നാളെയും റെഡ് അലർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കാസർഗോഡ് കളക്ടർ
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ അറിയിച്ചു. അതേസമയം മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.
ജില്ലയിൽ ഇന്നും നാളെയും റെഡ് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്. അതേസമയം ഫെന്‍ജാൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഇന്ന് ഉച്ചയോടെ വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ചുഴലിക്കാറ്റ് ഇന്ന് വൈകീട്ടോട് കൂടി കര്‍ണാടകത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് മംഗലാപുരത്തിലൂടെ കണ്ണൂര്‍, കാസര്‍കോഡ് ഉള്‍പ്പെടെ വടക്കന്‍ കേരളത്തിലൂടെ അറബിക്കടലിലേക്ക് പോകും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ചൊവ്വാഴ്ച ഉച്ചവരെ വടക്കൻ കേരളത്തിൽ മഴ കനക്കുമെന്ന് മന്ത്രി എ രാജൻ അറിയിച്ചു. സാഹചര്യം നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി.
എൻഡിആർഎഫിന്റെ നാല് ടീമുകൾ ഇപ്പോൾ തന്നെ കേരളത്തിൽ ഉണ്ട്. രണ്ട് ടീമുകളെ ശബരിമലയിൽ വിന്യസിച്ചിട്ടുണ്ട്.ഐടിവിപിയുടെയും സിആര്‍പിഎഫിന്റെയും ബിഎസ്എഫിന്റെയും ആര്‍മിയുടേയും ടീമുകള്‍ സജ്ജമാണ്. നിലവിൽ അവരെ വിന്യസിക്കേണ്ട സാഹചര്യം ഇല്ല. ഈ ടീമുകളെ ആവശ്യമെങ്കിൽ വടക്കൻ കേരളത്തിൽ വിന്യസിക്കുമെന്ന് മന്ത്രി പറഞ്ഞു.
അതേസമയം കാസർഗോഡ് കൂടാതെ നാളെ കണ്ണൂരിലും റെഡ് അലർട്ട് ആണ്. മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണെന്ന് കാലവസ്ഥ വകുപ്പ് അറിയിച്ചു. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണമെന്നും വകുപ്പ് നിർദ്ദേശിച്ചു.












Click it and Unblock the Notifications