മദ്യലഹരിയില്‍ ക്ഷേത്രത്തിലെ നാഗപ്രതിഷ്ഠ തകര്‍ത്ത പേരാമ്പ്ര സ്വദേശിയായ യുവാവ് റിമാന്‍ഡില്‍
ചൊക്ലി: മദ്യലഹരിയില്‍ ചൊക്ളി മേനപ്രം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ നാഗപ്രതിഷ്ഠ തകര്‍ത്ത കേസിലെ പ്രതിയെ പൊലിസ് തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പേരാമ്പ്ര കുത്താളി സ്വദേശി വലിയാടക്കണ്ടി നിജിനെയാണ്(29) ചൊക്ളി എസ്. ഐ സവ്യഷാജി വ്യാഴാഴ്ച്ച രാവിലെ അറസ്റ്റു ചെയ്തു ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കിയത്.
ക്ഷേത്രപറമ്പില്‍ അതിക്രമിച്ച് കയറിയ പ്രതി മേനപ്രത്തെ വേട്ടക്കൊരുമകന്‍ ക്ഷേത്ര നാഗപ്രതിഷ്ഠയാണ് തകര്‍ത്തത്. 27ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ക്ഷേത്രഭാരവാഹികളുടെ പരാതിയില്‍ കേസെടുത്ത പൊലിസ് അന്വേഷണം നടക്കുന്നതിനിടെ യുവാവിനെ കഴിഞ്ഞ ദിവസം രാത്രി റോഡരികില്‍ സംശയകരമായസാഹചര്യത്തില്‍ രാത്രിയില്‍ കണ്ടെത്തിയിരുന്നു.

ഇതിനെ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത ശേഷം ഫോട്ടോയും പേര്‍ വിവരവും ശേഖരിച്ചുവിട്ടയച്ചിരുന്നു. ഇതിനിടെയാണ് ക്ഷേത്രത്തില്‍ നടന്ന അതിക്രമത്തിന്റെ വിവരം പുറത്തുവരുന്നത്. ക്ഷേത്രത്തിന് സമീപത്തെ നിരീക്ഷണക്യാമറ ദൃശ്യം പരിശോധിച്ച പൊലിസ് ദൃശ്യത്തിലെ യുവാവിന്റെ ഫോട്ടോയുമായി സാമ്യം തോന്നിയതോടെ യുവാവിനെ കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു.
ഒടുവില്‍ ക്ഷേത്രത്തിലെ നാഗപ്രതിഷ്ഠ താന്‍ തന്നെയാണ് തകര്‍ത്തതെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു. തലശേരി കോടതിയില്‍ ഹാജരാക്കിയ യുവാവിനെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.
ഇതിനിടെ മറ്റൊരു സംഭവത്തില്‍ പാനൂര്‍ കല്ലിക്കണ്ടി ശ്രീകൃഷ്ണ ക്ഷേത്രത്തിനു നേരെ തീവയ്ക്കാനുളള ശ്രമമുണ്ടായി. അക്രമത്തിനിരയായ ക്ഷേത്രം മുസ്ലിംലീഗ് കൂത്തുപറമ്പ് മണ്ഡലം ജനറല്‍ സെക്രട്ടറി പി.കെ ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. നാട്ടില്‍ കലാപമുണ്ടാക്കാനുളള സാമൂഹ്യദ്രോഹികളുടെ നീക്കത്തിനെതിരെ പൊലിസ് നടപടി ശക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേ സമയം ക്ഷേത്ര ശ്രീകോവിലിന് മുന്‍പില്‍ തീയിട്ട സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പാനൂര്‍ കല്ലിക്കണ്ടി ശ്രീകൃഷ്ണ ക്ഷേത്ര ശ്രീകോവിലിന് മുന്‍പിലാണ് അജ്ഞാതന്‍ തീയിട്ടത്. ബുധനാഴ്ച്ച രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. തുണിയില്‍ മണ്ണെണ്ണ ഒഴിച്ചിട്ടാണ് തീയിട്ടത്.
ശ്രീകോവിലിന് മുന്‍പില്‍ തീകത്തുന്നത് കണ്ടു നാട്ടുകാരാണ് പൊലിസിലും ക്ഷേത്രകമ്മിറ്റിക്കാരെയും വിവരമറിയിച്ചത്. ക്ഷേത്രഭാരവാഹിയുടെ പരാതിയിലാണ് പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചത്. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചുവരികയാണെന്നു പൊലിസ് അറിയിച്ചു.












Click it and Unblock the Notifications