നാണംകെട്ട് ഐഎന്‍എല്‍; കാസര്‍ക്കോട്ടും തമ്മില്‍ തല്ലി, മറുപടിയില്ലാതെ നേതാക്കള്‍, സംഭവം ഇങ്ങനെ
കാസര്‍കോട്: കൊച്ചിയില്‍ സംസ്ഥാന നേതൃ യോഗത്തിനിടെ നടുറോഡില്‍ ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലിയ വാര്‍ത്ത അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാന നേതാക്കള്‍ ചേരിതിരിഞ്ഞ് വാക് പോര് നടത്തിയതിന്റെ പിന്നാലെയായിരുന്നു യോഗം നടന്ന ഹോട്ടലിന് പുറത്തെ കൂട്ടത്തല്ല്. സമാനമായ സംഭവം കാസര്‍കോട്ടും ആവര്‍ത്തിച്ചിരിക്കുകയാണിപ്പോള്‍. ഉദുമയില്‍ ചേര്‍ന്ന ജില്ലാ പ്രവര്‍ത്തക സമിതി യോഗത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.
കാസിം ഇരിക്കൂര്‍ പക്ഷവും വഹാബ് വിഭാഗവും തമ്മിലുള്ള പോര് ഐഎന്‍എല്ലില്‍ രൂക്ഷമാണ്. കാസിം ഇരിക്കൂര്‍ പക്ഷത്തിനൊപ്പം ദേശീയ നേതൃത്വം നിന്നതോടെ വെട്ടിലായിരിക്കുകയാണ് വഹാബ് പക്ഷം. സംസ്ഥാന നേതൃത്വത്തിന് ഇനിയൊന്നും ചെയ്യാനില്ലെന്നും വഹാബ് പക്ഷത്തിന് വേണമെങ്കില്‍ ദേശീയ നേതൃത്വത്തെ സമീപിക്കാമെന്നും കാസിം ഇരിക്കൂര്‍ പക്ഷം വ്യക്തമാക്കിയിരുന്നു. ദേശീയ നേതൃത്വം കാസിം ഇരിക്കൂര്‍ പക്ഷത്തിനൊപ്പമാണ് എന്നാണ് സൂചനകള്‍. കഴിഞ്ഞ ദിവസം കാസര്‍കോട്ടെത്തിയ ദേശീയ അധ്യക്ഷന്‍ പ്രഫ. സുലൈമാന്റെ പ്രതികരണം ഇതിന് ബലമേകുന്നതായിരുന്നു.

ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തുടരവെയാണ് കാസര്‍കോട്ട് പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലിയത്. മെംബര്‍ഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് യോഗം ചേര്‍ന്നതത്രെ. എന്നാല്‍ എല്ലാവര്‍ക്കും അംഗത്വം നല്‍കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടുവെന്നും തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് എത്തിയതെന്നും സൂചനയുണ്ട്. ഞങ്ങള്‍ക്ക് പക്ഷമില്ലെന്നും ഐഎന്‍എല്‍ എന്ന ഒരു പാര്‍ട്ടി മാത്രമാണുള്ളതെന്നും യോഗത്തിനെത്തിയ ചില പ്രവര്‍ത്തകര്‍ പറഞ്ഞു.
എണ്‍പതോളം പേര്‍ യോഗത്തില്‍ പങ്കെടുത്തുന്നു എന്നാണ് വിവരം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് യോഗം നടന്നത് എന്ന ആക്ഷേപവുമുണ്ട്. കഴിഞ്ഞ ദിവസം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത ജില്ലയിലെ ഐഎന്‍എല്‍ പരിപാടിയിലും പരിധിയില്‍ കൂടുതല്‍ പേര്‍ എത്തിയെന്ന ആക്ഷേപം നിലനില്‍ക്കെയാണ് 80ഓളം പേര്‍ പങ്കെടുത്ത ജില്ലാ പരിപാടി ഉദുമയില്‍ നടന്നത്. രണ്ടു പോലീസുകാര്‍ മാത്രമാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്. ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അതേസമയം, പകര്‍ച്ച വ്യാധി നിയമം ലംഘിച്ചതിന് കേസെടുക്കുന്ന കാര്യം പരിശോധിച്ച് തീരുമാനിക്കുമെന്നും പോലീസ് അറിയിച്ചു.
കാസിം ഇരിക്കൂര്‍ പക്ഷമാണ് സംസ്ഥാന വ്യാപകമായി മെംബര്‍ഷിപ്പ് വിതരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. കോഴിക്കോട്ടും പിന്നീട് ആലുവയിലും ചേര്‍ന്ന നേതൃ യോഗങ്ങളിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മെംബര്‍ഷിപ്പ് വിതരണം നടക്കുന്നതെന്ന് കാസിം ഇരിക്കൂര്‍ പക്ഷം പറയുന്നു. മുസ്ലിം ലീഗിന്റെ ചിലരാണ് ഐഎന്‍എല്ലില്‍ ഭിന്നത രൂക്ഷമാക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.












Click it and Unblock the Notifications