ആറളത്ത് വീണ്ടും കാട്ടാനയിറങ്ങി: ഫാംഗേറ്റ് സെക്യൂരിറ്റി ജീവനക്കാരന്റെ ബൈക്ക് തകര്‍ത്തു
ഇരിട്ടി: ആറളം വനമേഖലയില്‍ വീണ്ടും കാട്ടാന ആക്രമണം കൊണ്ടു ജനങ്ങള്‍ പൊറുതിമുട്ടുന്നു. വ്യാപകമായ കൃഷിനാശവും വസ്തുവകകള്‍ക്ക് കഷ്ടനഷ്ടവുമാണ് കൂട്ടമായി ഇറങ്ങുന്ന കാട്ടാനകള്‍ വരുത്തിവയ്ക്കുന്നത്. ഇന്ന് പുലര്‍ച്ചെ കാക്കയങ്ങാട് ടൗണിനടുത്തെ പാലപ്പുഴയില്‍ ഫാം ഗേറ്റിനരികെ കാവല്‍ നില്‍ക്കുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്റെ സ്‌കൂട്ടര്‍ കാട്ടാന തകര്‍ത്തു.ഫാം ഗെയ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സതീഷ് നാരായണന്റെ സ്‌കൂട്ടറാണ് കാട്ടാന ഉന്തി മറിച്ചിട്ട് തകര്‍ത്തത്. കാട്ടാനയെ കണ്ട് സതീഷ് നാരായണന്‍ ഓടിരക്ഷപെടുകയായിരുന്നു. അതുകൊണ്ട് ജീവാപായമുണ്ടായില്ല.

ആറളം മേഖലയില്‍ കാട്ടാന ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് ഇതു ആദ്യത്തെ സംഭവമൊന്നുമല്ല. കഴിഞ്ഞ ജനുവരിയില്‍ അത്തിതട്ട് മേഖലയിലിറങ്ങിയ കാട്ടാനകൂട്ടം വ്യാപകമായ നാശനഷ്ടമാണ് വരുത്തിവെച്ചത്. അന്ന് ഇരിട്ടി നഗരസഭയില്‍ ഉള്‍പെടുന്ന പ്രദേശങ്ങളിലാണ് കാട്ടാനക്കൂട്ടമിറങ്ങിയത്. വനംവകുപ് ജീവനക്കാര്‍ കാട്ടാനയെ തുരത്തുന്നതിനിടെ ചാക്കാട് നിര്‍ത്തിയിട്ട ,ജീപ്പ് ആന തകര്‍ത്തിരുന്നു. കൊമ്പുകൊണ്ടു കുത്തിപൊക്കി ഉയര്‍ത്തിയ ജീപ്പ് താഴെ വീഴ്ത്തി തകര്‍ക്കുകയായിരുന്നു. അന്ന് ജീപ്പിലുണ്ടായിരുന്ന കൊട്ടിയൂര്‍ റെയ്ഞ്ചര്‍ സുധീര്‍ നാരോത്തും ഡ്രൈവറും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.
രണ്ടാമതും ജീപ്പ് കുത്തിയുയര്‍ത്താനുളള ശ്രമത്തിനിടെ നാട്ടുകാര്‍ ബഹളമുണ്ടാക്കിയതിനാല്‍ കാട്ടാന പിന്‍തിരിഞ്ഞോടുകയായിരുന്നു.ഈ സമയം അവിടെയുണ്ടായിരുന്ന പൊലിസുകാര്‍ ഓടിരക്ഷപെടുകയായിരുന്നു. ഇരിട്ടി- പേരാവൂര്‍ റോഡില്‍ കാട്ടാനയിറങ്ങി ഗതാഗതം മുടങ്ങുന്നതും ഈ മേഖലയില്‍ നിത്യസംഭവമാണ്. പടക്കം പൊട്ടിച്ചും ചെണ്ടകൊട്ടിയുമാണ് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസഥരും ആനകളെ തുരത്തുന്നത്. കര്‍ണാടക വനമേഖലയുമായി അതിര്‍ത്തി പങ്കിടുന്ന ആറളം ഫാം വനമേഖലയില്‍ പായംപുഴ കടന്നാണ് കാട്ടാനകള്‍ കൂട്ടത്തോടെ എത്തുന്നത്.
ഇരുപതിലേറെ കാട്ടാനകള്‍ എത്തുകയും ജനവാസ കേന്ദ്രങ്ങളായ പായം, ചീക്കാട് എന്നിവടങ്ങളില്‍ ക്യാംപുചെയ്ത സംഭവമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടെ ഒന്‍പതുതവണയാണ് കാട്ടാനകളെ വനംവകുപ്പ് പ്രത്യേക ദൗത്യം മുഖേനെ തുരത്തിവിട്ടത്്. എന്നാല്‍ കര്‍ണാടക വനത്തിലേക്ക് കയറി പോകുന്ന ഇവ പിന്നീട് ഒന്നോ രണ്ടോ ദിവസങ്ങള്‍ കഴിയുമ്പോഴെക്കും തിരിച്ചെത്തുകയാണ് പതിവ്. കഴിഞ്ഞ ആറുമാസത്തിനിടെയില്‍ ഇരിട്ടി താലൂക്കില്‍ ആറു പേര്‍ കാട്ടാനയുടെ അക്രമത്തില്‍ കൊല്ലപെട്ടിട്ടുണ്ട്.












Click it and Unblock the Notifications