വനം വകുപ്പ് സ്പെഷ്യൽ ഡ്രൈവിനെ തോൽപ്പിച്ച് കാട്ടാനക്കുട്ടം: തുരത്തിയോടിച്ച സംഘങ്ങൾ വീണ്ടും തിരിച്ചെത്തി
ഇരിട്ടി: ആറളം ഫാമിലെ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി ജീവന്ഭീ ഷണിയുയർത്തിയ കാട്ടാന കൂട്ടങ്ങളെ വനത്തിലേക്ക് തുരത്തുന്നതിനുള്ള വനം വകുപ്പ് സ്പെഷ്യൽ ഡ്രൈവ് ഫലം കണ്ടില്ല. കഴിഞ്ഞ ദിവസം മണിക്കുറുകളുടെ പരിശ്രമത്താൽ വനത്തിലേക്ക് തുരത്തിയ കാട്ടാക്കുട്ടത്തിലെ ചില സംഘങ്ങൾ ആന മതിൽ തകർത്ത് ഫാമിൽ തിരികെയെത്തിയത് തിരിച്ചടിയായി. ആനകളെ തുരത്താനുള്ള വനം വകുപ്പ് അധികൃതരുടെ ശ്രമം നാലാം ദിവസം അവസാനിപ്പിച്ചു.
ആറളം ഫാമിലെ ഒമ്പതാം ബ്ലോക്കിലെ പൂക്കുണ്ടിൽ രണ്ട് സ്ഥലങ്ങളിലെ ആന മതിൽ തകർത്താണ് ഇവ തിരികെ ഫാമിലെത്തിയത്. ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി നാശം വിതച്ച കാട്ടാന കൂട്ടത്തെ തിങ്കളാഴ്ചയാണ് തിരികെ ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്താനുള്ള ശ്രമം തുടങ്ങിയത്. ആദ്യ ദിവസം 10 ആനകളെയും, രണ്ടാം ദിവസം 14 ആനകളെയും മണിക്കൂറുകളുടെ ശ്രമഫലത്താൽ തിരികെ വനത്തിലേക്ക് തുരത്തി. സ്പെഷ്യൽ ഡ്രൈവിൻ്റെ അവസാന ദിവസവും ആനകൾ തിരികെ പോകാൻ തയ്യാറായിട്ടില്ല ഇതിനിടെയാണ് നേരത്തെ തുരത്തിയ സംഘത്തിൽ പെട്ട രണ്ട് വിഭാഗങ്ങൾ ആന മതിൽ തകർത്ത് തിരികെയെത്തിയത്.

ആറളം ഫാമിൽ കാട്ടാനകളുടെ ആക്രമണത്തിൽ സമീപകാലത്ത് മാത്രം എട്ട് ആദിവാസികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഫാമിൽ ഇപ്പോൾ 30 ഓളം കാട്ടാനകൾ തമ്പടിച്ചിട്ടുണ്ടെന്നാണ് വിവരം. ആറളം, കൊട്ടിയൂർ റേഞ്ചുകളിലെ ആർ.ആർ.ടിമാരും, ഫാം ജീവനക്കാരുമടക്കം 90 ഓളം പേരടങ്ങുന്ന സംഘമാണ് ഡ്രോൺ ഉൾപ്പെടെയുള്ളവയുടെ സഹായത്തോടെ കാട്ടാനകളെ തുരത്തുന്ന ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
വളയംചാൽ മുതൽ രാമച്ചിവരെ വനാതിർത്തിയിലൂടെ നീണ്ടുകിടക്കുന്ന ആനപ്രതിരോധ മതിൽ പ്രദേശങ്ങളിലുള്ളവർക്ക് കാട്ടാനയിൽനിന്നുള്ള രക്ഷാകവചമാണ്. അഞ്ചുവർഷം മുമ്പ് നിരന്തരം കാട്ടാനയുടെ ശല്യത്തിൽ വലഞ്ഞിരുന്ന പ്രദേശത്തെ ജനങ്ങൾക്ക് ആനമതിൽ ആശ്വാസമായിരുന്നു. അവസാനം കാട്ടാനകൾ മതിൽ മറികടന്നെത്തിയത് കഴിഞ്ഞ ദിവസം രാത്രിയാണ്. ഈസാഹചര്യത്തിലാണ് മതിലിന്റെ പരിപാലനവും അറ്റകുറ്റപ്പണികളും കൃത്യസമയങ്ങളിൽ നടത്തണമെന്ന ആവശ്യം ജനങ്ങൾ ഉയർത്തുന്നത്. മഴക്കാലങ്ങളിൽ മണ്ണ് ഒഴുകി മതിലിനുസമീപം കൂടിക്കിടക്കുന്നു.
ഇങ്ങനെ ഒഴുകിയെത്തുന്ന മണ്ണ് വർഷങ്ങൾ കഴിയുന്തോറും തിട്ടകളായി മതിലിനുസമീപം രൂപപ്പെടുകയും മതിലിന്റെ ഉയരം കുറയുകയുംചെയ്യുന്നു. രണ്ടുതവണയും കാട്ടാന മതിൽ മറികടന്നത് മൺതിട്ടകൾ കാരണമായിരുന്നു. കന്നുകാലികളെയും മറ്റും പുഴയിലിറക്കാനായി കല്ലുകളോ മറ്റു സംവിധാനങ്ങളോ മതിലിനരികെ സ്ഥാപിക്കുന്നതും കാട്ടാന മതിൽകടക്കുന്നതിന് കാരണമാകും.
മൺതിട്ടകളും മറ്റും നീക്കംചെയ്യണമെന്നാണ് ആവശ്യമുയരുന്നത്. തുള്ളൽ, വാളുമുക്ക് കോളനിക്ക് സമീപം എന്നിവിടങ്ങളിൽ ആനമതിൽ തകർന്നിട്ടുണ്ട്. കഴിഞ്ഞ വർഷക്കാലത്താണ് മതിൽ തകർന്നത്. ഇത് ഇതുവരെ പുനർ നിർമിച്ചിട്ടില്ല. മതിലിൽ വീണ വിള്ളലുകളും ചെറിയ തകർച്ചകളും അറ്റകുറ്റപ്പണി നടത്തി പരിഹരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
മതിൽ സംരക്ഷിക്കുന്നതിന് കൃത്യമായ ഇടവേളകളിൽ നീരീക്ഷണമേർപ്പെടുത്തണമെന്ന ആവശ്യവുമുയരുന്നുണ്ട്. അഞ്ചുവർഷം മുമ്പാണ് വളയംചാൽ മുതൽ കരിയംകാപ്പ് വരെ 9.25 കിലോമീറ്റർ ദൂരത്തിൽ ആദ്യവും തുടർച്ചയായി കരിയംകാപ്പ് മുതൽ രാമച്ചി വരെ 2.13 കിലോമീറ്റർ ദൂരത്തിലും 10 കോടി രൂപയിലേറെ ചെലവിട്ട് ആനപ്രതിരോധ മതിൽ നിർമ്മിച്ചത്. പദ്ധതിയുടെ പ്രവൃത്തി നടത്തിയത് ഊരാളുങ്കൽ സൊസൈറ്റിയായിരുന്നു. മതിലിന്റെ ഭാഗങ്ങൾ പ്രളയകാലത്ത് തകർന്നിരുന്നതും പുനർ നിർമിച്ചിരുന്നു.












Click it and Unblock the Notifications