തിരുവോണം ബംബർ കാസർഗോഡേക്ക് പോകുമോ?; വിവിധ ജില്ലകളിൽ നിന്നും കൂട്ടത്തോടെ എത്തി ഏജന്റുമാർ
കാസർഗോഡ് തിരുവോണം ബംമ്പർ വിൽപന പൊടി പൊടിക്കുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച വരെ 1.22 ലക്ഷം ടിക്കറ്റുകളാണ് ജില്ലയിലെ ലോട്ടറി ഓഫീസുകളിൽ വിതരണം ചെയ്തത്. മറ്റ് ജില്ലകളിൽ നിന്നടക്കം കാസർഗോഡേക്ക് ടിക്കറ്റ് വാങ്ങാൻ ഏജന്റുമാർ എത്തുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്.
വിദ്യാനഗറിലെ ജില്ലാ ഓഫിസിൽ 90840 ടിക്കറ്റുകളും കാഞ്ഞങ്ങാട് സബ് ഓഫിസിൽ 32080 ടിക്കറ്റുകളാണ് ശനിയാഴ്ച ഒരു മണിവരെ വിറ്റ് പോയത് കഴിഞ്ഞ വർഷം 2.45 ലക്ഷം ടിക്കറ്റുകളാണ് ജില്ലയിലെ രണ്ടു ഓഫിസുകളിലൂടെ വിറ്റത്. ഇത്തവണ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റുപോകുമെന്ന് തന്നെയാണ് അധികൃതർ പറയുന്നത്.

കാസർകോഡെ ബമ്പർ ടിക്കറ്റിനായി മറ്റ് ജില്ലകളിൽ നിന്നും ഏജന്റുമാർ എത്തുന്നുണ്ടത്രേ. അതുകൊണ്ട് തന്നെ ഈ മാസം കഴിയുമ്പോഴേക്കും ടിക്കറ്റ് വിൽപന കുതിച്ചുയരുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതേസമയം സംസ്ഥാനത്ത് ഓണം ബംമ്പറിന് ആവശ്യക്കാർ ഏറുകയാണ്. തിരുവോണ ദിനത്തിൽ മാത്രം നിരവധി ടിക്കറ്റുകളാണ് വിറ്റുപോയതെന്ന് ലോട്ടറി കടക്കാർ പറയുന്നു. 500 രൂപയാണ് ടിക്കറ്റ് വിലയെങ്കിലും അടിക്കുന്നത് കോടികൾ ആണെന്നതിനാൽ പണം മുടക്കാൻ ആളുകൾ മടിക്കുന്നില്ലെന്നാണ് കടക്കാർ പറയുന്നത്. മാത്രമല്ല കൂടുതൽ സമ്മാനങ്ങൾ ഉണ്ടെന്നതും ആളുകളെ ഭാഗ്യപരീക്ഷണത്തിന് പ്രേരിപ്പിക്കുന്നുണ്ടെന്നും ഇവർ പറയു്നനു.
ഓണം ബമ്പർ ഒന്നാം സമ്മാനം 25 കോടിയാണ്. ഇത്തവണ 20 പേർക്കാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിക്കുക. മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ഓരോ പരമ്പരകൾക്കും രണ്ടു വീതം സമ്മാനമെന്ന കണക്കിൽ 20 പേർക്ക് ലഭിക്കും. ഓരോ പരമ്പരയിലും 10 പേർക്കു വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങൾ. സമാശ്വാസ സമ്മാനമായി ഒൻപതു പേർക്ക് അഞ്ചു ലക്ഷം രൂപ വീതം ലഭ്യമാകും. ബിആർ 99 ഓണം ബമ്പർ നറുക്കെടുപ്പിന് 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്
കഴിഞ്ഞ തവണ ഓണം ബംമ്പർ തമിഴ്നാട് സ്വദേശികളായ നാല് പേർക്കാണ് ലഭിച്ചത്. ഇത്തവണ തമിഴ്നാട്ടിൽ നിന്നും ലോട്ടറി വാങ്ങാനായി കൂട്ടത്തോടെ ആളുകൾ എത്തുന്നുണ്ടെന്ന് വാളയാർ അതിർത്തിയിൽ നിന്നുള്ള കടക്കാർ പറഞ്ഞിരുന്നു.












Click it and Unblock the Notifications