്‍ ഷെറിന്റെ വീട്ടിലെത്തി.
സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം സുധീര്‍ കുമാര്‍, ചെറുവാഞ്ചേരി ലോക്കല്‍ കമ്മിറ്റി അംഗം എ അശോകന്‍, കെ പി മോഹനന്‍ എന്നിവരാണ് മരിച്ച ഷെറിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചത്. സന്ദര്‍ശനത്തെക്കുറിച്ച് അറിയില്ലെന്നും പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആവര്‍ത്തിച്ചിരുന്നു. അതേസമയം പാര്‍ട്ടിക്ക് ബന്ധമില്ലെങ്കില്‍ കൊല്ലപ്പെട്ടയാളുടെ വീട്ടില്‍ പ്രാദേശിക നേതാക്കള്‍ എന്തിനു പോയെന്നായിരുന്നു പ്രതിപക്ഷനേതാവ് വിഡി സതീശന്റെ വിമര്‍ശനം. എന്നാല്‍ ഇതിനെ ന്യായീകരിച്ചുകൊണ്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തു വന്നതോടെയാണ് സംഭവം രാഷ്ട്രീയ വിവാദമായി മാറിയത്.












Click it and Unblock the Notifications